ന്യൂദല്‍ഹി: നാഷണല്‍ ജുഡീഷ്യല്‍ ഡാറ്റാ ഗ്രിഡ് പോര്‍ട്ടലില്‍, സുപ്രീംകോടതി കൂടി ഉള്‍പ്പെട്ടതോടെ ഇ-കോടതി പദ്ധതി പൂര്‍ണ്ണമായി. രാജ്യമെമ്പാടുമായി കോടതികളില്‍ നടക്കുന്നതും തീര്‍പ്പാക്കാത്തതും തീര്‍പ്പാക്കിയതുമായ കേസുകളുമായി ബന്ധപ്പെട്ട ഡാറ്റയുടെ ദേശീയ ശേഖരമാണ് ദേശീയ ജുഡീഷ്യല്‍ ഡാറ്റാ ഗ്രിഡ് പോര്‍ട്ടല്‍ – എന്‍ജെഡിജി.
ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍, കേസുകളുടെ തീര്‍പ്പുകല്‍പ്പിക്കല്‍ സംബന്ധിച്ച വിവരങ്ങള്‍, കേസിന്റെ തരം, സുപ്രീംകോടതിയുടെ വര്‍ഷാടിസ്ഥാനത്തിലുള്ള വിഭജനം തുടങ്ങിയ സ്ഥിതിവിവരക്കണക്കുകള്‍ ലഭിക്കും.
സുപ്രീംകോടതിയും നാഷണല്‍ ജുഡീഷ്യല്‍ ഡാറ്റാ ഗ്രിഡ് പോര്‍ട്ടലിന്റെ ഭാഗമാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെ ചീഫ് ജസ്റ്റിസിന്റെ പ്രഖ്യാപനത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിക്കുകയും ചെയ്തിരുന്നു. സാങ്കേതികവിദ്യയുടെ ഇത്തരത്തിലുള്ള ഉപയോഗം രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ കൂടുതല്‍ സുതാര്യമാക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് മോദി എക്സില്‍ പ്രതികരിച്ചു.
കമ്പ്യൂട്ടര്‍ സെല്ലിന്റെ ആഭ്യന്തര സോഫ്റ്റ്വെയര് വികസന സംഘത്തിന്റെയും രജിസ്ട്രിയുടെയും ഏകോപനത്തോടെ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്സ് സെന്റര്‍ ആണ് അനലിറ്റിക്സ് ഡാഷ്ബോര്‍ഡും സംവേദക ഇന്റര്‍ഫേസും ഉള്ള എന്‍ജെഡിജി വികസിപ്പിച്ചെടുത്തിട്ടുള്ളത്.
വര്‍ദ്ധിച്ച സുതാര്യത, ഉത്തരവാദിത്തം, വിശ്വാസ്യത, മെച്ചപ്പെട്ട കാര്യക്ഷമത, വര്‍ദ്ധിച്ച ഏകോപനം, മികച്ച തീരുമാനം എടുക്കല്‍, വിഭവങ്ങളുടെയും മനുഷ്യ ശേഷിയുടെയും മിതമായ ഉപയോഗം, ഡാറ്റയുടെ ഒരൊറ്റ ഉറവിടം, ഉയര്‍ന്ന നിലവാരമുള്ള ഗവേഷണ പ്രവര്‍ത്തനത്തിനുള്ള വലിയ സാധ്യത എന്നിവ ദേശീയ ജുഡീഷ്യല്‍ ഡാറ്റാ ഗ്രിഡ് പോര്‍ട്ടലിന്റെ സവിശേഷതകളാണ്. സുപ്രീംകോടതിയുടെ വെബ്സൈറ്റ് വഴി എന്‍ജെഡിജി ടാബ് ബട്ടണില്‍ ക്ലിക്കുചെയ്ത് എന്‍ജെഡിജി-എസ്സിഐ പോര്‍ട്ടലില്‍ പ്രവേശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: