ന്യൂദല്‍ഹി: രാജ്യത്ത് പലയിടങ്ങളിലും തെരുവുനായ ആക്രമണങ്ങള്‍ കൂടുന്നതില്‍ സുപ്രീം കോടതിക്ക് ആശങ്ക. ഈ സാഹചര്യത്തില്‍ തെരുവുനായ ശല്യവുമായി ബന്ധപ്പെട്ട്, കേരളത്തില്‍ നിന്നുള്‍പ്പെടെയുള്ള വിവിധ ഹര്‍ജികള്‍ ഈ മാസം 20ന് കോടതി പരിഗണിക്കും.
മറ്റൊരു കേസിന്റെ വാദം നടക്കുന്നതിനിടെയാണ് തെരുവുനായ പ്രശ്നം സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. ഈ കേസിലെ വാദത്തിന് അഭിഭാഷകന് കുനാര്‍ ചാറ്റര്‍ജി കൈയില്‍ ബാന്ഡേജുമായിട്ടാണ്, കോടതിയിലെത്തിയത്. ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് കാര്യം അന്വേഷിച്ചപ്പോള്‍, രാവിലെ നടക്കാനിറങ്ങിയപ്പോള്‍ അഞ്ചു തെരുവു നായകള്‍ ആക്രമിച്ചെന്ന് അഭിഭാഷകന് മറുപടി നല്കി. ഈ സമയത്ത് മറ്റു അഭിഭാഷകരും തെരുവുനായ പ്രശ്നം ഉയര്‍ത്തി.
തെരുവുനായ പ്രശ്നം ഗുരുതരമാണെന്നും കോടതി സ്വമേധയാ കേസ് എടുക്കണമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയോട് അഭ്യര്‍ഥിച്ചു. വിഷയം പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: