പള്ളിക്കത്തോട് (കോട്ടയം): ഭാരതത്തിലെ മികച്ച പഞ്ചായത്തുകളിലൊന്നായി പള്ളിക്കത്തോട് പഞ്ചായത്തിനെ മാറ്റുമെന്ന് പി.ടി. ഉഷ എംപി. സന്‍സദ് ആദര്‍ശ് ഗ്രാമം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു പി.ടി.ഉഷ.
ഗ്രാമങ്ങളുടെ വികസനമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായാണ് സന്‍സദ് ആദര്‍ശ് ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. ഗ്രാമങ്ങളെ അവസരങ്ങളുടെ കേന്ദ്രമായി മാറ്റുന്നതാണ് പദ്ധതി. വികസനം, അടിസ്ഥാന സൗകര്യം, പുരോഗതി, ടെക്നോളജി എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയാണ് പദ്ധതി നടത്തിപ്പ്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും മേല്‍നോട്ടം പദ്ധതി നടത്തിപ്പിന് ഉണ്ടാകുമെന്നും പി.ടി. ഉഷ എംപി പറഞ്ഞു.
കമ്മ്യൂണിറ്റി ഹാളില്‍ നടന്ന യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു അധ്യക്ഷയായി. ലോഗോ പ്രകാശനവും വിവിധ മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനവും പ്രമുഖരെ ആദരിക്കലും പി.ടി. ഉഷ എംപി നിര്‍വ്വഹിച്ചു. കല്ലാടംപൊയ്ക കുടുംബാരോഗ്യ കേന്ദ്രത്തില്‍ സൗജന്യ ഡയാലിസ് യൂണിറ്റ് ആരംഭിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള പ്രഖ്യാപനവും യോഗത്തില്‍ നടന്നു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. വിപിനചന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം, ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് ടി.എന്‍. ഗിരീഷ്കുമാര്‍, നോഡല്‍ ഓഫീസര്‍ ബിവിന്‍ ജോണ്‍ വര്‍ഗീസ്, നോഡല്‍ ഓഫീസര്‍ ബിവിന്‍ ജോണ്‍ വര്‍ഗീസ്, ബിഡിഒ ദില്‍ഷാദ് ഇ., ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ് വി. തുടങ്ങിയവര്‍ സംസാരിച്ചു.
രാവിലെ പള്ളിക്കത്തോട് ബസ്സ്റ്റാന്‍ഡ് ജങ്ഷനില്‍ എത്തിയ പി.ടി. ഉഷ എംപിയ്ക്ക് നിരവധി പേരുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. തുടര്‍ന്ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ സന്‍സദ് ആദര്‍ശ് ഗ്രാമം പദ്ധതിയില്‍ പള്ളിക്കത്തോട്ടില്‍ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ച് ചര്‍ച്ച നടന്നു. ജനപ്രതിനിധികളും, പൗരപ്രമുഖരും വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: