കരിന്തളം: മലയോര താലൂക്കിലെ നൂറുകണക്കിന് സാധാരണക്കാരായ രോഗികള്‍ക്ക് ആശ്രയമായ കരിന്തളം പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ മതിയായ ചികിത്സാ സൗകര്യമില്ലാത്തത് ദുരിതമാകുന്നു.
ദിവസേന രോഗികളുടെ എണ്ണം വര്‍ധിക്കുമ്പോഴും ഡോക്ടര്‍മാരുടെയും മറ്റ് ജീവനക്കാരുടെയും സേവനം ആവശ്യത്തിന് കിട്ടുന്നില്ല. 200 ഓളം രോഗികള്‍ ദിവസേന ചികിത്സയ്ക്ക് എത്തുമ്പോഴും മെഡിക്കല്‍ ഓഫീസറടക്കം മൂന്ന് പേരാണുള്ളത്. ഇതില്‍ മെഡിക്കല്‍ ഓഫിസര്‍ക്ക് ഓഫീസ് കാര്യങ്ങളില്‍ തന്നെ തിരക്കുണ്ടാകും.രോഗികള്‍ക്ക് മരുന്ന് വാങ്ങാനും മണിക്കൂറുകളോളം കാത്തു നില്‍ക്കേണ്ട അവസ്ഥയാണ്. കെട്ടിടത്തിന്റെ അപര്യാപ്തതയും രോഗികളെ ഏറെ വലയ്ക്കുന്നുണ്ട്.
ഷുഗര്‍, പ്രഷര്‍ പരിശോധനയ്ക്കും മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നുണ്ട്. കിനാനൂര്‍-കരിന്തളം പഞ്ചായത്തിന് പുറമെ, വെസ്റ്റ് എളേരി, കോടോം-ബേളൂര്‍, കയ്യൂര്‍-ചീമേനി പഞ്ചായത്തുകളില്‍ നിന്ന് രോഗികള്‍ ഇവിടെ ചികിത്സയെത്തു ന്നുണ്ട്. പ്രൈമറി ഹെല്‍ത്ത് സെന്റര്‍ എന്നപേരുണ്ടെങ്കിലും ഇവിടെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യം നടപ്പാക്കിയിട്ടില്ല. രണ്ട് വര്‍ഷം മുമ്പ് ഹെല്‍ത്ത് സെന്ററിന് പുതിയ കെട്ടിടത്തിനായി എസ്റ്റിമേറ്റ് തയാറാക്കിയിരുന്നുവെങ്കിലും തുടര്‍ നടപടികള്‍ എങ്ങുമെത്തിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: