ഒരു ഇടവേളയ്‌ക്കുശേഷം കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ വൈറസ് പ്രത്യക്ഷപ്പെട്ടിരിക്കുകയാണല്ലോ. പനി പിടിപെട്ട് രണ്ടു പേര്‍ മരിച്ചതിനെ തുടര്‍ന്ന് സംശയം തോന്നി സ്രവം പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ പരിശോധനയ്‌ക്ക് അയയ്‌ക്കുകയായിരുന്നു. ഫലം പോസിറ്റീവായതോടെയാണ് രോഗം സ്ഥിരീകരിച്ചത്. നാല് പേര്‍ക്ക് രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവരുമായി ഇടപഴകിയെന്ന് കരുതപ്പെടുന്നവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കി. മരിച്ചവരുടെ ബന്ധുക്കളായ ഏഴുപേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും, ഒരാള്‍ വെന്റിലേറ്ററിലുമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആരോഗ്യപ്രവര്‍ത്തകനായ ഒരാള്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സമ്പര്‍ക്കപ്പട്ടിക വിപുലീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ വലിയൊരു വിഭാഗം ആരോഗ്യപ്രവര്‍ത്തകരുമാണ്. ഇതിനിടെ തിരുവനന്തപുരത്ത് വവ്വാല്‍ ഭക്ഷിച്ച ഭക്ഷണം കഴിച്ചതായി സംശയിക്കുവെന്നു പറഞ്ഞ വിദ്യാര്‍ത്ഥിയെയും, മഞ്ചേരിയില്‍ ഒരു വൃദ്ധയെയും നിപ സംശയിച്ച് നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ ആകെ 20 പേരാണ് ചികിത്സയിലുള്ളത്. രോഗവ്യാപനം കണക്കിലെടുത്ത് ജില്ലയില്‍ മാസ്‌ക് ധരിക്കുന്നതുള്‍പ്പെടെ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുകയാണ്. ആളുകള്‍ ഒത്തുചേരുന്ന പരിപാടികള്‍ പത്ത് ദിവസത്തേക്ക് വേണ്ടെന്ന് വയ്‌ക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇത് മൂന്നാം തവണയാണ് കോഴിക്കോട് ജില്ലയില്‍ നിപ രോഗം പ്രത്യക്ഷപ്പെടുന്നത്. ഇതിനോടകം ഒരു നഴ്‌സ് ഉള്‍പ്പെടെ 20 പേര്‍ മരിച്ചു. മലേഷ്യയിലെ നിപ എന്ന സ്ഥലത്ത് ആദ്യമായി കണ്ടെത്തിയതുകൊണ്ടാണ് ഈ വൈറസിന് ആ പേരു വരാന്‍ കാരണം. വവ്വാലുകളാണ് ഈ രോഗം പരത്തുന്നതെന്നാണ് കരുതപ്പെടുന്നത്. അവയില്‍ തന്നെ ഒരു ചെറിയ ശതമാനം വവ്വാലുകളാണത്രേ ഇത് ചെയ്യുന്നത്. വവ്വാലുകളുമായി സമ്പര്‍ക്കം വരികയോ അവ കടിച്ച പഴങ്ങള്‍ കഴിക്കാനിട വരികയോ ചെയ്താല്‍ വൈറസ് ബാധയുണ്ടാകും. വവ്വാലുകളില്‍നിന്ന് പന്നികളിലേക്കും തുടര്‍ന്ന് മനുഷ്യരിലേക്കും പടരുമെന്നും കണ്ടെത്തിയിട്ടുണ്ട്. ശരീരദ്രവങ്ങളിലൂടെയും തുമ്മുമ്പോഴുമൊക്കെ രോഗം പകരാനുള്ള സാധ്യതയുണ്ട്. കടുത്ത പനി, തലവേദന, തലകറക്കം മുതലായ ലക്ഷണങ്ങളോടെയാണ് രോഗം വരിക. വൈറസ് രോഗബാധയായതിനാല്‍ ഇതിന് ചികിത്സയില്ല. രോഗത്തിന്റെ ലക്ഷണങ്ങള്‍ക്കാണ് ചികിത്സിക്കുന്നത്. പ്രതിരോധശേഷി കുറഞ്ഞവരില്‍ ചികിത്സ ഫലിക്കണമെന്നില്ല. വൈറസ് ബാധ വരാതെ നോക്കുക എന്നതാണ് പ്രധാനം. അതിനു മുന്‍കരുതല്‍ പാലിക്കണം. വവ്വാലുകള്‍ കഴിച്ച പഴങ്ങള്‍ ഒഴിവാക്കുകയും, വവ്വാലുകള്‍ വിഹരിക്കുന്ന ഇടങ്ങളില്‍നിന്നുള്ള കള്ള് കുടിക്കാതിരിക്കുകയും വേണം. ശുചിത്വം പാലിക്കണം. കൈകള്‍ സോപ്പ് ഉപയോഗിച്ച് നിരന്തരം വൃത്തിയാക്കണം. രോഗബാധയുള്ളവരില്‍നിന്ന് കൃത്യമായ അകലം പാലിക്കണം. ഇക്കാര്യങ്ങളില്‍ യാതൊരു അനാസ്ഥയും പാടില്ല.
കോഴിക്കോട് ഈ വൈറസ് എന്തുകൊണ്ട് ആവര്‍ത്തിച്ച് പ്രത്യക്ഷപ്പെടുന്നു എന്നതിന് ഇപ്പോഴും കൃത്യമായ ഉത്തരം ലഭിച്ചിട്ടില്ല. രോഗം ആദ്യം കാണാനിടയായ പേരാമ്പ്രയില്‍ വവ്വാലുകളില്‍ നിപ വൈറസ് കണ്ടെത്തിയെങ്കിലും അത് എങ്ങനെ മനുഷ്യരിലേക്ക് പകര്‍ന്നു എന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. നിരവധി കഥകള്‍ പ്രചരിച്ചെങ്കിലും ഒന്നിനും ശാസ്ത്രീയമായ അടിത്തറയോ വിശ്വാസ്യതയോ ഇല്ലായിരുന്നു. ശുചിത്വത്തിന്റെ കുറവും രോഗപ്രതിരോധ സംവിധാനങ്ങളിലെ വീഴ്ചയുമാണ് വൈറസ് ബാധ വര്‍ധിക്കുന്നതിന് കാരണമെന്ന് കരുതപ്പെടുന്നു. ആര്‍ക്കെങ്കിലും രോഗബാധയുണ്ടാകുമ്പോള്‍ മാത്രമാണ് അധികൃതര്‍ക്ക് ജാഗ്രത. അതു കഴിഞ്ഞാല്‍ പിന്നെയും പഴയപടിയാവും. ‘ഭയം വേണ്ട, ജാഗ്രത മതി’ എന്ന അധികൃതരുടെ ബോധവല്‍ക്കരണം ഫലം കാണുന്നില്ല. ഭയക്കേണ്ട കാര്യമില്ലാത്തതിനാല്‍ വലിയ ജാഗ്രതയൊന്നും ആവശ്യമില്ലെന്ന രീതിയിലാണ് ജനങ്ങള്‍ പെരുമാറുന്നത്. മതപരമായ കാരണങ്ങള്‍ പറഞ്ഞ് കൊവിഡ് പ്രതിരോധത്തില്‍ പോലും സഹകരിക്കാത്തയാളുകള്‍ നമ്മുടെ നാട്ടിലും ഉണ്ടായല്ലോ. കേരളം പൊതുജനാരോഗ്യ രംഗത്ത് ഏറെ മുന്നിലാണെന്ന അവകാശവാദമാണ് മറ്റൊരു പ്രശ്‌നം. ഇങ്ങനെയൊരു ധാരണ നിലനില്‍ക്കുന്നതുകൊണ്ടുതന്നെ സര്‍ക്കാര്‍ സംവിധാനം ഉണരുന്നത് പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുമ്പോള്‍ മാത്രമാണ്. ആദ്യം നിപ വൈറസ് ബാധയുണ്ടായപ്പോള്‍ അതിനെതിരെ ശക്തമായ നടപടികള്‍ നിര്‍ദേശിച്ചതിന് കേന്ദ്ര സര്‍ക്കാരിനെ പഴിക്കാനും ഇവിടെ ആളുകളുണ്ടായി. ഒരു സിനിമ പോലും അങ്ങനെയിറങ്ങി. മതരാഷ്‌ട്രീയമായിരുന്നു ഇതിനു പിന്നില്‍. ഇത്തരം നിഷേധാത്മകമായ രീതികള്‍ ഉപേക്ഷിച്ച് ഒത്തൊരുമിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ കഴിയണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: