ടിക്കറ്റ് എടുത്ത പലർക്കും അകത്തു കയറാൻ പോലുമായില്ലെന്ന് കാണിക്കുന്ന വീഡിയോകളും മറ്റും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ഇതില്‍ പലതിലും എആര്‍ റഹ്മാനെ അടക്കം ടാഗ് ചെയ്തിട്ടുണ്ട്. സ്ത്രീകൾക്ക് നേരെ അതിക്രമം ഉണ്ടായതായും പരാതി ഉയരുന്നുണ്ട്. ഒപ്പം തന്നെ പരിപാടിയുടെ ശബ്ദ ക്രമീകരങ്ങളിലും വലിയ പിഴവ് ആരോപിക്കപ്പെടുന്നുണ്ട്. പിന്‍നിരയില്‍ നിന്നവര്‍ക്ക് ഒന്നും കേള്‍ക്കാന്‍ സാധിച്ചില്ലെന്നാണ് പരാതി ഉയരുന്നത്. തിക്കിലും തിരക്കിലും അകപ്പെട്ട നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിനൊപ്പം തന്നെ പലയിടത്തും പൊലീസിന് പോലും നിയന്ത്രിക്കാന്‍ കഴിയാത്ത തിരക്കാണ് ഉണ്ടായത്.
സംഗീത സംവിധായകന്‍ എആർ റഹ്മാന്റെ ചെന്നൈയിലെ മ്യൂസിക്ക് ഷോ വമ്പൻ പരാജയമായി മാറിയിരുന്നു. ഇത് മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ചെന്നൈയില്‍ നടന്ന സംഗീതനിശക്കെതിരെ പരാതിപ്രവാഹമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. സംഘാടനത്തിൽ വൻ വീഴ്ചയാണ് സംഭവിച്ചത് എന്നാണ് എങ്ങും പരാതി ഉയരുന്നത്. ഒരുക്കിയിരുന്ന സീറ്റുകളെക്കാള്‍ കൂടുതൽ ടിക്കറ്റ് സംഘാടകര്‍ വിറ്റുവെന്നാണ് ഉയരുന്ന പ്രധാന ആരോപണം.
പരിപാടിക്ക് ശേഷം എആര്‍ റഹ്മാനെതിരെ സാമൂഹിക മാധ്യമങ്ങളിൽ ആരാധകരോഷം ഇരമ്പുകയാണ്. പരിപാടിയുടെ ടിക്കറ്റ് കീറിയെറിഞ്ഞ് പ്രതിഷേധം രേഖപ്പെടുത്തിയവരും ഉണ്ട്. അതേ സമയം ഷോ ഇത്രയും മോശമായി നടത്തിയതിന് റഹ്മാനും സംഘാടകര്‍ക്കും എതിരെ കേസ് എടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
അതേ സമയം ഏറെ വിമര്‍ശനം കേട്ട റഹ്മാന്‍ ഷോയുടെ പേരിലുള്ള പോസ്റ്റുകളില്‍ രസകരമായി പ്രതികരിക്കുകയാണ് മലയാളികള്‍. 2022 ല്‍ ഇറങ്ങിയ ബോക്സോഫീസില്‍ പരാജയപ്പെടുകയും ട്രോള്‍ നേരിടുകയും ചെയ്ത ചിത്രമാണ് ‘ആറാട്ട്’. മോഹന്‍ലാല്‍ അവതരിപ്പിച്ച നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായിരുന്നു ഇതിലെ കേന്ദ്ര കഥാപാത്രം. മുതലമട എന്ന ഗ്രാമത്തില്‍ എത്തുന്ന ഗോപന്‍ അവിടെ ഒരു എആര്‍ റഹ്മാന്‍ ഷോ നടത്തുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.
ഇത് വച്ചാണ് മലയാളികള്‍ ട്രോളുകളുമായി എത്തിയത്. തീവ്രവാദി ഭീഷണി പോലും വകവയ്‌ക്കാതെ റഹ്മാന്‍ ഷോ നടത്തിയ ഗോപനെ വിളിച്ചൂടെ എന്നാണ് പ്രധാന ട്രോള്‍ കമന്‍റ്. “ഞങ്ങളുടെ ആള് നെയ്യാറ്റിന്‍കര ഗോപന്‍ എത്ര പെര്‍ഫെക്ടായിട്ടാണ് മുതലക്കോട്ടയില്‍ റഹ്മാന്‍ ഷോ നടത്തിയത്.ചെന്നൈക്കാര് കണ്ട് പഠിക്ക്” എന്നാണ് ഒരു പോസ്റ്റ് പറയുന്നത്.
അതേ സമയം ചെന്നൈയിലെ എ ആർ റഹ്മാൻ ഷോ വമ്പൻ വിജയമെന്ന് സംഘാടകരായ എസിടിസി ഇവന്‍റ് അറിയിച്ചു. എന്നാല്‍ തിരക്ക് കാരണം സീറ്റ് കിട്ടാത്തവരോട് മാപ്പു ചോദിക്കുന്നു. ഈ വീഴ്ചയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു എന്നും ഇവര്‍ പത്ര കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: