തിരുവനന്തപുരം: മന്ത്രി എം.ബി. രാജേഷിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്തനാപുരം എംഎല്‍എ ബി. ഗണേഷ്കുമാര്. നിയമസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ക്കിടയിലാണ് രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. തദ്ദേശ എന്‍ജിനീയര്‍മാരും സെക്രട്ടറിമാരും കൃത്യമായി പ്രവത്തിക്കാത്തത് കാരണം പദ്ധതികള്‍ വൈകുന്നുവെന്നും കടലാസിസലെ നിര്‍ദേശങ്ങള്‍ പോരാ മന്ത്രി നേരിട്ട് ഇടപെടണമെന്നും ഗണേഷ്കുമാര് വിമര്‍ശിച്ചു. തന്റെ മാത്രമല്ല, എല്ലാ എംഎല്‍എമാരും ഇതിന്റെ പേരില്‍ ദുരിതം അനുഭവിക്കുകയാണെന്നും ഗണേഷ്കുമാര് തുറന്നടിച്ചു.
തദ്ദേശ എന്‍ജിനീയര്‍മാരുടെ കുറവുണ്ടെന്നും നിരവധിപേര്‍ തദ്ദേശ വകുപ്പില്‍ നിന്നും കൊഴിഞ്ഞു പോവുകയാമെന്നും മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ എന്‍ജിനിയറിങ് വിഭാഗത്തില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് പരിശോധിക്കാന്‍ വിഗദ്ധ സമിതിയെ നിയോഗിക്കും. ഈ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ പല കാരണങ്ങളാല്‍ തുടരുന്നില്ല. ഒടുവില്‍ പിഎസ്സി നിയമനം നല്കിയ 128 അസി. എന്ജിനീയര്മാരില് 93 പേര് മറ്റ് വകുപ്പുകളിലേക്ക് പോയി. ജോലി ഭാരവും മറ്റിടങ്ങളിലെ ശമ്പള വര്‍ധനവുമാണ് പ്രധാന കാരണമായി പറയുന്നത്. ഇക്കാര്യങ്ങള്‍ വിശദമായി വിദഗ്ധ സമിതി പരിശോധിക്കും. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകും. അസി. എന്‍ജിനീയര്‍മാര്‍ ഇല്ലാത്തിടങ്ങളില്‍ പിഎസ്സി നിയമനം വരുന്നതുവരെ താല്‍ക്കാലിക നിയമനം നടത്താന്‍ അനുമതി നല്‍കിട്ടുണ്ടെങ്കിലും പലയിടത്തും നടക്കുന്നില്ല. വകുപ്പ് ഏകീകരണത്തിന്റെ ഭാഗമായി സ്ഥലംമാറ്റം നടപ്പാക്കി. പഞ്ചായത്തില്‍ നിന്ന് നഗരസഭയിലേക്ക് മാറുന്നവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ ആരോഗ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും എതിരെയും ഗണേഷ്കുമാര് രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: