(വീതഹവ്യോപാഖ്യാനം തുടര്‍ച്ച)
ശ്രീരാമന്‍ മുനിനായകനോട് ഇങ്ങനെ ചോദിച്ചു,’യോഗസംയുക്തനായ മനുഷ്യന്റെ ചിത്തം നാശമാകുന്നത് ഇന്നവണ്ണമെന്നു ഞാനറിഞ്ഞു. ജ്ഞാനത്തെക്കുറിച്ചും ഇപ്പോള്‍ നന്നായി അരുള്‍ചെയ്യേണം.’ എന്നതുകേട്ടു മുനീശ്വരന്‍ പറഞ്ഞു, ‘ആത്മാവുതന്നെയാണു ജഗത്തൊക്കെയും എന്നീവണ്ണം ആത്മാവില്‍ നിശ്ചയിച്ചിട്ടുള്ള പൂര്‍ണതതന്നെ സുമതേ! പരമാര്‍ത്ഥദര്‍ശിത്വം എന്നുള്ളത് ഉള്ളില്‍ നന്നായി ധരിക്കുക. ഇക്കാണുന്ന ഘടാപടാകാരപദാര്‍ത്ഥവൃന്ദശക്തികള്‍ (കുടം, വസ്ത്രം മുതലായ രൂപങ്ങളിലുള്ള വസ്തുക്കളുടെ കൂട്ടത്തിലെ ശക്തികള്‍) ആത്മാവുതന്നെ, വേറേ യാതൊന്നുമില്ല എന്നുള്ള നിശ്ചയംതന്നെ ശരിയായുള്ള ബോധം എന്നു നന്നായി ധരിക്കുക. ആദിയന്തങ്ങളില്ലാത്തൊരു ബോധസ്വരൂപനായ പരമാത്മാവ് വിളങ്ങുന്നുവെന്നുള്ള നല്ല നിശ്ചയത്തെ സത്തുക്കള്‍ സമ്യക്ജ്ഞാനമെന്നു പറയുന്നു.
ഒക്കെയും ആത്മാവുതന്നെ. ഭാവാഭാവങ്ങള്‍ ഹൃത്ക്കാമ്പില്‍ നിരൂപിച്ചുകൊണ്ടീടില്‍ ഖേദിച്ചീടുവാന്‍ ബന്ധം എങ്ങാകുന്നുവെന്നതും ചിന്തിക്കുക. ബന്ധമെന്നതും മോക്ഷമെന്നതും എങ്ങാകുന്നു, ഖേദിച്ചീടുവാന്‍ ബന്ധമെന്തുള്ളു. വേറിട്ടൊന്നല്ല ദൃശ്യം, വേറിട്ടൊന്നല്ല ചിത്തം. നേരായിട്ടു വിജൃംഭിച്ചീടുന്നതു ഈ ബ്രഹ്മംതന്നെ. അഖിലവും ഏകമാകുന്ന പരബ്രഹ്മംതന്നെയാണ്. രാഘവ! ആലോചിച്ചാല്‍ മോക്ഷമേത,് ബന്ധമേത്? സ്ഥൂലമായി സ്ഥൂലതമമായിരിക്കുന്നതെല്ലാം ബ്രഹ്മമാണെന്നറിക നീ. സ്വയം പരിപൂര്‍ണനായീടും പരമാത്മാവായി ഭവിച്ചാലും. നിശ്ചയമായും രണ്ടെന്നുള്ളതില്ലല്ലോ. രാമ! വസനം, കല്ല്, വിറക് എന്നിവയുടെ രൂപം നന്നായിട്ടാലോചിച്ചാല്‍ അല്പമെങ്കിലും ഭേദംകാണുകയില്ല. സങ്കല്പമെന്നുള്ളതോര്‍ത്തുകണ്ടീടില്‍ എങ്ങാകുന്നു? ലോകത്തിലുള്ളതായ വസ്തുക്കളെല്ലാറ്റിനും, ചിദാഭാസനും ചിന്തിച്ചാല്‍, ആദിയിങ്കലും അന്തത്തിങ്കലും സംശാന്തമാകുന്ന യാതൊരുരൂപം നാശരഹിതം ഭവിക്കുന്നു. സാദരം മഹാജനം എപ്പോഴും വാഴ്‌ത്തീടുന്ന തന്മയനായീടുക നീ. വര്‍ദ്ധിച്ച ജര, മൃത്യു, വിഭ്രമങ്ങളാലും ഹേ രാമചന്ദ്ര! ദൈ്വതാദൈ്വതഭേദങ്ങളാലും ചേരുന്ന ചിത്തങ്ങളാല്‍, തിരകളാല്‍ സമുദ്രമെന്നതുപോലെ, ആത്മാവു ബഹുധാ സ്ഫുരിക്കുന്നു.
ശുദ്ധമായ ആത്മാവ് അന്തര്‍മുഖയായീടും ബുദ്ധിയോടെ നിത്യം ആലിംഗനം ചെയ്ത് വാഴുന്ന ആത്മാരാമനെ ഭോഗമേതുമേ ബന്ധിച്ചീടുവാന്‍ എന്നും മതിയാകയില്ലെന്ന് നീ ധരിക്കുക. നന്നായി വിചാരിക്കുന്ന ധന്യന്റെ മാനസത്തെഭോഗാദിയായ ശത്രുക്കള്‍ അല്പംപോലും ഭേദിപ്പിക്കയില്ല, ചെറുകാറ്റിന് പര്‍വതത്തെ ചലിപ്പിക്കാനാകുമോ? സങ്കല്പങ്ങളില്‍ നാനാത്വം ഭവിക്കുന്നു. വസ്തുവിന് നാനാത്വം അന്തരത്തിലേതുമേയില്ല. കുളത്തില്‍ കാണുന്ന തിരയും നുരകളും കുമിളകളും മറ്റുമായുള്ളവയൊക്കെ വെള്ളമാണ്. ഏകനിശ്ചയമയനാകിയ പൂരുഷന്‍തന്നെ തത്ത്വത്തെ ശരിയായിട്ടറിഞ്ഞ മഹാശയന്‍, മുക്തനെന്നു പറയുന്നത് അവനെത്തന്നെയെന്ന് നീ ധരിച്ചീടുക. ഇനി ഞാന്‍ മോക്ഷമാര്‍ഗം വേറെയും ഒന്നു പറയാം, നീ ശ്രദ്ധിച്ചു കേട്ടാലും. വിന്ധ്യാപര്‍വതത്തിലെ ഒരു ഗുഹയില്‍ വന്‍തപസ്സുചെയ്യുന്ന വീതഹവ്യനെന്ന ഒരു താപസന്‍ മുമ്പു വാണിരുന്നു. കര്‍മ്മകാണ്ഡത്തിലേറ്റം താല്പര്യമാര്‍ന്നുവാഴും ആ മുനികുലേശ്വരന്‍ ആധിവ്യാധികളെയും ഘോരമായ സംസാരത്തെയും നല്‍കീടുന്ന ക്രിയകളില്‍ കാലത്താലെ ഉദ്വേഗമാര്‍ന്നു വാണു. നിര്‍വികല്പമായ സമാധിക്കുവേണ്ടി സര്‍വകര്‍മ്മങ്ങളെയും ദൂരെത്യജിച്ച് തന്റെ പര്‍ണശാലയ്‌ക്കുളളില്‍ വിരിച്ചതും ശുദ്ധമായതും സമമായതുമായ നല്ല ആസനത്തില്‍ ബദ്ധപത്മാസനനായി സാധുസംസ്ഥിതിചെയ്ത് അച്ഛമാനസനായ ആ മാമുനി നന്നായി പാദപപശ്ചിമഭാഗങ്ങളില്‍ കൈവിരന്‍ വെച്ചു. ഉള്ളിലും പുറമേയും ചേര്‍ന്നീടും വിഷയങ്ങള്‍ എല്ലാം ക്രമത്തില്‍ ഇല്ലാതാക്കീടുന്നവനായി മന്ദം ദിഗ്‌വികീര്‍ണമായീടുന്ന മാനസത്തെ സുന്ദരാനന! തപോധനന്‍ സംഹരിച്ചു. ചിത്തം നല്ല സ്ഥിരതയെ പ്രാപിപ്പാന്‍കൊതിച്ചുകൊണ്ട് അദ്ദേഹം അനന്തരം ഇപ്രകാരം ചിന്തിച്ചു, “തരളം പ്രത്യാഹൃതമാകിലും മനസ്സ് അല്പംപോലും സ്ഥിരതയെ പ്രാപിക്കുന്നില്ല. ഓളത്തില്‍ അകപ്പെട്ട ഇലപോലെ അങ്ങനെ കിടന്നലഞ്ഞീടുന്നു. ഘടത്തെയുപേക്ഷിച്ചു പടത്തെ പ്രാപിക്കുന്നു, പടത്തില്‍നിന്നു പിന്നെ മറ്റൊന്നില്‍ ചാടീടുന്നു. വാനരം മരങ്ങളിലെന്നപോല്‍ മാനസം അര്‍ത്ഥങ്ങളില്‍ എപ്പോഴും സഞ്ചരിച്ചീടുന്നു. നേത്രം മുതലായുള്ള ഇന്ദ്രിയങ്ങള്‍, ചിന്തിച്ചാല്‍, മനസ്സിനുള്ള പഞ്ചദ്വാരങ്ങളായീടുന്നു. പാതാളത്തിനും ആകാശത്തിനും പരസ്പരം സംബന്ധമില്ലാതിരിക്കുന്നതുപോലെ ഒന്നോര്‍ത്താല്‍ ആത്മാവിനും ചക്ഷുരാദികള്‍ക്കും അന്യോന്യം അല്പംപോലും സംബന്ധമില്ലെന്നു കാണാം. തെണ്ടിയായി ചാര്‍വാകനായി ഭിക്ഷയ്‌ക്കു നാലുദിക്കും മണ്ടുന്ന മാനസമേ! നീ സദാ ലോകങ്ങളില്‍ അലഞ്ഞുതിരിഞ്ഞേറ്റം വലയുന്നതുകൊണ്ട് അല്പംപോലും ഫലമില്ലെന്നു ധരിച്ചാലും. ചേതനമാകുന്നു ഞാനെന്നുള്ള വാസന നിനക്ക് ചേതസ്സേ! സത്യമൊട്ടുമില്ലാത്തതാകുന്നു. അത്യന്തഭിന്നങ്ങളാകുന്ന ചിന്മനസ്സുകള്‍ക്ക് ഒരിക്കലും ഐക്യമെത്തുകില്ല, ഹേ ശഠ! ധരിക്ക നീ. ജീവന്‍ ഞാനെന്നുള്ള അഹങ്കാരദുര്‍മ്മതി വൃഥാ വിചാരിച്ചുകാണുകില്‍ സന്ദേഹമേതുമില്ല. ദൂരെ സന്ത്യജിക്കുവാന്‍ ഞാന്‍, ഇവന്‍, ഞാനെന്നഹങ്കാരത്താലിയന്നീടും സംഭ്രമമാണ് ചേതസ്സേ! നീ. ‘
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: