കൊച്ചി: വായ്പാ തുക പൂര്‍ണ്ണമായി തിരിച്ചടക്കുകയോ, തീര്‍പ്പാക്കുകയോ ചെയ്ത് കഴിഞ്ഞാല്‍, വായ്പയെടുത്തവര്‍ക്ക് അവരുടെ ആധാരം ഉടനടി തിരിച്ചുനല്‍കണമെന്ന നിര്‍ദ്ദേശവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ലോണ്‍ എടുത്തയാള്‍ വായ്പാ തുക പൂര്‍ണ്ണമായും തിരിച്ചടച്ച് കഴിഞ്ഞാല്‍ 30 ദിവസത്തിനകം, ഈടായി നല്കിയ മുഴുവന്‍ യഥാര്‍ത്ഥ രേഖകളും ഉടമയ്ക്ക് തിരിച്ചുനല്‍കണം. ഇക്കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത മറ്റു ചാര്‍ജുകള്‍ നീക്കം ചെയ്യാനും ആര്‍ബിഐ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം നല്കി.
ഈടായി നല്കിയ ആധാരം പോലുള്ള രേഖകള്‍,സെറ്റില്‍മെന്റ് കഴിഞ്ഞ് 30 ദിവസത്തിനപ്പുറം തിരിച്ചുനല്‍കാതിരുന്നാല്‍ വൈകുന്ന ഓരോ ദിവസത്തിനും 5,000 രൂപ നിരക്കില്‍ വായ്പക്കാരന് ബാങ്കുകള്‍ നഷ്ടപരിഹാരം നല്‍കണമെന്നും ആര്‍ബിഐ മുന്നറിയിപ്പ് നല്കി. ഡിസംബര്‍ ഒന്ന് മുതല്‍ ഇത്തരം കേസുകള്‍ക്ക് ആര്‍ബിഐയുടെ പുതിയ നടപടിക്രമങ്ങള്‍ ബാധകമായിരിക്കും.
വ്യക്തിഗത വായ്പകള്‍ അടച്ചുതീര്‍ത്ത് കഴിഞ്ഞാലും, ഈട് നല്കിയ രേഖകള്‍ തിരികെ ലഭിക്കുമ്പോള്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ചില വായ്പ നല്കുന്ന സ്ഥാപനങ്ങളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവന്നുവെന്ന പരാതികളെത്തുടര്‍ന്നാണ് ആര്‍ബിഐ നടപടി. ചെറുകിട ധനകാര്യ ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍, സംസ്ഥാന സഹകരണ ബാങ്കുകള്‍, ജില്ലാ കേന്ദ്ര സഹകരണ ബാങ്കുകള്‍, എന്‍ബിഎഫ്സികള്‍, ഉള്‍പ്പെടെ മുഴുവന്‍ വാണിജ്യ ബാങ്കുകള്‍ക്കും ആര്‍ബിഐയുടെ നിര്‍ദ്ദേശം ബാധകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: