ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും പഴക്കമുള്ള മതങ്ങളിലൊന്നായ സനാതന ധര്‍മ്മത്തിന്റെ അടിത്തറ തകര്‍ക്കാനുമുള്ള ദുരുദ്ദേശ്യമാണ് ഐ എന്‍ ഡി ഐ എ കൂട്ടുകെട്ടിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാമി വിവേകാനന്ദനും ലോകമാന്യ തിലകനും പ്രചോദനം നല്‍കിയ ആ ‘സനാതന ധര്‍മ്മം’ ഇല്ലാതാക്കാനാണ് ഈ സഖ്യത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ന് അവര്‍ പരസ്യമായി സനാതന ധര്‍മ്മത്തെ ലക്ഷ്യമിടുന്നു. നാളെ അവര്‍ നമുക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിപ്പിക്കും. രാജ്യത്തുടനീളമുള്ള എല്ലാ ‘സനാതനധര്‍മ്മ വിശ്വാസികളും ‘ നമ്മുടെ രാജ്യത്തെ സ്‌നേഹിക്കുന്ന ജനങ്ങളും ജാഗ്രത പാലിക്കണം. ഇത്തരക്കാരെ നമുക്ക് തടയേണ്ടി വരും- പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ഐ എന്‍ ഡി ഐ എ സഖ്യ നേതാക്കള്‍ അടുത്തിടെ മുംബൈയില്‍ യോഗം ചേര്‍ന്നു. അവര്‍ക്ക് നയങ്ങളോ പ്രശ്‌നങ്ങളോ നേതാവോ ഇല്ല. സനാതന ധര്‍മ്മത്തെ ആക്രമിക്കുക എന്ന അജണ്ടയാണുളളത്. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ബിനാ എണ്ണശുദ്ധീകരണ ശാലയില്‍ 49,000 കോടി രൂപയുടെ പെട്രോകെമിക്കല്‍സ് സമുച്ചയത്തിനും 10 വ്യവസായ പദ്ധതികള്‍ക്കും തറക്കല്ലിട്ട ശേഷം പ്രധാനമന്ത്രി പറഞ്ഞു.
സനാതന ധര്‍മ്മം സാമൂഹ്യനീതിക്ക് എതിരാണെന്നും അത് ഉന്മൂലനം ചെയ്യണമെന്നുമുള്ള ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന. മറ്റൊരു ഡിഎംകെ നേതാവായ എ രാജ സനാതന ധര്‍മ്മത്തെ കുഷ്ഠം പോലുള്ള രോഗങ്ങളോട് ഉപമിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിയെ പരിഹസിച്ച്, പ്രധാനമന്ത്രി മോദി മധ്യപ്രദേശിലെ ഭരണത്തെ വിമര്‍ശിച്ചു. ദീര്‍ഘകാലം സംസ്ഥാനം ഭരിച്ചവരാണ് പ്രാഥമികമായി അഴിമതിയും കുറ്റകൃത്യങ്ങളും അടയാളപ്പെടുത്തിയ ഭരണത്തിന് നേതൃത്വം നല്‍കിയതെന്ന് പ്രസ്താവിച്ചു.
പതിറ്റാണ്ടുകളായി ഈ സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസ് മധ്യപ്രദേശിനെ പിന്നാക്കാവസ്ഥയിേക്ക് തളളിവിടുകയായിരുന്നു. മറ്റ സംസ്ഥാനങ്ങളെ അപേക്ഷിച്ച് സാമ്പത്തികമായും പിന്നാക്കാവസ്ഥയിലായിരുന്നു. സംസ്ഥാനത്തിന്റെ ബുന്ദേല്‍ഖണ്ഡ് മേഖലയില്‍ വെള്ളം, വൈദ്യുതി എന്നിവ കിട്ടാക്കനിയായിരുന്നു. ഇന്ന് ബി.ജെ.പി ഭരണത്തിന് കീഴില്‍ എല്ലാ ഗ്രാമങ്ങളിലും പുതിയ റോഡുകള്‍ നിര്‍മ്മിക്കുകയും എല്ലാ വീട്ടിലും വൈദ്യുതിയും നല്‍കി. വരും ദിവസങ്ങളില്‍ വ്യവസായവല്‍ക്കരണം വരുമ്പോള്‍ മധ്യപ്രദേശ് പുതിയ ഉയരങ്ങള്‍ തൊടുമെന്ന് ഉറപ്പാണെന്നും മോദി പറഞ്ഞു.
അടുത്തിടെ നടന്ന ജി-20 ഉച്ചകോടിയുടെ വിജയം ഇന്ത്യയിലെ 140 കോടി ജനങ്ങളുടെയും വിജയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആഗോളതലത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ ജനങ്ങളുടെയും രാജ്യത്തിന്റെയും മൊത്തത്തിലുള്ള അഭിമാനത്തെ ഗണ്യമായി ഉയര്‍ത്തി. അന്താരാഷ്‌ട്ര നയതന്ത്രത്തിലും ആഗോള കാര്യങ്ങളിലും ഇന്ത്യയുടെ വര്‍ദ്ധിച്ചുവരുന്ന സ്വാധീനത്തെ ഈ അംഗീകാരം എടുത്തുകാണിക്കുന്നു.
നേരത്തെ, ബിനാ റിഫൈനറിയിലെ ‘പെട്രോകെമിക്കല്‍ കോംപ്ലക്സ്’ ഉള്‍പ്പെടെ 50,700 കോടി രൂപയുടെ പദ്ധതികള്‍ക്കും സംസ്ഥാനത്തുടനീളമുള്ള പത്ത് പുതിയ വ്യവസായ പദ്ധതികള്‍ക്കും പ്രധാനമന്ത്രി മോദി തറക്കല്ലിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക