തിരുവനന്തപുരം: 2001 ല്‍ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ ആര്‍ഭാടമായി നടത്തിയ ഗ്രന്ഥശാല ഡയമണ്ട് ജൂബിലി ആയപ്പോഴേക്കും തകര്‍ച്ചയുടെ വക്കില്‍.
വായനാശീലം വളര്‍ത്തുന്നതിനും വിനോദത്തിനും വിജ്ഞാനത്തിനും അതിലുപരി ഒരു നാടിന്റെ സാംസ്കാരിക കേന്ദ്രമായി വളര്ത്തിയെടുക്കേണ്ടണ്ട ഒരു സ്ഥാപനമാണ് കേവലം സ്വാര്‍ത്ഥ താല്പര്യങ്ങള്ക്കും കച്ചവട താല്പര്യങ്ങള്ക്കും മാത്രം പ്രാധാന്യം നല്കി നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസിന്റയും സിപിഐയുടെയും പ്രാദേശിക നേതാക്കളാണ് ഭരണസമിതിയില്‍ ഉള്ളത്. തിരുവനന്തപുരം ജില്ലാ ലൈബ്രറി കൗണ്‍സിലിനു കീഴില്‍ കാലടി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗ്രാമോദ്ധാരണ സംഘം ഗ്രന്ഥശാലയ്ക്ക് ഇപ്പോള്‍ പേരില്‍ മാത്രമേ ഗ്രന്ഥശാലയുളളൂ. ഗ്രന്ഥശാലയും വായനശാലയും പ്രവര്‍ത്തനം നിലച്ചിട്ട് വര്‍ഷങ്ങളായി. ഒരു കാലത്ത് കാലടിയില്‍ ഉഗ്രപ്രതാപത്തോടെ പ്രവര്‍ത്തിച്ചിരുന്ന ഗ്രന്ഥശാലയാണ് ഇന്ന് ദയാവധം കാത്ത് കഴിയുന്നത്.
2001 ല്‍ ഗ്രന്ഥശാലയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ വളരെ ആര്‍ഭാടമായാണ് നടത്തിയത്. പത്ത് ദിവസം നീണ്ടു നിന്ന കലാകായിക മത്സരങ്ങളും ഈസ്റ്റ്മണ്ഡലം എംഎല്‍എയായിരുന്ന ബി. വിജയകുമാര്‍ ഉദ്ഘാടകനും ജില്ലാ, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റുമാരും രാഷ്ട്രീയ നേതാക്കളും സാംസ്കാരിക നായകരും ഒക്കെ പങ്കെടുത്ത സമ്മേളനം തുടങ്ങിയവയൊക്കെയായി അതിഗംഭീരമായിട്ടായിരുന്നു സുവര്‍ണ ജൂബിലി ആഘോഷിച്ചത്. 2009 ല്‍ കാലടി മരുതൂര്‍ക്കടവ് റോഡ് വികസനവുമായി ബന്ധപ്പെട്ട് ഗ്രന്ഥശാല കെട്ടിടം പൊന്നുംവിലയ്ക്ക് സര്‍ക്കാര്‍ ഏറ്റെടുത്ത് പൊളിച്ചതോടെയാണ് തകര്‍ച്ചയ്ക്ക് തുടക്കമായത്. ഗ്രന്ഥശാലയില്‍ ഉണ്ടായിരുന്ന പതിനായിരക്കണക്കിന് വരുന്ന പുസ്തകങ്ങളും പത്രമാസികകളും ചാക്കില്‍ കെട്ടി കാലടി ഗവണ്മെന്റ് ഹൈസ്കൂളിലെ ഒഴിഞ്ഞ മുറിയില്‍ കൊണ്ടുപോയി കൂട്ടിയിട്ടു. മാസങ്ങള്‍ കഴിഞ്ഞിട്ടും പുസ്തകങ്ങള്‍ മാറ്റാതായതോടെ കാലടി സ്കൂളിലെ പിടിഎ പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ മുറി ഒഴിയണമെന്ന് ഉത്തരവിട്ടു.
ഡിഡിയുടെ ഉത്തരവ് അനുസരിക്കാത്തതിനാല്‍ ലൈബ്രറി സെക്രട്ടറിയോട് പുസ്തകങ്ങള്‍ ഉടന്‍ മാറ്റിയില്ലെങ്കില്‍ ജപ്തി ചെയ്ത് നീക്കുമെന്ന് ജില്ലാ കളക്ടര്‍ക്ക് ഉത്തരവിറക്കേണ്ടി വന്നു. ജില്ലാ കളക്ടറുടെ ഉത്തരവിനെത്തുടര്‍ന്ന് റോഡ് വികസനത്തിന് വേണ്ടി പൊളിച്ചുമാറ്റിയ പഴയ ഗ്രന്ഥശാലാ കെട്ടിടത്തിന്റെ ബാക്കിയുള്ള സ്ഥലത്ത് നിര്‍മിച്ചുകൊണ്ടിരുന്ന കെട്ടിടത്തില്‍ കൊണ്ടിട്ടു. ദോഷം പറയരുതല്ലോ, 2009 ല്‍ കെട്ടിടം പൊളിച്ചതു മുതല്‍ ഗ്രന്ഥശാല പ്രവര്‍ത്തിക്കുന്നില്ലെങ്കിലും 2009-2010, 2010-2011 കാലയളവിലെ ലൈബ്രറി ഗ്രാന്റും ലൈബ്രേറിയന്‍ അലവന്‍സും ഉള്‍പ്പടെ 66,400 രൂപ ഭരണസമിതി കൈപ്പറ്റിയിട്ടുണ്ട്. കൂടാതെ പൊളിച്ചുമാറ്റിയ ഗ്രന്ഥശാലാ കെട്ടിടത്തിന് പകരം നാല് കടമുറികള്‍ കെട്ടി വാടകയ്ക്ക് കൊടുക്കുകയും ചെയ്തു. പഴയ കെട്ടിടം പൊളിച്ചു മാറ്റിയപ്പോള്‍ നഷ്ടപരിഹാരമായി ലഭിച്ച എട്ട് ലക്ഷത്തോളം രൂപയുടെ ഒരു കണക്കും ഇപ്പോള്‍ ഇല്ല എന്നാണ് അറിയുന്നത്.
കടമുറികള്‍ കെട്ടി വാടകയ്ക്ക് കൊടുക്കാന്‍ കാണിച്ച ഉത്സാഹം കമ്മറ്റിക്കാര് പക്ഷേ ഗ്രന്ഥശാല പുനഃസ്ഥാപിക്കാന്‍ കാണിച്ചില്ല. ഒടുവില്‍ നാട്ടുകാര്‍ സംഘടിച്ച് ഗ്രന്ഥശാലാ സംരക്ഷണ സമിതി രൂപീകരിച്ച് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുകയും അധികൃതര്‍ക്ക് പരാതികള്‍ നല്‍കുകയും ചെയ്ത ശേഷമാണ് താല്‍ക്കാലിക ഷെഡ് പണിത് ഗ്രന്ഥശാലയും വായനശാലയും വീണ്ടും പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ ഇപ്പോള്‍ പിന്നെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഗ്രന്ഥശാല പ്രവര്‍ത്തനമാരംഭിക്കണമെന്നും സാമ്പത്തിക തിരിമറി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: