ന്യൂദല്‍ഹി: നിലവില്‍ ആഗോള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കരുത്തുള്ള ഏക ലോകവേദി ജി 20 ആണെന്നും ഉച്ചകോടിയുടെ സമര്‍ത്ഥമായ നടത്തിപ്പിലൂടെ നരേന്ദ്ര മോദി യഥാര്‍ത്ഥ നായകനായി മാറിയെന്നും ലോകപ്രശസ്ത ബ്രിട്ടീഷ് സാമ്പത്തിക വിദഗ്ധന്‍ ജിം ഒ നീല്‍. ബ്രിക്‌സ് എന്ന പദം സംഭാവന ചെയ്തതിന്റെ പേരില്‍ പ്രശസ്തനായ നീല്‍ പ്രോജക്ട് സിന്‍ഡിക്കേറ്റില്‍ എഴുതുന്ന കോളത്തിലാണ് പരാമര്‍ശം.
വെല്ലുവിളികളെ നേരിടാനുള്ള വിശ്വാസ്യതയോ ശേഷിയോ ബ്രിക്‌സിനോ ജി7നോ ഇല്ലെന്ന് ഒ നീല്‍ ചൂണ്ടിക്കാട്ടി. ജി 20 ഉച്ചകോടിയില്‍ നിന്നുയര്‍ന്ന സംയുക്ത പ്രഖ്യാപനം ആഗോള പ്രശ്‌നങ്ങള്‍ക്ക് യഥാര്‍ത്ഥ പരിഹാരങ്ങളിലേക്കുള്ള ദിശാസൂചിയാണ്.
ജി 20യുടെ വരവോടെ ജി 7ഉം ബ്രിക്സുമൊക്കെ സൈഡ് ഷോകള്‍ മാത്രമായി. ഈ നിലയിലേക്ക് ജി20യെ മാറ്റിയെടുക്കുന്നതില്‍ ഭാരതത്തിന്റെയും അമേരിക്കയുടെയും പങ്ക് ഏറെ പ്രശംസിക്കേണ്ടതാണ്.
കാലാവസ്ഥാ വ്യതിയാനം, നവീകരിച്ച ലോകബാങ്കിന്റെ ആവശ്യകത, പകര്‍ച്ചവ്യാധി നിയന്ത്രണം, സാമ്പത്തിക സ്ഥിരത, ഉക്രൈനിലെ യുദ്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള യോജിച്ച ശ്രമത്തിന്റെ ആദ്യപടിയായിരിക്കും ന്യൂദല്‍ഹി പ്രഖ്യാപനം. ജി20 ഉച്ചകോടിയുടെ വിജയം പ്രധാനമന്ത്രി മോദിയെ വിജയിയാക്കുന്നു.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങിനെക്കാള്‍ കാഴ്ചപ്പാടുള്ള രാഷ്‌ട്രതന്ത്രജ്ഞനാണ് മോദി. ആഫ്രിക്കന്‍ യൂണിയനെ ജി20ല്‍ ഉള്‍പ്പെടുത്തിയ നീക്കം പ്രധാനമന്ത്രി മോദിക്ക് വ്യക്തമായ നയതന്ത്ര വിജയം നല്കുന്നു, ഗ്ലോബല്‍ സൗത്തിന്റെ ചാമ്പ്യന്‍ എന്ന പ്രതിച്ഛായ ഉറപ്പിക്കാന്‍ ഇത് അദ്ദേഹത്തെ സഹായിച്ചിട്ടുണ്ട്.
യുദ്ധത്തെക്കുറിച്ചുള്ള ജി 20 നിലപാട് ഉക്രൈനിലെ നേതാക്കള്‍ക്ക് ഇഷ്ടപ്പെടുന്ന തലത്തിലേക്ക് ഉയര്‍ന്നില്ലെങ്കിലും, അന്തര്‍ദ്ദേശീയമായി അംഗീകരിക്കപ്പെട്ട അതിര്‍ത്തികള്‍ ലംഘിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ശക്തമായ സന്ദേശം നല്കുന്നുണ്ട്. ബ്രിക്‌സ് സുഹൃത്തുക്കളില്‍ നിന്ന് ഉപരിപ്ലവമായ പിന്തുണ പോലും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ന്യൂദല്‍ഹി പ്രഖ്യാപനം റഷ്യന്‍ പ്രസിഡന്റ് പുടിനെ ഓര്‍മ്മിപ്പിക്കുന്നുണ്ട്, നീല്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: