കോട്ടയം: തിരുവാർപ്പിൽ ബസ് ഉടമയെ മർദ്ദിച്ച സംഭവത്തിൽ തുറന്ന കോടതിയിൽ നിരുപാധികം മാപ്പ് പറയാമെന്ന് സിഐടിയു നേതാവ്. കെആർ അജയ്. കോടതിയലക്ഷ്യത്തിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് അജയ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ജൂൺ 25-ന് രാവിലെയാണ് ബസ് ഉടമ രാജ് മോഹനെ സിഐടിയു ജില്ലാ കമ്മിറ്റി അംഗവും തിരുവാർപ്പ് പഞ്ചായത്ത് അംഗവുമായ അജയ് കയ്യേറ്റം ചെയ്തത്.
തൊഴിൽ തർക്കത്തെ തുടർന്ന് തിരുവാർപ്പ്-കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസിൽ സിഐടിയു കൊടി കുത്തിയിരുന്നു. ഇതേത്തുടർന്ന് വിമുക്തഭടനും സംരംഭകനുമായ രാജ് മോഹൻ കൈമൾ ബസിന് മുന്നിൽ ലോട്ടറി വിൽപ്പന ആരംഭിച്ചിരുന്നു. ജൂൺ 25ന് രാവിലെ 7.45ന് ബസ് എടുക്കുന്നതിനായി കൊടിതോരണങ്ങൾ നീക്കം ചെയ്യുന്നതിനിടെയാണ് രാജ് മോഹനു മർദ്ദനമേറ്റത്. പോലീസ് നോക്കിനിൽക്കെയായിരുന്നു അക്രമം.
രാജ് മോഹൻ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ പോലീസ് സംരക്ഷണത്തോടെ സർവീസ് നടത്താൻ അവസരമൊരുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഇത് വെല്ലുവിളിച്ച് സിഐടിയു- സിപിഎം നേതാക്കൾ രംഗത്തെത്തി. കോടതി ഉത്തരവ് നടപ്പാക്കാൻ നേതാക്കൾ അനുവദിച്ചിരുന്നില്ല. രാവിലെ സർവീസ് നടത്താൻ എത്തിയ ബസ് ഉടമയേയും തൊഴിലാളികളേയും സിപിഎം നേതാക്കൾ തടഞ്ഞു. ഇവരെ വെല്ലുവിളിച്ച് ഭീഷണിപ്പെടുത്തി. ഞങ്ങൾ കുത്തിയ ചെങ്കൊടി അഴിച്ചിട്ട് ധൈര്യമുണ്ടെങ്കിൽ ബസ് എടുക്കെന്നായിരുന്നു നേതാക്കൾ വെല്ലുവിളിച്ചത്.
സംഭവത്തിന് പിന്നാലെ ബിജെപി കുമരകം മണ്ഡലം വൈസ് പ്രസിഡന്റായ രാജ്‌മോഹൻ കുമരകം സ്‌റ്റേഷനിലെത്തി പ്രവർത്തകർക്കൊപ്പം അജയ് യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നടത്തി. ഈ സമയത്ത് സ്റ്റേഷനിലെത്തിയ അജയ്‌യെ അറസ്‌റ്‌റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: