പല കോണ്‍ഗ്രസ് നേതാക്കളും ഇപ്പോള്‍ തലയില്‍ മുണ്ടിട്ട് നടക്കാത്തത് മുഖ്യമന്ത്രിയുടെ നിലപാടുകൊണ്ടാണെന്ന് പറഞ്ഞത് എ.കെ.ബാലന്. തറപ്പിച്ചും ഉറപ്പിച്ചും പറയുന്നത് കോണ്ഗ്രസുമാരുടെ തട്ടുംപുറത്തിട്ട കോണകം പോലുള്ള
നിലപാടാണെന്നാര്ക്കാണറിയാത്തത്. സോളാര്‍ കേസാണ് വിഷയം. സിബിഐ അന്വേഷണ റിപ്പോര്‍ട്ടാണ് പ്രശ്നം. റിപ്പോര്‍ട്ട് കോടതിക്ക് നല്‍കിയത് നിയമസഭയില്‍ ചര്‍ച്ച നടത്തി. കേസില്‍ സിബിഐ തുടരന്വേഷണം നടത്തണമെന്നാണ് വി.ഡി. സതീശന് പറയുന്നത്. സതീശന് പറയുന്നതില്‍ ഉറച്ചുനില്ക്കുന്നെങ്കില് പരാതി നല്‍കൂ എന്ന് മുഖ്യമന്ത്രി വെല്ലുവിളിച്ചു. കോഴിയുടെ അന്യായത്തില്‍ കുറുക്കന് ന്യായാധിപനായാലെങ്ങിനെ. അതാണിപ്പോഴത്തെ പ്രശ്നം. ബാലന് ചോദിക്കുന്നതും അതാണ്.
ഉമ്മന്‍ ചാണ്ടിയുമായി ബന്ധപ്പെട്ട വിവാദം എവിടെയെങ്കിലും അവസാനിപ്പിക്കണമല്ലോ. അദ്ദേഹം ഒന്നു ശാന്തമായി ഉറങ്ങാന്‍ പോലും ഇവര്‍ സമ്മതിക്കില്ലല്ലോ. എന്തു ക്രൂരതയാണ് ആ മനുഷ്യനോട് ഇവര്‍ ചെയ്യുന്നത് എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണിത്.
പിന്നെ മുഖ്യമന്ത്രിയാകുന്നതിനു വേണ്ടി വേഷം കെട്ടിയ പലരുമുണ്ട്.
തിരുവഞ്ചൂരിനെതിരായി കെ.സി.ജോസഫും കെ.സി.ജോസഫിനെതിരായി തിരുവഞ്ചൂരും പറഞ്ഞ കാര്യം ഒരുമിച്ച് പൊതുസമൂഹത്തില്‍ കൊണ്ടുവരുന്നതിനുള്ള ഇടപെടല്‍ വേണമല്ലൊ. ഇതില്‍ ഒരു പേടിയുമില്ല. എന്നാണ് ബാലന്റെ വാദം. കാരണം സിബിഐയുടെ റിപ്പോര്‍ട്ടില്‍ ഒരു സ്ഥലത്തും സിപിഎമ്മിനെ കുറിച്ച് പറയുന്നില്ല. ഗൂഢാലോചനയുണ്ട് എന്ന് പറയുന്നുണ്ടെങ്കില്‍ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അന്വേഷണത്തിന്റെ പേരില്‍ മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ പറ്റൂ. ആ തുടര്‍ നടപടികള്‍ എന്തായിരിക്കണമെന്ന് അതില്‍ പറയുന്നില്ല. ഈ തുടര്‍നടപടികളെ കുറിച്ച് ഇവര്‍ പറയുന്നത് ഇപ്പോള്‍ ഒരു അന്വേഷണവും വേണ്ട എന്നാണ്.
”ഒരു അന്വേഷണവും വേണ്ട എന്ന് എം.എം.ഹസ്സന് പറയുന്നു, ഇത് മലര്‍ന്നു കിടന്ന് തുപ്പലാകും. ഇത് വടി കൊടുത്ത് അടി വാങ്ങുന്നതാണെന്ന് ബാലന് നേരത്തെ പറഞ്ഞതാണ്. ഒരു കാര്യം ഓര്‍ത്തോളൂ ഇപ്പോള്‍ പല കോണ്‍ഗ്രസ് നേതാക്കളും തലയില്‍ മുണ്ടിട്ടു നടക്കാത്തത് മുഖ്യമന്ത്രിയുടെ അന്തസ്സുള്ള രാഷ്ട്രീയം കാരണമാണ്”–എന്നുവച്ചാല്‍ ഏഴുവര്‍ഷം മുമ്പെത്തിയ നിലപാടാകെ വിഴുങ്ങി എന്നര്‍ത്ഥം. അല്ലെങ്കില്‍ പുതുപ്പള്ളി ഫലം ഇടതുപക്ഷത്തെ നിശ്ചലമാക്കി എന്നുതന്നെ പറയാം. കേരളത്തെ ഒരു ദിവസം തിരുവനന്തപുരത്തെത്തിച്ച് സെക്രട്ടേറിയറ്റിനെ ശ്വാസം മുട്ടിച്ചതെന്തിനാണെന്ന് ഇനിയെങ്കിലും പറയണ്ടെ. പരാതിക്കാരിയും അഭിഭാഷകന് ഫെന്നിയും നന്ദകുമാറും പറയുന്നത് പാടേ മറക്കാനൊക്കുമോ?
ഉമ്മന്‍ചാണ്ടിയുടെ പേര് സോളര്‍ കേസ് പരാതിക്കാരി എഴുതിയ ആദ്യ നിവേദനത്തില്‍ ഇല്ലായിരുന്നെന്നും, പിന്നീട് കൂട്ടിച്ചേര്‍ത്തത് ഗണേഷ് കുമാര്‍ എംഎല്‍എയുടെ ബന്ധുവായ ശരണ്യ മനോജിന്റെ നേതൃത്വത്തിലാണെന്നും പരാതിക്കാരിയുടെ മുന്‍ അഭിഭാഷകന് ഫെനി ബാലകൃഷ്ണന് പറഞ്ഞത് അതല്ലെ. കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാണിയുടെ പേരും ആദ്യ നിവേദനത്തില്‍ ഇല്ലായിരുന്നു. ഗണേഷ് പീഡിപ്പിച്ചതായി ആദ്യ നിവേദനത്തില്‍ പരാതിക്കാരി വ്യക്തമാക്കിയിരുന്നെന്നും ഇത് പിന്നീട് ഒഴിവാക്കിയെന്നും ഫെനി പറയുന്നു.
പരാതിക്കാരി തനിക്കു നല്‍കിയത് കത്തല്ലെന്നും നിവേദനത്തിന്റെ കരടായിരുന്നെന്നും 21 പേജുള്ള നിവേദനം പത്തനംതിട്ട സബ് ജയിലില്‍വച്ചാണ് സരിത നല്‍കിയതെന്നുമാണ് പറഞ്ഞത്. സബ് ജയിലിലെ രേഖകളില്‍ 21 പേജുള്ള നിവേദനമാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പരാതിക്കാരിയുടെ നിര്‍ദേശപ്രകാരമാണ് ഗണേഷിന്റെ പിഎ പ്രദീപിനെ നിവേദനം ഏല്പിച്ചത്. പ്രദീപ് ജയിലിനു മുന്നില്‍ വരുമെന്ന് പരാതിക്കാരി പറഞ്ഞിരുന്നു. പ്രദീപുമായി തിരുവനന്തപുരത്തേക്ക് പോകുമ്പോഴാണ് നിവേദനം വായിക്കുന്നത്. നിവേദനത്തില്‍ ഉമ്മന്‍ചാണ്ടിയുടേയോ ജോസ് കെ.മാണിയുടേയോ പേരില്ലായിരുന്നു. ഗണേഷിന്റെ പേര് നിവേദനത്തിലുള്ള കാര്യം ശരണ്യമനോജിനോടും പ്രദീപിനോടും പറഞ്ഞിരുന്നു.
പരാതിക്കാരി ജയിലില്‍നിന്ന് ഇറങ്ങി 6 മാസം ശരണ്യ മനോജിന്റെ വീട്ടിലാണ് താമസിച്ചത്. ഗണേഷിന്റെ നിര്‍ദേശപ്രകാരം പരാതിക്കാരി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനം നടത്തുന്നതായി ശരണ്യ മനോജ് പറഞ്ഞതാണ്.
സോളാര്‍ കേസുമായി ബന്ധപ്പെട്ട കത്ത് പുറത്തുവരണമെന്നും കലാപമാകണമെന്നും യുഡിഎഫിലെ രണ്ട് ആഭ്യന്തര മന്ത്രിമാര്‍ ആഗ്രഹിച്ചെന്നും ഇതാണു 2016ല്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്കു കാരണമായതെന്നും ദല്ലാള്‍ നന്ദകുമാര്‍ ആരോപിച്ചിരുന്നു. മൂന്നു പേര് മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചതോടെയാണ് ഉമ്മന്‍ ചാണ്ടിയെ തേജോവധം ചെയ്യാന്‍ ആരംഭിച്ചതെന്നും നന്ദകുമാര്‍ ആരോപിച്ചു. തിരുവഞ്ചൂരും ചെന്നിത്തലയും തടിയൂരാന്‍ പാടുപെടുകയാണ്.
സോളര്‍ കേസിലെ പരാതിക്കാരി ജയിലില്‍ വച്ച് എഴുതിയ കത്തിനെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയനുമായും മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനുമായും സംസാരിച്ചിരുന്നുവെന്ന് ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞിട്ടുണ്ട്. എകെജി സെന്ററിനടുത്തുള്ള ഫഌറ്റില്‍ വച്ചാണ് പിണറായി വിജയനെ കണ്ടതെന്നും നന്ദകുമാര്‍ പറഞ്ഞു. പിണറായി അന്ന് പാര്‍ട്ടി സെക്രട്ടറിയാണ്.
പരാതിക്കാരിക്ക് 1.25 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. കത്ത് പുറത്തുവിടണമെന്നു തോന്നിയത് ഉമ്മന്‍ ചാണ്ടിയുടെ പേര് അതില്‍ ഉണ്ടായിരുന്നതു കൊണ്ടാണ്. രണ്ട് സിബിഐ കേസുകളില്‍ ഉമ്മന്‍ ചാണ്ടി എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. രണ്ടു കത്തുകളുണ്ട്. 25 പേജുള്ള കത്താണ് ഒറിജിനല്‍ എന്നാണ് കരുതുന്നത്.
”കത്ത് സംഘടിപ്പിക്കാന്‍ വി.എസ്.അച്യുതാനന്ദന് പറഞ്ഞു. അതുപ്രകാരമാണ് ശരണ്യ മനോജിനെ ബന്ധപ്പെട്ടത്. കത്ത് എനിക്കു നല്‍കിയത് ശരണ്യ മനോജാണ്. കത്തു നല്‍കിയതിന് മാധ്യമപ്രവര്‍ത്തകനില്‍നിന്ന് പണം കൈപ്പറ്റിയില്ല. ബെന്നി ബഹനാനും തമ്പാനൂര്‍ രവിയും മറ്റും അമ്മയുടെ ചികിത്സയക്ക് പണം നല്‍കാമെന്നു പറഞ്ഞ് പരാതിക്കാരിയെ കഷ്ടപ്പെടുത്തി. ഇതിനു ശേഷമാണ് ചികിത്സയ്ക്കാവശ്യമായ പണം അവര്‍ക്കു നല്‍കിയത്. പിണറായിയെ കണ്ട് കത്തിലെ വിവരങ്ങള്‍ ധരിപ്പിക്കുകയും കത്ത് വായിക്കാന്‍ വി.എസ്.അച്യുതാനന്ദന് നല്‍കുകയും ചെയ്തു.
പിണറായി വിജയന് മുഖ്യമന്ത്രിയായി മൂന്നു മാസം കഴിഞ്ഞ് പരാതിക്കാരി നല്കിയ പരാതിയില്‍ സാമ്പത്തികമായും ശാരീരികമായും ഉമ്മന്‍ ചാണ്ടി ദുരുപയോഗിച്ചു എന്നു പറയുന്നു. വീണ്ടും തെരഞ്ഞെടുപ്പായപ്പോള്‍ കേസ് സിബിഐയ്ക്ക് വിട്ടു. 2016 ല്‍ 74 സീറ്റില്‍ ജയിക്കുമെന്ന് ഉമ്മന്‍ ചാണ്ടി വിമാനത്തില്‍ വച്ച് പറഞ്ഞു. ഐജി ഹേമചന്ദ്രന് നല്കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം പറഞ്ഞത്. ഇതില്‍ ആര് പറയുന്നതാണ് ശരി. ആരുപറയുന്നതാണ് തെറ്റ് എന്നതാണ് ചോദ്യം. ഏതായാലും രണ്ടുമുന്നണികളും ചേര്‍ന്ന് ജനങ്ങളെ വിഡ്ഡികളാക്കുകയാണ്. അന്വേഷണം നടത്താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കാത്ത പ്രതിപക്ഷം, ആവശ്യപ്പെടാതെ അന്വേഷിക്കാന്‍ തയ്യാറാകാത്ത ഭരണകക്ഷിയും. എന്താ അല്ലെ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: