തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ സംസ്ഥാന കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷം. രമേശ് ചെന്നിത്തല പിടിവള്ളിക്കായി നെട്ടോട്ടമോടുമ്പോള്‍ കെ.സി .
വേണുഗോപാല്‍ സംസ്ഥാന നേതൃത്വത്തില്‍ പിടിമുറുക്കുകയാണ്.
അടൂര്‍ പ്രകാശിനെയും കെ. മുരളീധരനെയും ലോക്സഭയിലേക്ക് മത്സരിപ്പിക്കാന്‍ പാടില്ലായിരുന്നു എന്ന് ചെന്നിത്തല ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് പുതിയ പോരിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നിലവിലെ ഗ്രൂപ്പ് സമവാക്യങ്ങളെ മാറ്റി തന്റെ കൂടെ ആളെ കൂട്ടാനുള്ള തന്ത്രമാണ് ചെന്നിത്തലയുടെ പ്രസ്താവനയും കരുനീക്കങ്ങളും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിലവിലെ എംപിമാര്‍ മത്സരിക്കണമെന്നാണ് എഐസിസിയുടെ തീരുമാനം. എന്നാല്‍ കെ. മുരളീധരനും അടൂര്‍ പ്രകാശിനും നിയമസഭയിലേക്ക് മത്സരിക്കാനാണ് താത്പര്യം. കെ. മുരളീധരനാകട്ടെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തിനും കണ്ണുവച്ചിട്ടുണ്ട്. നിലവിലെ പ്രസിഡന്റ് കെ. സുധാകരന് ആരോഗ്യപരമായ കാരണങ്ങളാല്‍ ചികിത്സയ്ക്ക് പോകേണ്ടതായിട്ടുണ്ട്. കേന്ദ്ര നേതൃത്വം അനുമതിയും നല്കി. അതിനാല്‍ താത്ക്കാലിക പ്രസിഡന്റ് എന്ന നിലയില്‍ കെപിസിസിയുടെ സ്ഥാനം വഹിക്കാന്‍ കെ. മുരളീധരന് നീക്കം നടത്തുന്നുണ്ട്.
ഈ അവസരം മുതലെടുത്താണ് ചെന്നിത്തല ഇരുവരെയും തന്റെ പാളയത്തില്‍ എത്തിക്കാനുള്ള നീക്കം തുടങ്ങിയത്. കെ. കരുണാകരനുണ്ടായിരുന്ന എന്‍എസ്എസിലെ സ്വാധീനം കെ. മുരളീധരന് നിലനിര്‍ത്തുന്നുണ്ട്. മുസ്ലീം വിഭാഗവുമായും മുരളീധരന് അടുത്ത ബന്ധമുണ്ട്. അടൂര്‍ പ്രകാശിന് എസ്എന്‍ഡിപിയില്‍ കാര്യമായി സ്വാധീനമുണ്ട്. അതിനാല്‍ ഇരുവരുടെയും ആഗ്രഹത്തിന് പിന്തുണ നല്കി പാര്‍ട്ടിയിലെ സ്വാധീനം വീണ്ടും നേടിയെടുക്കാനുള്ള നീക്കമാണ് ചെന്നിത്തല നടത്തുന്നത്.
സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ കേന്ദ്രനേതൃത്വത്തിലെ വലിയ സ്വാധീനമുപയോഗിച്ച് സംസ്ഥാന കോണ്‍ഗ്രസില്‍ പിടിമുറുക്കുന്ന സാഹചര്യത്തിലാണ് സ്വാധീനം തിരിച്ചുപിടിക്കാനുള്ള ചെന്നിത്തലയുടെ പുതിയ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: