കണ്ണൂര്‍: ജന്മനാടിന്റെ സ്നേഹാദരങ്ങളേറ്റുവാങ്ങി മുതിര്‍ന്ന ബിജെപി നേതാവ് പി.പി. മുകുന്ദന് അന്ത്യയാത്ര. അന്ത്യപ്രണാമം നല്കി, പ്രാര്‍ത്ഥന ചൊല്ലി ആയിരങ്ങള്‍ മുകുന്ദേട്ടന് യാത്രാമൊഴിയേകി. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയ്ക്ക് ആര്‍എസ്എസ് പ്രാന്ത കാര്യാലയമായ എറണാകുളം എളമക്കര മാധവ നിവാസില്‍ നിന്ന് ആരംഭിച്ച വിലാപ യാത്ര പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് കണ്ണൂര്‍ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസായ മാരാര്‍ജി ഭവനിലെത്തിയത്. ആയിരങ്ങളാണ് അദ്ദേഹത്തെ അവസാനമായി ഒരുനോക്കു കാണാന്‍ അവിടേക്ക് ഒഴുകിയെത്തിയത്.
ഉച്ചയ്ക്ക് 12 മണിയോടെ മണത്തണയിലെ വീട്ടിലെത്തിച്ച ഭൗതിക ശരീരത്തില്‍ സഹപ്രവര്‍ത്തകരും നേതാക്കളും നാട്ടുകാരും സാമൂഹ്യ-സാംസ്കാരിക, രാഷ്ട്രീയ മേഖലകളിലെ നിരവധി പേരും അന്ത്യോപചാരമര്‍പ്പിച്ചു. തുടര്‍ന്ന് കുളങ്ങരയത്ത് തറവാട് ശ്മശാനത്തില്‍ വൈകിട്ട് 5 മണിയോടെ സംസ്കാരം. ഇളയ സഹോദരന് പി.പി. ചന്ദ്രന്റെ മക്കളായ കിരണ്‍ചന്ദ്, കിഷന്‍ചന്ദ് എന്നിവര്‍ ചേര്‍ന്ന് ചിതയ്ക്ക് തീ കൊളുത്തി.
ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്, ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ്, കേന്ദ്ര മന്ത്രി വി. മുരളീധരന്, എംപിമാരായ പി.സന്തോഷ്, വി. ശിവദാസന്‍, ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം, ക്ഷേത്രീയ സഹസമ്പര്‍ക്ക പ്രമുഖ് പി.എന്‍. ഹരികൃഷ്ണകുമാര്‍, പ്രാന്ത പ്രചാരക് എസ്. സുദര്ശനന്, സഹപ്രാന്ത പ്രചാരക് അ. വിനോദ്, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുളളക്കുട്ടി, സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്, മുന്‍ സംസ്ഥാന അധ്യക്ഷരായ ഒ. രാജഗോപാല്‍, സി.കെ. പത്മനാഭന് പി.കെ. കൃഷ്ണദാസ്, സംഘടനാ ജനറല്‍ സെക്രട്ടറി സുഭാഷ്, വൈസ് പ്രസിഡന്റുമാരായ എ.എന്‍. രാധാകൃഷ്ണന്, ശോഭ സുരേന്ദ്രന്, ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സെക്രട്ടറിമാരായ ബി. ഗോപാലകൃഷ്ണന്, കെ. രഞ്ജിത്ത്, സിപിഎം നേതാക്കളായ പി. ജയരാജന്, എം.വി. ജയരാജന് തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. സംസ്കാരത്തിന് ശേഷം സര്‍വകക്ഷി അനുശോചന യോഗവും ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: