തിരുവനന്തപുരം: സനാതന ധര്‍മത്തിനെതിരെയുള്ള തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന ആസൂത്രിതമായ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന്.
കുടുംബാധിപത്യത്തിന്റെയും അഴിമതിയുടെയും കഥകള്‍ മറച്ചുയ്ക്കാനാണ് ഉദയനിധി സ്റ്റാലിന് പ്രാദേശിക രാഷ്ട്രീയഭാഷാ വാദങ്ങള്‍ ഉയര്‍ത്തികൊണ്ടുവരുന്നത്. സനാതന ധര്‍മത്തിന്റെ മാനിഫെസ്റ്റോ ഉപനിഷത്തുകളില്‍ പറഞ്ഞിട്ടുണ്ട്. അത്, അന്യന്റെ മുതലും രാഷ്ട്രത്തിന്റെ സമ്പത്തും അപഹരിക്കരുതെന്നാണ്. അതിന് കഴിയാത്ത സ്റ്റാലിന്റെ പാര്‍ട്ടിക്ക് എന്ത് സാമൂഹ്യനീതിയാണ് ജനങ്ങള്‍ക്ക് മുമ്പില്‍ വയ്ക്കാന്‍ കഴിയുന്നത്. ധര്‍മത്തിലധിഷ്ഠിതമാണ് ഭാരതത്തിന്റെ നിലനില്പ്. ധര്‍മം ഏതെങ്കിലും മതത്തിനോ ജാതിക്കോ ദേശത്തിനോ മാത്രമായിട്ടുള്ളതല്ല.
സമ്പൂര്‍ണ മനുഷ്യരാശിയുടെ ക്ഷേമം ധര്മത്തിലൂടെയേ സാഫല്യമാക്കാന് കഴിയുകയുള്ളു, സഞ്ജയന് പറഞ്ഞു. സ്വാമി വിവേകാനന്ദന്റ 1893ലെ ചിക്കാഗോ പ്രസംഗ വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കവടിയാര്‍ വിവേകാനന്ദ പ്രതിമയില്‍ പുഷ്പാര്‍ച്ചനയ്ക്ക് ശേഷം മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭാരതം ഇന്ന് ലോകത്തിന് മുന്നില്‍ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന രാഷ്ട്രമായി ഉയര്‍ന്നുവന്നത് സ്വാമി വിവേകാനന്ദന്റെ പ്രവര്‍ത്തനങ്ങള്‍ മൂലമാണ്. ഗ്ലോബല്‍ സൗത്തിന്റെ നേതൃത്വം ചൈനയ്ക്കല്ല ഭാരതത്തിനാണെന്നാണ് ജി20 ഉച്ചകോടി നല്കിയ സന്ദേശം. ഒരു യുഗപരിവര്‍ത്തനത്തിന്റെ നാന്ദിയാണ് 2011ന് ശേഷം ഭാരതത്തില്‍ സംഭവിച്ചത്.
ഇരുന്നൂറ് വര്‍ഷത്തിനിടെ ഭാരതത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ എന്തെന്ന് മനസിലാക്കാന്‍ കഴിയാത്ത കൂപമണ്ഡൂകങ്ങളാണ് ഭാരതത്തിന്റെ പൈതൃകത്തെ ആസൂത്രിതമായി അപമാനിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്. മഹര്‍ഷി അരവിന്ദന് 1909ല്‍ നടത്തിയ ഉത്തരപാറ പ്രസംഗത്തില്‍ സ്വാതന്ത്ര്യ സമരത്തില്‍ സനാതന ധര്‍മത്തിന്റെ പങ്ക് എന്തെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഭാരതരാഷ്ട്രം പിറവി കൊണ്ടത് സനാതന ധര്മത്തിലൂന്നിയാണെന്നാണ് അദ്ദേഹം പറഞ്ഞത്. സനാതന ധര്‍മം തന്നെയാണ് ഭാരത ദേശീയത, അതുതന്നെയാണ് ഹിന്ദുസമൂഹത്തിന്റെ ആധാരശില. ഇതിനെ കുറിച്ച് ധാരണയില്ലാത്തവരാണ് സനാതന ധര്‍മത്തെ ഉന്മൂലനം ചെയ്യണമെന്ന് പറഞ്ഞ് കോടാനുകോടി ജനങ്ങളെ നിന്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്നതെന്ന് ആര്. സഞ്ജയന് പറഞ്ഞു.
വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. സി.വി. ജയമണി അധ്യക്ഷത വഹിച്ചു.
മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഡോ. കെ.എം. മധുസൂദനന് പിള്ള, ഭാരതീയ വിചാരകേന്ദ്രം സംഘടനാ സെക്രട്ടറി വി. മഹേഷ്, ഡോ. വിജയകുമാരന്‍ നായര്‍, ഡോ. ശ്രീകലാദേവി, വിനോദ്, വി.എസ്. സജിത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: