മക്കളും പേരക്കുട്ടികളുമായി സന്തോഷത്തോടെ കഴിഞ്ഞിരുന്ന നാളില്‍, ഒരു സായംസന്ധ്യയ്ക്ക് അയാള്‍ പഴയ വീട്ടുസാധനങ്ങള്‍ കൂട്ടിയിട്ടിരുന്ന മുറിയില്‍ ഒരു വലിയ മരപ്പെട്ടിയില്‍ അടുക്കിവെച്ചിരുന്ന തന്റെ പഴയ പുസ്തക ശേഖരം വെറുതെ പുറത്തെടുത്തു.
ഓരോ പുസ്തകവും പൊടിപിടിച്ച് നിറം മങ്ങിത്തുടങ്ങിയിരുന്നു.
തന്റെ യൗവ്വനകാലത്തെ ഓരോരോ ഏടുകള്‍ അയാള്‍ പതുക്കെ പൊടിതട്ടി മറിച്ചു നോക്കി.
അങ്ങനെ മറിച്ചുനോക്കുന്നതിനിടയില്‍ ഏതോ ഒരു പുസ്തകത്തിന്റെ പേജുകള്‍ക്കിടയില്‍ ഒളിപ്പിച്ചു വച്ചിരുന്ന വരയിട്ട നോട്ടുബുക്കില്‍ നിന്നും ചീന്തിയെടുത്ത ഒരു കടലാസ് അയാള്‍ കണ്ടു. നാലായി മടക്കിവെച്ച ഒരു നരച്ച വരയിട്ട കടലാസ്.
വര്‍ധിച്ച ഉന്മാദത്തോടെ അയാള്‍ അതു നിവര്‍ത്തി.
നീലമഷിപ്പേനകൊണ്ട് കുറിച്ചിട്ട വരികള്‍ കാലപ്പഴക്കം കൊണ്ട് നരച്ചിരിക്കുന്നു. എന്നാലും അക്ഷരങ്ങള്‍ വ്യക്തമാണ്.
ആ നരയ്ക്കിടയിലും യൗവനത്തിന്റെ കാല്‍ച്ചിലമ്പുമായി രണ്ടീറന് കരിമിഴി നോട്ടങ്ങള്‍ അവിടെ തെളിഞ്ഞു നിന്നു.
അയാളുടെ കണ്ണുകളും ഈറനണിഞ്ഞു.
ഏറെനേരം കഴിഞ്ഞിട്ടും അയാളെ കാണാത്തതുകൊണ്ട് പേരക്കുട്ടികള്‍ ആ മുറിയില്‍ അയാളെ അന്വേഷിച്ചെത്തി.
അവിടെയെങ്ങും അയാളെ കണ്ടില്ല.
അവിടെ ചിതറിക്കിടന്ന പുസ്തകള്ക്കിടയില് ഒരു കടലാസ് നാലായി മടങ്ങിക്കിടക്കുന്നത് അവര്‍ കണ്ടു. അവരത് നിവര്‍ത്തിനോക്കി.
പൊടിഞ്ഞു തുടങ്ങിയ ആ വരയിട്ട കടലാസ് ശൂന്യമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: