ന്യൂദല്‍ഹി: രാജ്യദ്രോഹക്കുറ്റമായ ഐപിസി 124 എയുടെ നിയമപരമായ സാധുത വിശാല ഭരണഘടനാബെഞ്ച് പരിശോധിക്കുമെന്ന് സുപ്രീംകോടതി. അഞ്ച് അംഗങ്ങളില്‍ കുറയാത്ത വിശാലമായ ബെഞ്ചാണ് ഹര്‍ജി പരിശോധിക്കുകയെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.
തുല്യത, അഭിപ്രായ സ്വാതന്ത്ര്യം, തുടങ്ങിയ മൗലികാവകാശങ്ങളുടെ ലംഘനമാണോ രാജ്യദ്രോഹക്കുറ്റം എന്നാണ് കോടതി പരിശോധിക്കുന്നത്. രാജ്യദ്രോഹ കുറ്റത്തിന് അനുകൂലമായ കേദാര്‍നാഥ് കേസിലെ വിധിയും വിശാല ബെഞ്ച് പുനഃപരിശോധിക്കും. 1962 ലെ കേദാര്‍നാഥ് കേസിലെ വിധി അഞ്ചംഗ ബെഞ്ചിന്റേതായിരുന്നു. അതിനാലാണ് വിശാലമായ ബെഞ്ച് പരിഗണിക്കട്ടെ എന്ന് ചീഫ് ജസ്റ്റീസിന്റെ അധ്യക്ഷയിലുള്ള മൂന്നംഗ ബെഞ്ച് തീരുമാനിച്ചത്. ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
ഇന്ത്യന്‍ പീനല്‍ കോഡിന് പകരമായി പുതിയ ബില്‍ കൊണ്ടുവരുന്നതിനാല്‍ കേസില്‍ വാദം കേള്‍ക്കുന്നത് മാറ്റണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യവും ബെഞ്ച് നിരസിച്ചു. പുതിയ ബില്‍ നിയമമായാലും ഐപിസി 124 എ പ്രകാരമുള്ള മുന്‍കാല കേസുകളെ ബാധിക്കില്ലെന്നും പുതിയ ശിക്ഷാനിയമം ഭാവിയില്‍ മാത്രമേ ബാധകമാകൂവെന്നും ബെഞ്ച് പറഞ്ഞു. അതിനാല്‍, വ്യവസ്ഥയുടെ സാധുത സംബന്ധിച്ച് ഭരണഘടനാപരമായ വിധിയുടെ ആവശ്യകതയെ പുതിയ നിയമം ഒഴിവാക്കില്ലെന്നും ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: