മങ്കൊമ്പ്: രണ്ടാം കൃഷിയുടെ നെല്ലു സംഭരണം പടിവാതിക്കല്‍ എത്തിയിട്ടും സര്‍ക്കാര്‍ സംഭരണ നയം പ്രഖ്യാപിക്കാത്തതില്‍ നെല്‍ കര്‍ഷക സംരക്ഷണ സമിതി പ്രതിഷേധിച്ചു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ പല ഘട്ടങ്ങളിലായി വര്‍ധിപ്പിച്ചതും കൈകാര്യം ചെലവായ 12 പൈസയും കൂടി നെല്ലിനു കിലോയ്ക്കു 31.47 രൂപ ലഭ്യമാക്കണമെന്നും ഇതിനു തയാറാകാത്തപക്ഷം മുഴുവന്‍ നെല്‍ കര്‍ഷകരെയും അണിനിരത്തി ശക്തമായ സമരം നടത്താനും യോഗം തീരുമാനിച്ചു.
പുഞ്ച കൃഷിയുടെ നെല്‍വില ഇനിയും ലഭ്യമായിട്ടില്ലാത്ത കര്‍ഷകരെ സഹായിക്കുന്നതിനുവേണ്ടി സംഘടനയുടെ ഹെല്പ്ലൈന് ആരംഭിച്ചു. കര്‍ഷകര്‍ക്കു ഹെല്‍പ്പ് ലൈന്‍ നമ്പരില്‍ 8281755466 ബന്ധപ്പെടാവുന്നതാണ്.
രണ്ടാംകൃഷിയുടെ വിളവെടുപ്പു നടക്കുന്ന ഒക്ടോബര്‍ മാസത്തില്‍ രൊക്കം പണം നല്കി നെല്ല് സംഭരിക്കുക, ഹാന്‍ഡിലിങ് ചാര്‍ജ് പൂര്‍ണമായും സര്‍ക്കാര്‍ നല്‍കുക, കിഴിവു കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യമുന്നയിച്ചു കളക്ട്രേറ്റിനു മുന്നില്‍ കര്‍ഷക ധര്‍ണ നടത്താന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ മികച്ച വിദ്യാര്‍ഥി കര്‍ഷകനായി തിരഞ്ഞെടുക്കപ്പെട്ട അര്ജുന് അശോക് മിത്രക്കരിയെ ചടങ്ങില്‍ ആദരിച്ചു. പ്രസിഡന്റ് റജീന അഷ്റഫ് കാഞ്ഞിരം അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: