പ്രഥമ വര്ഷസംഘ ശിക്ഷാ വര്‍ഗില്‍ സംഘത്തിന്റെ സര്‍കാര്യവാഹായ ഏകനാഥ്ജിയുടെ ബൈഠക്കില്‍ അദ്ദേഹം ഒരു ചോദ്യം.ഇതില്‍ സംഘ പ്രചാരകനായി ജീവിതം മാറ്റിവെക്കാന്‍ ആരൊക്കെ തയ്യാറുണ്ട്?. മണത്തണയില്‍ നിന്നെത്തിയ യുവാവ് രണ്ടാമതൊന്നാലോചിക്കാതെ കൈ പൊക്കി. പി.പി.മുകുന്ദന് എന്ന ആര് എസ് എസ് പ്രചാരകന്റെ തുടക്കം അങ്ങിനെയായിരുന്നു. സംഘ സ്ഥാപകനായ ഡോക്ടര്‍ജിയുടെ ജീവിതത്തെക്കുറിച്ച് ആര്.ഹരിയേട്ടന്റെ പ്രഭാഷണം ആ യുവാവിന്റെ ജീവിതത്തെ ഏറെ പ്രചോദിപ്പിച്ചിരുന്നു. ഡോക്ടര്‍ജിയുടെ ജീവചരിത്രം ഹരിയേട്ടന് അവതരിപ്പിച്ചപ്പോള്‍ കരഞ്ഞുപോയെന്നാണ് മുകുന്ദേട്ടന് പിന്നീട് പറഞ്ഞത്.
കാലടിയില്‍ നടന്ന സംഘ ശിക്ഷാ വര്‍ഗിനു ശേഷം വിസ്താരകനായി കണ്ണൂരിലും പിന്നീട് ചെങ്ങനൂരില്‍ പ്രചാരകനായും പ്രവര്‍ത്തിച്ചു തുടങ്ങിയ പി.പി മുകുന്ദന് എന്ന മുകുന്ദേട്ടന്റെ സമര്‍പ്പിത ജീവിതയാത്ര പിന്നീട് കേരള ചരിത്രത്തിന്റെ ഭാഗമായി. അസാധ്യമെന്നതൊന്നില്ലാത്തതായിരുന്നു ആ ജീവിതം.
പോലീസുകാരനാവുകയോ
ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ആര്‍എസ്എസ് പ്രവര്‍ത്തനത്തിലേര്‍പ്പെട്ട മുകുന്ദന് പോലീസ് സേനയിലേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള അറിയിപ്പ് കിട്ടി. എന്നാല്‍ തന്റെ ജീവിതം പോലീസുകാരനായി തീര്ക്കാനുള്ളതല്ലെന്നുമായിരുന്നു പ്രചാരകനായ സിപി ജനാര്ദ്ദനന് എന്ന ജനേട്ടന്റെ മുകുന്ദനോടുള്ള നിര്‍ദ്ദേശം. സെലക്ഷന് കാര്‍ഡ് വലിച്ചുകീറിക്കൊണ്ടായിരുന്നു ജനാര്‍ദ്ദനന്റെ വാക്കുകള്‍. മുകുന്ദനില്‍ ഒളിഞ്ഞു കിടന്ന നേതൃശേഷിയെ തിരിച്ചറിഞ്ഞ പ്രചാരകന്റെ തീരുമാനമായിരുന്നു അത്. ഡിജിപിയടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരോട് സമനിലയില്‍ പെരുമാറാന്‍ തക്ക ആര്‍ജ്ജവമുള്ള പ്രവര്‍ത്തകനായി മാറിയ പി.പി. മുകുന്ദന് ജീവിതത്തെ ആ നിമിഷം തിരിച്ചുവിടുകയായിരുന്നു. ആര്‍എസ്എസ്സിലെ അച്ചടക്കമാണ് തന്നെ അതിലേക്ക് ആദ്യം അടുപ്പിച്ചതെന്ന് മുകുന്ദന് പറയാറുണ്ടായിരുന്നു.
മണത്തണയിലെ മാണിക്യം
ശങ്കരാചാര്യര്‍ സന്ദര്‍ശിച്ചെന്ന ഐതീഹ്യവും പാരമ്പര്യവുമുള്ള മണത്തണ. കൊട്ടിയൂര്‍ ക്ഷേത്രത്തിന്റെ ആരൂഢം. എടവത്തിലെ ചോതി മുതല്‍ 28ദിവസം നീണ്ടു നില്ക്കുന്ന ഉത്സവം. 64 ജാതികള്‍ക്ക് പ്രാതിനിധ്യമുള്ളതാണ് ആ ഉത്സവം. വര്‍ഷത്തില്‍ ഒരു തവണ മാത്രം പ്രവേശനമുള്ള അക്കരകൊട്ടിയൂരിലേക്ക് ആദ്യം കടക്കുന്നത് കുറിച്യ വിഭാഗത്തിലുള്ളവരാണ്. ജാതീയതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ആത്മീയ കേന്ദ്രമാണ് കൊട്ടിയൂര്‍ ദേവസ്ഥാനം.
30,000 ത്തോളം ഏക്ര ഭൂമിയുണ്ടായിരുന്നു കൊട്ടിയൂര്‍ ദേവസ്വത്തിന്. ഉത്തരകേരളത്തിലെ പ്രമുഖതീര്‍ത്ഥാടനകേന്ദ്രമായ ശ്രീകൊട്ടിയൂര്ക്ഷേത്രത്തിലെ ഒന്നാം ഊരാള കുടുംബത്തിലായിരുന്നു മുകുന്ദന്റെ ജനനം. മദ്ധ്യതിരുവിതാംകൂറില്‍ നിന്നുള്ള കുടിയേറ്റത്തോടെയാണ് മണത്തണ മാറിയത്. ക്ഷേത്ര ഭൂമിയും തറവാടുകളുടെ ഭൂമിയും അന്യാധീനമായി. ആ കാലത്ത് ക്ഷേത്രത്തിലേക്ക് ആവേശമുറുന്ന ഭജനസംഘവുമായി കൊളക്കാട്ട് ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ യുവാക്കളെത്തിയിരുന്നു. ഇത് മുകുന്ദനടക്കമുള്ള യുവാക്കളെ ഏറെ ആകര്‍ഷിച്ചു. അതില്‍ നിന്നാണ് മണത്തണയുടെ ആര്‍എസ്എസ് തുടക്കം. ക്ഷേത്ര ഗോപുരത്തിന് മുന്നില്‍ ശാഖ ആരംഭിച്ചു. അന്ന് മണത്തണയിലുള്ള പല വീടുകളിലും കളരികള്‍ ഉണ്ടായിരുന്നു. ഇരിട്ടിയില്‍ നിന്ന് പതിനേഴ് കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി അനന്തന് ഗുരുക്കള്‍ ആര്‍എസ്എസ് പ്രവര്‍ത്തനത്തിനെത്തിയ കഥ മുകുന്ദന് തന്നെ വിവരിച്ചിട്ടുണ്ട്. ് പ്രചാരകനായെത്തിയ നാരായണ്‍ജി (പി. നാരായണന്) വിദ്യാര്‍ത്ഥികള്‍ക്ക് ട്യൂഷനെടുത്തിരുന്നു. ഇതൊക്കെ ആര്‍എസ്എസ്സിന്റെ വ്യാപനത്തിന് ഏറെ സഹായിച്ചു. മുകുന്ദന് മണത്തണ ശാഖയില്‍ നിന്ന് സംഘശിക്ഷാവര്‍ഗിന് പോയതോടെ കേരളത്തിനെ കരുത്തനായ ഒരു സംഘ കാര്യ കര്‍ത്താവിനെ ലഭിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: