”ഓരോ ശിശുരോദനത്തിലും കേള്‍പ്പൂ ഞാന്‍ ഒരുകോടി ഈശ്വര വിലാപം”. പ്രശസ്ത കവി പ്രൊഫ.മധുസൂദനന് നായരുടെ വരികളാണിത്. കേരളത്തിലെ സമകാലീന സാഹചര്യം വിലയിരുത്താന്‍ ഇതിനേക്കാള്‍ നല്ല വരികള്‍ മറ്റെവിടെയും ഉണ്ടാവില്ല. യുപിയിലെ ഒരു സ്കൂളില്‍ അംഗവൈകല്യം വന്ന ഒരു അധ്യാപിക ഹോംവര്‍ക്ക് ചെയ്യാത്ത ഒരു കുട്ടിയെ സഹപാഠികളെകൊണ്ട് തല്ലിച്ചത് ചിത്രീകരിച്ച് പ്രചരിപ്പിച്ച് യോഗി സര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധമാണെന്ന് വരുത്താന്‍ ആസൂത്രിത ശ്രമം നടത്തിയിരുന്നു. ആ കുഞ്ഞിനെ തല്ലിയത് തെറ്റാണ് എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പൂര്‍ണ്ണമായും അപലപിക്കേണ്ട വിഷയം തന്നെയാണ്. ഒറ്റപ്പെട്ട ഒരു സംഭവത്തെ കാണിച്ച് ബിജെപിയെയും യോഗിയേയും താറടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഈ സംഭവത്തില്‍ കുട്ടിയെ കേരളത്തില്‍ പഠിപ്പിക്കാം എന്നും മറ്റും പറഞ്ഞ് ഈ സംഭവത്തില്‍ യോഗി ആദിത്യനാഥിന് കത്തെഴുതിയ ഒരുമഹാന്‍ കേരളത്തില്‍ മന്ത്രിയാണ്, വി. ശിവന്‍കുട്ടി.
കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ഈ മന്ത്രി എന്തൊക്കെ മണ്ടത്തരം കാട്ടിയാലും ഊളത്തരം കാട്ടിയാലും വെറുതെ വിടുന്നത് പി. ഗോവിന്ദപിള്ളയോടും അദ്ദേഹത്തിന്റെ കുടുംബത്തോടുമുള്ള വ്യക്തിബന്ധവും ആദരവും കൊണ്ടാണ്. പക്ഷേ, അദ്ദേഹത്തിന്റെ പ്രവര്‍ത്തനരീതിയും അസഹിഷ്ണുതയും ആരോ പറയുന്നതുകേട്ട് ചാടിക്കളിക്കുന്ന വികൃതി കുഞ്ഞിരാമ വേഷവും ഇനിയും പറയാതിരിക്കാന്‍ വയ്യ. ഭാരതത്തില്‍ ഏറ്റവും നന്നായി വികസനോന്മുഖമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് യുപിയിലേത്. യുപിയിലെ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ട് അതിന് എന്തെങ്കിലും മറുപടി കിട്ടിയോ എന്നറിയില്ല. കിട്ടിയാലും ഇല്ലെങ്കിലും കേരളത്തിലെ കാര്യങ്ങള്‍ ശരിയാക്കിയിട്ട് പോരെ യുപി മുഖ്യമന്ത്രിക്ക് ശിവന്‍കുട്ടി കത്തയക്കുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ഗുണ്ടകള്‍ക്ക് സമാനമായ രീതിയില്‍ നിയമസഭയ്ക്കുള്ളില്‍ അഴിഞ്ഞാട്ടം നടത്തുകയും അകത്തും പുറത്തും ഒരേപോലെ സമാന രീതിയില്‍ പെരുമാറുകയും ചെയ്ത അത്ര എളുപ്പമല്ല മന്ത്രിപ്പണി എന്ന് ഇപ്പോള്‍ ശിവന്‍കുട്ടിക്ക് മനസ്സിലായിട്ടുണ്ടാവും.
കേരളത്തിലെ സ്കൂളുകളില്‍ കഴിഞ്ഞ മൂന്നുമാസം കുട്ടികള്‍ക്ക് ഉച്ചഭക്ഷണം വിതരണം ചെയ്ത വകയില്‍ 130 കോടി രൂപയാണ് കുടിശ്ശികയായി നല്‍കാനുള്ളത്. സര്‍ക്കാര്‍ ഫണ്ടിനെ ആശ്രയിച്ച് ഉച്ചഭക്ഷണ പദ്ധതി നടപ്പിലാക്കാന്‍ സത്യസന്ധരായ അധ്യാപകര്‍ക്ക് കഴിയില്ല. എട്ടുവര്‍ഷം മുന്‍പ് ഉച്ചഭക്ഷണത്തിന് തീരുമാനിച്ച തുകയാണ് ഇപ്പോഴും സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. എട്ടുവര്‍ഷത്തിനിടെ നിത്യോപയോഗ സാധനങ്ങളുടെ വില അഞ്ച് ഇരട്ടിയിലേറെ വര്‍ദ്ധിച്ചു. ഒരു കുട്ടിക്ക് ശരാശരി ഒരാഴ്ചത്തേക്ക് 40 രൂപയാണ് സര്‍ക്കാര്‍ വിഹിതം. ഇതില്‍ പാല്, മുട്ട എന്നിവയ്ക്ക് 24 രൂപ ചെലവാകും. ബാക്കി 16 രൂപയില്‍ നിന്നാണ് ഒരാഴ്ചത്തെ ഉച്ചഭക്ഷണം നല്‍കേണ്ടത്. യുപിക്ക് കത്തയക്കുന്നതിന് മുമ്പ് മന്ത്രി ശിവന്‍കുട്ടി സ്വന്തം വീട്ടിലെ അടുക്കളയില്‍ കയറി നോക്കണം. മൂന്നു രൂപ 20 പൈസയ്ക്ക് ഒരു കുട്ടിക്ക് ഒരു നേരത്തെ ഭക്ഷണം നല്കാന് കഴിയുമോ എന്നകാര്യം ചോദിച്ചു തീരുമാനിച്ച ശേഷം പോരേ മറ്റു സംസ്ഥാനങ്ങളെ നന്നാക്കാന്‍ നടക്കുന്നത്.
ഉച്ചഭക്ഷണത്തിലെ ഈ പ്രതിസന്ധി ഇപ്പോള്‍ പുറത്തുവന്നത് വിളപ്പില്‍ ഗവണ്മെന്റ് യു.പി സ്കൂളിലെ പ്രഥമാധ്യാപകന് ഇതിന്റെ ചുമതലയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചപ്പോഴാണ്. മൂന്നര ലക്ഷത്തോളം രൂപയാണ് അജിത്കുമാര്‍ എന്ന ഈ പ്രഥമാധ്യാപകന് സ്വര്‍ണം പണയം വച്ചും കടം വാങ്ങിയും ഉച്ചഭക്ഷണം വിതരണം ചെയ്യാന്‍ ചെലവഴിച്ചത്. സര്‍ക്കാര്‍ ഫണ്ട് നല്‍കിയിട്ട് മൂന്നുമാസമായി. മറ്റ് അധ്യാപകരും അദ്ദേഹത്തിനൊപ്പം പണം കടം വാങ്ങി നല്‍കിയിട്ടുണ്ട്. പല സ്കൂളുകളിലും മിക്ക ജില്ലകളിലും ഇതുതന്നെയാണ് സ്ഥിതി. ഒരുലക്ഷം രൂപ മുതല്‍ അഞ്ചുലക്ഷം രൂപ വരെ കടം വാങ്ങിയും ഭാര്യയുടെ ആഭരണം പണയം വച്ചും ചെലവഴിച്ച അധ്യാപകരുണ്ട്. പലചരക്കുകടകളില്‍ കടം പറഞ്ഞും കാലുപിടിച്ചും മടുത്തു എന്നാണ് അധ്യാപകര്‍ പറയുന്നത്. 500 കുട്ടികള്‍ക്ക് ഒരാള്‍ എന്ന നിലയില്‍ പാചക തൊഴിലാളികളെയും നിയമിച്ചിട്ടുണ്ട്. ഫണ്ട് മുടങ്ങിയതോടെ പാചക തൊഴിലാളികളുടെ ജീവിതവും വഴിമുട്ടി. ഉച്ചഭക്ഷണത്തിന്റെ ചുമതല ഏറ്റെടുത്താല്‍ കടം വാങ്ങിയും സ്വര്‍ണം പണയം വച്ചും പണം നല്‍കേണ്ടി വരുന്നതും. ഇതിന്റെ തലവേദന വഹിക്കാന്‍ പറ്റാത്തതു കാരണം പല അധ്യാപകരും ഹെഡ്മാസ്റ്റര് ആയുള്ള സ്ഥാനക്കായറ്റം തന്നെ വേണ്ടെന്നു വയ്ക്കുകയാണ്. മാത്രമല്ല, സ്കൂള്‍ ഉച്ചഭക്ഷണത്തിന്റെ ചുമതല മറ്റാരെയെങ്കിലും ഏല്‍പ്പിക്കണമെന്ന ആവശ്യവും അധ്യാപകര്‍ ഉയര്‍ത്തുന്നുണ്ട്. സംസ്ഥാനത്ത് 12,600 സ്കൂളുകളില്‍ എട്ടാം ക്ലാസ് വരെയുള്ള 30 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് ഉച്ചഭക്ഷണം നല്‍കുന്നത്. 150 കുട്ടികള്‍ വരെയുള്ള സ്കൂളിന് ഒരു കുട്ടിക്ക് എട്ടു രൂപയും 150 നു മുകളില്‍ 500 വരെ കുട്ടികളുള്ള സ്കൂളിന് അധികം വരുന്ന ഓരോ കുട്ടിക്കും ഏഴു രൂപയും 500 മുകളില്‍ ഉള്ള ഓരോ കുട്ടിക്കും ആറു രൂപയും അനുവദിക്കും. ഈ തുക അപര്യാപ്തമാണെന്നും ഇതുകൊണ്ട് ഉച്ചഭക്ഷണം നല്കാന് ആവില്ല എന്നുമാണ് അധ്യാപകര്‍ പറയുന്നത്.
കഴിഞ്ഞ മൂന്നുമാസമായിട്ടും ഈ ഉച്ചഭക്ഷണ പദ്ധതി മുടങ്ങിയതും ഇങ്ങനെ പ്രതിസന്ധി ഉണ്ടായതും വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി അറിഞ്ഞില്ല. എന്തിനാണ് ഇങ്ങനെ ഒരു മന്ത്രി? അദ്ദേഹം പറയുന്നത് വീഴ്ച വരുത്തിയത് കേന്ദ്രസര്‍ക്കാരാണെന്നാണ്. ഉച്ചഭക്ഷണ പദ്ധതിയുടെ 60 ശതമാനം കേന്ദ്രസര്‍ക്കാരും 40 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്. നേരത്തെ അനുവദിച്ച തുകയുടെ കണക്ക് നല്‍കുകയും അത് കേന്ദ്രസര്‍ക്കാര്‍ പോര്‍ട്ടലായ പിഎഫ്എംഎസില്‍ രേഖപ്പെടുത്തുകയും ചെയ്താല്‍ മാത്രമേ കേന്ദ്രത്തില്‍നിന്ന് പണം അനുവദിക്കൂ. കഴിഞ്ഞ മാസങ്ങളില്‍ സമയത്ത് കണക്കുനല്കാത്തതാണ് കേന്ദ്രം ഫണ്ട് കൈമാറാതിരിക്കാന്‍ കാരണം. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയുടെ വാദം കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തള്ളുകയും ചെയ്തു. പ്രധാനമന്ത്രി പോഷന്‍ പദ്ധതിയുടെ ഭാഗമായി കേന്ദ്രവിഹിതമായ 132.9 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് കൈമാറിയിരുന്നു. സംസ്ഥാന വിഹിതമായ 76.78 കോടി രൂപ ചേര്‍ത്ത് സംസ്ഥാനത്തിന്റെ നോഡല്‍ ഫണ്ടിലേക്ക് മാറ്റേണ്ടിയിരുന്നു. അത് സംസ്ഥാന സര്‍ക്കാര്‍ ചെയ്യാത്ത സാഹചര്യത്തിലാണ് കേന്ദ്ര ഫണ്ട് മുടങ്ങിയത്. 2021-22 ലെകുടിശ്ശിക 132.9 കോടി രൂപ ഉള്‍പ്പെടെ 22:23 ല്‍കേന്ദ്ര വിഹിതമായി 416.43 കോടി രൂപ നല്‍കിയത്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിനു നല്കിയ ഈ തുക സംസ്ഥാന സര്‍ക്കാര്‍ നോഡല്‍ ഓഫീസര്‍ക്ക് കൈമാറാത്തതാണ് പ്രതിസന്ധി ഉണ്ടാവാന്‍ കാരണം. കേന്ദ്ര സഹായത്തിലുള്ള ഏതു പദ്ധതിയിലും കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന തുക നോഡല്‍ ഓഫീസര്‍ക്ക് അക്കൗണ്ടിലേക്ക് കൈമാറേണ്ടതുണ്ട്. ഇത് മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ അനുവദിക്കില്ല. കേന്ദ്രവിഹിതത്തിന്റെ പലിശയായി 20.19 ലക്ഷവും നോഡല്‍ ഓഫീസര്‍ക്ക് കൈമാറേണ്ടതുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വരുത്തിയ വീഴ്ചയാണ് ഉച്ചഭക്ഷണ ഫണ്ട് മുടങ്ങാന്‍ കാരണം. ഇക്കാര്യത്തില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി എന്തു ചെയ്തു എന്നകാര്യം പരിശോധിക്കപ്പെടേണ്ടതാണ്. കേന്ദ്ര പദ്ധതിയില്‍ നിന്ന് ലഭിച്ച പണം പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്മെന്റ് സിസ്റ്റത്തില്‍ അതായത് പി.എഫ്.എം.എസില്‍ വരവ് വെച്ചു എന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത വിദ്യാഭ്യാസ വകുപ്പിനും വിദ്യാഭ്യാസ മന്ത്രിക്കും ഉള്ളതാണ്. അത് ചെയ്തില്ലെങ്കില്‍ ആരുടെ വീഴ്ചയാണ്? കേന്ദ്രത്തെ കുറ്റം പറഞ്ഞ് തലയൂരാമെങ്കിലും കേരളത്തിലെ കുഞ്ഞുങ്ങളുടെ വിശക്കുന്ന വയറിനോട് ആ ഉത്തരം മതിയാകുമോ എന്ന് വി.ശിവന്‍കുട്ടി ആലോചിക്കണം. ആ കുഞ്ഞുങ്ങളുടെ കണ്ണീരാണ് കവി മധുസൂദനന് നായര്‍ വരച്ചുകാട്ടിയ ഈശ്വര വിലാപം.
അതിലും കൊടിയ പാപമാണ് പിഞ്ചുകുഞ്ഞുങ്ങളുടെ ബലാത്സംഗത്തിലൂടെ കേരളം നേടുന്ന ഖ്യാതി. ആലുവയില്‍ അടുത്തു നടന്ന രണ്ട് സംഭവങ്ങള്‍, വാളയാറിലെ സഹോദരിമാരുടെ സംഭവങ്ങള്‍ തുടങ്ങി എണ്ണിയാലുടങ്ങാത്ത പീഡനത്തിന്റെ നാടായി കേരളം മാറുമ്പോള്‍ ഇതിനെതിരെ സംസ്ഥാനവും ഭരണകൂടവും എന്തുചെയ്യുന്നു? ക്രിമിനലുകളായ ബംഗ്ലാദേശികളെയും മറ്റും ബംഗാളികള്‍ എന്ന പേരില്‍ കേരളത്തിലേക്ക് കൊണ്ടുവന്ന് അതിഥി തൊഴിലാളികള്‍ എന്ന പേരില്‍ റേഷന്‍ കാര്‍ഡും തിരിച്ചറിയല്‍ കാര്‍ഡും കൊടുത്ത് വോട്ടവകാശം നല്കി വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള തത്രപ്പാടില്‍ നഷ്ടപ്പെടുന്നത് കേരളത്തിലെ പാവപ്പെട്ട പിഞ്ചു പെണ്‍കുഞ്ഞുങ്ങളുടെ ജീവനും ആത്മാഭിമാനവും ആണെന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയനും വി.ശിവന്‍കുട്ടിയും മറക്കുന്നു. ഈ സംഭവങ്ങളിലൊക്കെ നടപടി എടുക്കാതെ വേണ്ടരീതിയില്‍ ഭരിക്കാതെ അലംഭാവം കാട്ടി നടക്കുന്ന ശിവന്‍കുട്ടിയാണ് യോഗി ആദിത്യനാഥിന് കത്തെഴുതിയത്. പഠിക്കുന്ന സമയത്ത് മര്യാദയ്ക്ക് പഠിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഇക്കാര്യം പറയേണ്ടി വരുമായിരുന്നില്ല. യുപിയിലെ കാര്യം യോഗി അല്ലെങ്കില്‍ മോദി നോക്കിക്കോളും. ഇവിടെ മര്യാദയ്ക്ക് ഉച്ചഭക്ഷണം കൊടുക്കാനുള്ള സംവിധാനം ഉണ്ടാക്കാന്‍ വേണ്ടത് ചെയ്യുകയാണ് ശിവന്‍കുട്ടി ചെയ്യേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: