ന്യൂദല്‍ഹി: കരിമണല്‍ കമ്പനിയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ മാസപ്പടി വാങ്ങിയെന്ന കണ്ടെത്തലില്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തിയാല്‍ വസ്തുതകള്‍ ഇല്ലാതാകില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്. ബിജെപി
യുടെ രാഷ്ട്രീയ വേട്ടയാടല്‍ ആണ് നടക്കുന്നതെങ്കില്‍ പരാമര്‍ശം നീക്കാന്‍ മുഖ്യമന്ത്രിയും മകളും മേല്‍ക്കോടതിയെ സമീപിക്കാത്തത് എന്തുകൊണ്ടെന്നും കേന്ദ്രമന്ത്രി ചോദിച്ചു. ഒരു മാസത്തിനുശേഷം വിഷയത്തില്‍ പ്രതികരണവുമായി എത്തിയ പിണറായി വിജയന് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും വി. മുരളീധരന് ദല്‍ഹിയില്‍ പറഞ്ഞു.
മാസപ്പടി കൈപ്പറ്റി വീണ വിജയന് നല്കിയ സേവനമെന്തെന്ന് വിശദീകരിക്കാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. നിയമപരമായി ആണ് എല്ലാം നടന്നതെങ്കില്‍ മാനനഷ്ടത്തിന് മുഖ്യമന്ത്രി കേസ് കൊടുക്കണം. മടിയില്‍ കനമില്ലെന്ന് ഇടയ്ക്കിടെ ആവര്‍ത്തിച്ചിട്ട് കാര്യമില്ല. വി.ഡി. സതീശനേയും കോണ്‍ഗ്രസിനേയും പ്രതിപക്ഷത്തേയും ബോധ്യപ്പെടുത്തിയാല്‍ എല്ലാമാകില്ല. പിണറായിയുടെ വീടിന് മുന്നില്‍ വി.ഡി. സതീശന് ഈ വിടീന്റെ ഐശ്വര്യമെന്ന് എഴുതിവെക്കേണ്ട അവസ്ഥയാണ്. സഹകരണ പ്രതിപക്ഷം സഭയില്‍ മിണ്ടുന്നില്ലെന്നും മുരളീധരന് ആരോപിച്ചു.
കിറ്റില്‍ വീഴ്ച വന്നാലും കെഎസ്ആര്‍ടിസി വഴിയിലായാലും നെല്ല് സംഭരണം മുടങ്ങിയാലും കേന്ദ്രത്തെ പഴിക്കുന്ന കാപ്സ്യൂള്‍ ഇനി വിലപ്പോകില്ല. മാസപ്പടിയിലെ ചോദ്യങ്ങള്‍ ചോദ്യങ്ങളായി തന്നെ അവശേഷിക്കുന്നുണ്ടെന്നും വി. മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: