കോഴിക്കോട് : നിപ ബാധയുടെ സാഹചര്യത്തില്‍ കോഴിക്കോട് നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച വരെ അവധി നല്കി.
ആരാധനാലയങ്ങളിലും കൂട്ടമുണ്ടാകാന് പാടില്ല. വിവാഹങ്ങളിലും തിരക്കുണ്ടാകാതെ ശ്രദ്ധിക്കണം. ആശുപത്രികളില്‍ ഒരാളെ മാത്രമേ കൂട്ടിരിക്കാന്‍ അനുവദിക്കൂ.
നിപ ഹൈ റിസ്കില്‍ ഉള്‍പ്പെട്ട 30 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. ഇതില്‍ ഭൂരിഭാഗവും ആരോഗ്യ പ്രവര്‍ത്തകരുടെ സാമ്പിളുകളാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്നും കോഴിക്കോട് ഡി എം ഒ അറിയിച്ചു. നിപ ബാധിതരുടെ സമ്പര്‍ക്കത്തിലുള്ള 950 പേരുടെ പട്ടിക തയാറാക്കി.
50 വാര്‍ഡുകളില്‍ 51 പനിബാധിതരുണ്ടെങ്കിലും ഇവര്‍ക്ക് നിപ രോഗികളുമായി ബന്ധമില്ല. ഇനി ആകെ 41 പേരുടെ സ്രവ പരിശോധനാ ഫലം വരാനുണ്ട്. കണ്ടൈന്‍മെന്റ് സോണിലെ 5161 വീടുകളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശനം നടത്തി. കോഴിക്കോട് കളക്ട്രേറ്റിലെ നിപ അവലോകന യോഗത്തിന് ശേഷമാണ് ഡിഎംഒ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
കോഴിക്കോട് തിരുവള്ളൂര്‍ പഞ്ചായത്തിലെ 7, 8 , 9 വാര്‍ഡുകള്‍ കണ്ടെയന്‍ മെന്റ് സോണുകളാണ്. ആരോഗ്യസംഘം വവ്വാലുകളിലും പരിശോധന നടത്തും. കേന്ദ്ര സംഘം എത്തിയിട്ടുണ്ട്. നാളെ മുതല്‍ കോഴിക്കോട് മൊബൈല്‍ യൂണിറ്റില്‍ പരിശോധന തുടങ്ങാന്‍ കഴിഞ്ഞേക്കുമെന്ന പ്രതീക്ഷയിലാണ് ആരോഗ്യ വകുപ്പ്.
അതേസമയം നിപ വൈറസ് സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടിക മൊബൈല്‍ ലൊക്കേഷനിലൂടെ കണ്ടെത്താന്‍ പൊലീസ് സഹായം തേടാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിപ അവലോകന യോഗത്തില്‍ നിര്‍ദേശം നല്കി. കോഴിക്കോട് ജില്ലയില്‍ മാസ്ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.. എന്‍.ഐ.വി. പൂനെയുടെ മൊബൈല്‍ ടീം സജ്ജമായിട്ടുണ്ട്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ മൊബൈല്‍ ടീമും എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: