ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ദ്വാരകയില്‍ 2023 സപ്തംബര്‍ 17ന് ന്യൂദല്‍ഹിയിലെ ദ്വാരകയില്‍ ‘യശോഭൂമി’ എന്നു പേരിട്ട ഇന്ത്യ അന്താരാഷ്‌ട്ര സമ്മേളന പ്രദര്‍ശന കേന്ദ്രത്തിന്റെ (ഐഐസിസി) ഒന്നാം ഘട്ടം നാടിനു സമര്‍പ്പിക്കും.
ദല്‍ഹി വിമാനത്താവള മെട്രോ അതിവേഗപാത, ദ്വാരക സെക്ടര്‍ 21 മുതല്‍ ദ്വാരക സെക്ടര്‍ 25ലെ പുതിയ മെട്രോ സ്‌റ്റേഷന്‍ വരെ, ദീര്‍ഘിപ്പിക്കുന്നതിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിക്കും.
ദ്വാരകയില്‍ ‘യശോഭൂമി’ എന്ന് പേരിട്ട ഇന്ത്യ അന്താരാഷ്‌ട്ര സമ്മേളനപ്രദര്‍ശന കേന്ദ്രത്തിന്റെ (ഐഐസിസി) ഒന്നാം ഘട്ടം പ്രവര്‍ത്തനക്ഷമമാകുന്നത്, രാജ്യത്ത് യോഗങ്ങള്‍, സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നതിന് ലോകോത്തര അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാട് ശക്തിപ്പെടുത്തും.
മൊത്തം 8.9 ലക്ഷം ചതുരശ്ര മീറ്ററിലധികം പദ്ധതി മേഖലയും 1.8 ലക്ഷം ചതുരശ്ര മീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണവുമുള്ള ഉള്ള ‘യശോഭൂമി’ ലോകത്തിലെ ഏറ്റവും വലിയ എംഐസിഇ (യോഗങ്ങള്‍, പ്രോത്സാഹനങ്ങള്‍, സമ്മേളനങ്ങള്‍, പ്രദര്‍ശനങ്ങള്‍) സൗകര്യങ്ങളിലൊന്നായി മാറും.
73,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയില്‍ നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രധാന ഓഡിറ്റോറിയം, ഗ്രാന്‍ഡ് ബോള്‍റൂം, 11,000 പ്രതിനിധികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, യോഗങ്ങള്‍ നടത്താന്‍ കഴിയുന്ന 13 മുറികള്‍ എന്നിവയുള്‍പ്പെടെ 15 സമ്മേളന മുറികള്‍ ഉള്‍പ്പെടുന്നു. രാജ്യത്തെ ഏറ്റവും വലിയ എല്‍ഇഡി മീഡിയ സംവിധാനമാണു കണ്‍വെന്‍ഷന്‍ സെന്ററിലുള്ളത്.
കണ്‍വെന്‍ഷന്‍ സെന്ററിന്റെ പ്ലീനറി ഹാളാണ് പ്രധാന ഓഡിറ്റോറിയം. ഇവിടെ ഏകദേശം 6000 അതിഥികള്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. ഓഡിറ്റോറിയത്തില്‍ ഏറ്റവും നൂതനമായ യാന്ത്രിക ഇരിപ്പിട സംവിധാനങ്ങള്‍ ഉണ്ട്. അത് ഈ പ്രതലത്തെ പരന്ന പ്രതലമാക്കുകയോ, അല്ലെങ്കില്‍, വ്യത്യസ്ത തലത്തില്‍ ഓഡിറ്റോറിയം ശൈലിയില്‍ ഇരിപ്പിടങ്ങള്‍ സജ്ജമാക്കുന്ന നിലയില്‍ മാറ്റുകയോ ചെയ്യും. മരം കൊണ്ടുള്ള പ്രതലവും ശബ്ദക്രമീകൃത ചുവര്‍ പാനലുകളും ഓഡിറ്റോറിയത്തില്‍ സന്ദര്‍ശകര്‍ക്ക് ലോകോത്തര അനുഭവം ഉറപ്പാക്കും.
സവിശേഷമായ ദളങ്ങള്‍ പോലുള്ള മേല്‍ക്കൂരയുള്ള ഗ്രാന്‍ഡ് ബോള്‍റൂമില്‍ ഏകദേശം 2500 അതിഥികളെ ഉള്‍ക്കൊള്ളാനാകും. 500 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന വിപുലമായ തുറന്ന ഇടവും ഇതിലുണ്ട്. എട്ട് നിലകളിലായി വ്യാപിച്ചിട്ടുള്ള 13 യോഗ മുറികള്‍ വിവിധ തോതുകളിലുള്ള വൈവിധ്യമാര്‍ന്ന യോഗങ്ങള്‍ നടത്താന്‍ വിഭാവനം ചെയ്തവയാണ്.
ലോകത്തിലെ ഏറ്റവും വലിയ പ്രദര്‍ശന ഹാളുകളിലൊന്നാണ് ‘യശോഭൂമി’യിലുള്ളത്. 1.07 ലക്ഷം ചതുരശ്ര മീറ്ററില്‍ നിര്‍മിച്ചിരിക്കുന്ന ഈ എക്‌സിബിഷന്‍ ഹാളുകള്‍, പ്രദര്‍ശനങ്ങള്‍ക്കും വ്യാപാര മേളകള്‍ക്കും, വ്യാവസായിക പരിപാടികള്‍ക്കും ഉപയോഗിക്കും.
വിവിധ ആകാശവെളിച്ചങ്ങളിലൂടെ ആകാശത്തേയ്‌ക്കു പ്രകാശം വിതറുന്ന ചെമ്പ് മേല്‍ക്കൂര കൊണ്ട് സവിശേഷമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ബൃഹദ് വരാന്തയുമായി ഇവ ബന്ധിപ്പിച്ചിരിക്കുന്നു. ഇവിടെ മീഡിയ മുറികള്‍, വിവിഐപി ലോഞ്ചുകള്‍, സാധനങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യങ്ങള്‍, സന്ദര്‍ശക വിവര കേന്ദ്രം, ടിക്കറ്റ് നല്‍കല്‍ തുടങ്ങി വിവിധ പിന്തുണാസംവിധാനങ്ങള്‍ ഉണ്ടാകും.
രംഗോലി മാതൃകകള്‍ പ്രതിനിധാനം ചെയ്യുന്ന പിച്ചള കൊത്തുപണികള്‍, ശബ്ദം ആഗിരണം ചെയ്യുന്ന ലോഹ സിലിന്‍ഡറുകള്‍, പ്രകാശം പരത്തുന്ന ഭിത്തികള്‍ എന്നിവയുള്‍പ്പെടെ, ടെറാസോ പ്രതലങ്ങളുടെ രൂപത്തില്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട വസ്തുക്കള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു.
100% മലിനജല പുനരുപയോഗം, മഴവെള്ള സംഭരണം, മേല്‍ക്കൂരയിലെ സൗര പാനലുകള്‍ എന്നിവയുള്ള അത്യാധുനിക മലിനജല സംസ്‌കരണ സംവിധാനം സജ്ജീകരിച്ചിരിക്കുന്നതിനാല്‍ സുസ്ഥിരതയ്‌ക്കുള്ള ശക്തമായ പ്രതിബദ്ധതയും ‘യശോഭൂമി’ പ്രകടമാക്കുന്നു. ഈ ക്യാമ്പസിന് സിഐഐയുടെ ഇന്ത്യന്‍ ഗ്രീന്‍ ബില്‍ഡിങ് കൗണ്‍സിലില്‍ (ഐജിബിസി) നിന്ന് ഗ്രീന്‍ സിറ്റി പ്ലാറ്റിനം അംഗീകാരവും ലഭിച്ചു.
ദ്വാരക സെക്ടര്‍ 25ലെ പുതിയ മെട്രോ സ്‌റ്റേഷന്റെ ഉദ്ഘാടനം ‘യശോഭൂമി’യെ ഡല്‍ഹി വിമാനത്താവള മെട്രോ അതിവേഗ പാതയുമായി ബന്ധിപ്പിക്കും. ദല്‍ഹി മെട്രോ വിമാനത്താവള അതിവേഗ പാതയിലെ മെട്രോ ട്രെയിനുകളുടെ പ്രവര്‍ത്തന വേഗത മണിക്കൂറില്‍ 90ല്‍ നിന്ന് 120 കിലോമീറ്ററായി വര്‍ധിപ്പിച്ച് യാത്രാ സമയം കുറയ്‌ക്കും. ന്യൂഡല്‍ഹിയില്‍ നിന്ന് ‘യശോഭൂമി ദ്വാരക സെക്ടര്‍ 25’ വരെയുള്ള യാത്രയ്‌ക്ക് ഏകദേശം 21 മിനിറ്റാണു വേണ്ടിവരിക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: