ധന്യേ, മിഴി തുറന്നീടുക,
നിന്‍ ആരാധനാ വല്ലരിയില്‍
ആത്മാരാമ രൂപം പൂവിട്ട നാള്‍ മുതല്‍
ഏക ശ്രുതിയായി, ഏക സ്വരമായി
നിത്യ സാധന ചെയ്തവള്‍ നീ!
കുലം, ഗോത്രമെന്നുള്ളത് അര്‍ത്ഥശൂന്യം
ജഗത് നാഥന് ദിശ നല്‍കേണ്ടവള്‍ നീ..
പുണ്യവതീ, നീ വിരിച്ച മലര്‍ മെത്തയില്‍
ആര്‍ഘ്യപാദ്യാദികളേറ്റുവാങ്ങാന്‍
ജനനായകനെഴുന്നള്ളും നേരം
പൂമുഖച്ചുണ്ടില്‍ വേപഥു പൂണ്ടു നില്‍ക്കും
ഭക്തി വിഭ്രമത്തിന് സൗന്ദര്യമേറെ!
കൃതാര്‍ത്ഥതയുടെ നിവേദ്യങ്ങള്‍
നിന്‍ കമനീയഭുജങ്ങളാല്‍ ചൊരിയവേ
മിഴികളില്‍ നിറവത്, ചൊടികളില്‍ –
ജനിപ്പത്, വാത്സല്യമോ നിര്‍വൃതിയോ ..
ആത്മവതീ, നീ പകര്‍ന്നിടും യോഗ സാധനകള്‍ക്ക്
നാഥന്റെ പാരിതോഷികം ; ലയനം.
വിജ്ഞാന ജാതി വര്‍ണ്ണങ്ങളേതുമല്ല
ആത്മസാധനയ്‌ക്കടിസ്ഥാനം
നിന്നിലെ നിന്നെ കണ്ടെത്തിയ വൈഭവം
ശ്രേഷ്ഠം! ധന്യ നീ ! ശബരീ ചാരുശീലേ
പ്രതികരിക്കാൻ ഇവിടെ എഴുതുക: