ന്യൂദല്‍ഹി: നിപ വൈറസ് ബാധിതരുടെ ചികിത്സക്കായി 20 ഡോസ് മോണോക്ലോണല്‍ ആന്റിബോഡി മരുന്നിന് ഓര്‍ഡര്‍ നല്‍കിയതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) ഡയറക്ടര്‍ ജനറല്‍ ഡോ. രാജീവ് ബഹല്‍.
ഓസ്ട്രേലിയയില്‍ നിന്നാണ് മരുന്നു വാങ്ങുന്നത്. 2018ല്‍ നിപ സ്ഥിരീകരിച്ചപ്പോഴും അവിടെ നിന്നാണ് മരുന്ന് എത്തിച്ചത്. നിലവില്‍ പത്തു രോഗികള്‍ക്കുള്ള മരുന്നാണുള്ളത്. രാജ്യത്ത് ഇതുവരെ ഒരു രോഗിക്കും മോണോക്ലോണല്‍ ആന്റിബോഡി നല്‍കിയിട്ടില്ല.
അണുബാധയുടെ പ്രാരംഭഘട്ടത്തില്‍ തന്നെ ഈ മരുന്ന് രോഗികള്‍ക്ക് നല്‍കണം. നിപ വൈറസ് ബാധിച്ച 14 രോഗികള്‍ക്ക് ഭാരതത്തിനു പുറത്ത് മോണോക്ലോണല്‍ ആന്റിബോഡി നല്‍കിയിട്ടുണ്ട്, അവരെല്ലാം അതിജീവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ നിപ രോഗം വീണ്ടും വീണ്ടും ഉണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് നിരീക്ഷിക്കുകയാണ്. ഒരു രോഗിയില്‍ നിന്നുള്ള സമ്പര്‍ക്കത്തിലൂടെയാണ് മറ്റുള്ളവര്‍ക്കെല്ലാം ഇപ്പോള്‍ വൈറസ് ബാധയുണ്ടായത്. കോവിഡില്‍ മരണനിരക്ക് രണ്ട് മുതല്‍ മൂന്ന് ശതമാനം വരെയാണ്.
എന്നാല്‍ നിപയില്‍ ഇത് 40 ശതമാനം മുതല്‍ എഴുപത് ശതമാനം വരെയാണ്. കേരളത്തില്‍ വൈറസ് വ്യാപനം തടയാനുള്ള എല്ലാ ശ്രമങ്ങളും തുടരുകയാണ്. എന്തുകൊണ്ടാണ് കേരളത്തില്‍ മാത്രം നിപ കേസുകള്‍ വീണ്ടും ആവര്‍ത്തിക്കുന്നതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് സമയത്ത് സ്വീകരിച്ചപോലെ സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കലുമാണ് വൈറസ് ബാധയെ ചെറുക്കാനുള്ള ഏറ്റവും പ്രധാനവഴി. കൈകള്‍ കഴുകുക, വ്യക്തിശുചിത്വം പാലിക്കുക.
രോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ഐസൊലേഷനിലാവുക. വവ്വാലുകള്‍ കടിച്ച പഴവര്‍ഗ്ഗങ്ങളും മറ്റും കഴിക്കാതിരിക്കുക, വവ്വാലുകളുടെ താമസ സ്ഥലങ്ങളില്‍ നിന്ന് അകന്നുനില്ക്കുക എന്നിവ പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: