ഈശ്വരവിശ്വാസത്തെ തുരങ്കം വച്ചുകൊണ്ടും ആക്ഷേപിച്ചുകൊണ്ടും മിത്ത് വിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണല്ലോ. ഒരു ഹൈന്ദവ വിശ്വാസി ഒരിക്കലും ഏതെങ്കിലും മതത്തെയോ വിശ്വാസത്തെയോ അപഹസിക്കുകയില്ല. ഈ ലോകത്ത് വേറൊന്നിനോട് സാമ്യപ്പെടുത്താനില്ലാത്ത തരത്തില്‍ ഹൈന്ദവമായ ഈശ്വരവിശ്വാസം മഹത്തരവും കുറ്റമറ്റതുമാണ്. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട.
ഞാനൊരു ശരിയായ ഹിന്ദു വിശ്വാസി ആയതിനാല്‍ എന്റെ അറിവില്‍പ്പെട്ട കുറെ കാര്യങ്ങള്‍ പറയട്ടെ. ഒരു പക്ഷേ അത് ചിലര്‍ക്കെങ്കിലും ആശ്വാസം നല്‍കുമായിരിക്കും. ഹിന്ദുവിന്റെ വൈകല്യം എന്താണെന്നുള്ളത് ഒറ്റ വാചകത്തില്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. ഇക്കാലത്തും ധാരാളം ഋഷിവര്യന്മാരും സംന്യാസി ശ്രേഷ്ഠന്മാരും നമുക്കുണ്ട്. അവര്‍ സ്വയം ചിന്തിച്ചുനോക്കട്ടെ. സ്വന്തം ഗ്രാമത്തില്‍ എത്ര ഹിന്ദുക്കളെ മതത്തിന്റെ യഥാര്‍ത്ഥ പൊരുള്‍ മനസ്സിലാക്കിക്കൊടുത്ത് ബോധവല്‍ക്കരിക്കാന്‍ സാധിച്ചിട്ടുണ്ട്? ഭാഗവത പാരായണവും സത്രവും ഭഗവദ്ഗീതാ ക്ലാസുകളും തകൃതിയായി നടക്കുന്നുണ്ട്. എന്നാല്‍ ഹൈന്ദവ വിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ശരിയായ മറുപടി കൊടുക്കാന്‍ വൃണിതഹൃദയര്‍ ആരുമില്ല.
ഗണപതി മിത്തല്ല, മിഥ്യയുമല്ല-പരമസത്യമാണ്. അത് ഓംകാരപ്പൊരുളാണ്, എന്താണ് ‘ഓംകാരം’
‘അ’ കാരോ വിഷ്ണു രുദ്ദിഷ്ഠ.
‘ഉ’ കാരസ്തു മഹേശ്വര.
‘മ’ കാരസ്തു സ്മൃതോ ബ്രഹ്മ
പ്രണവസ്തു ത്രയാത്മക.
അ, ഉ, മ വിഷ്ണുവും മഹേശ്വരനും
ബ്രഹ്മാവും ഹിന്ദുക്കള്‍ വിശ്വസിക്കുന്ന ഈശ്വരന്റെ മൂന്നു ഘടകങ്ങളാണിത്. ത്രിമൂര്‍ത്തി ഭാവങ്ങള്‍. ഇത് മൂന്നും ചേരുന്നതാണ് ഓംകാരം. ഈ പ്രപഞ്ചത്തെ പരിപാലിക്കുന്ന ത്രിശക്തി. ആദ്യമായി വിഷ്ണു, വിണ്ണിന്റെ അധിപന്‍-നാരായണന്‍. നാരത്തില്‍ അയനം ചെയ്യുന്നവന്‍ നാരായണന്‍.
ആപോനാര ഇതി പ്രോക്താ
ആപോ വൈ നര സൂനവ
തായദസ്യായനം പൂര്‍വ്വം
തേന നാരായണ സ്മൃത.
നാരം ജലം. നാര + അയനന്‍ നാരായണന്‍. നരന്‍-കേടില്ലാത്തവന്‍-പരമാത്മാവ്. ജലത്തെ സൃഷ്ടിച്ചത് നരന്‍ എന്ന പേരോടുകൂടിയ പരമാത്മാവ്.
ഇതിനാലാണ് ജലത്തിന് നാരം എന്ന പേരു ലഭിച്ചത്. ആ നാരം എന്ന പേരോടുകൂടിയ ജലത്തില്‍ അന്തര്‍ലീനമായിരിക്കുന്നതിനാല്‍ പരമാത്മാവിന് നാരായണന്‍ എന്ന പേര് ലഭിച്ചു. സര്‍വ്വചരാചരങ്ങളുടെയും ആധാരം ജലമാണല്ലോ. ജലമില്ലാത്ത ഭൂമിയേയും ലോകത്തെയും ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ. ജലമില്ലാതെ എന്തെങ്കിലും സാധ്യമാകുമോ? അതേപോലെ ഈ ലോകത്തിന്റെ പ്രവര്‍ത്തനത്തിനും നാരായണന്‍ തന്നെ നിദാനം. ജലത്തില്‍ അടങ്ങിയിരിക്കുന്നത് എന്താണ്? H2o -ഹൈഡ്രജനും ഓക്‌സിജനും. ഇവ രണ്ടുമില്ലാതെ ഈ ലോകത്തിന്റെ എന്തെങ്കിലും പ്രവര്‍ത്തനം നടക്കുമോ?
മഹേശ്വരന്‍ പരമശിവന്‍. ഈ പ്രപഞ്ചം മുഴുവന്‍ ക്രമത്തില്‍ ചലിക്കുന്നതിന്റെ ആധാര കേന്ദ്രം. ഒരു വ്യാപ്തിയിലും പരിമിതപ്പെടുത്താന്‍ കഴിയാത്ത വ്യാപ്തി-സര്‍വ്വവ്യാപിയായ ബ്രഹ്മം. ലീനമായ സര്‍വ്വശക്തി ചലിക്കാന്‍ ഇച്ഛിക്കുമ്പോള്‍, ശക്തി പ്രകടമാകാന്‍ തുടങ്ങുമ്പോള്‍ ബോധം (ശിവം) ശക്തിയുടെ ഭാഗമായി, ശക്തി അറിയുന്നു. മായയ്‌ക്കു മുന്‍പുള്ള, ഈ വ്യാപന പ്രക്രിയയ്‌ക്കും മുന്‍പുള്ള അവസ്ഥയില്‍ ബോധവും ശക്തിയും വേര്‍തിരിക്കപ്പെടാത്ത അവസ്ഥ പ്രപഞ്ചത്തില്‍ പരമാണു മുതല്‍ പരാകൃതി-സൗരയൂഥവും അതിനപ്പുറവുമുള്ള സര്‍വതും ഇതിനെ ആസ്പദമാക്കി ചലിക്കുന്നു, നിലനില്‍ക്കുന്നു. അതാണ് ശിവന്‍ അഥവാ മഹേശ്വരന്‍.
ബ്രഹ്മാവ്, ജന്മം കൊടുക്കുന്നവന്‍. അരയാലിന്റെ ഒരു തരി വിത്ത് മുളച്ച് ബൃഹത്തായ വടവൃക്ഷമാകുന്നതുപോലെ ഈ ഭൂമിയിലുള്ള സര്‍വ്വതിനും ജന്മം കൊടുത്ത് വളര്‍ത്തുന്നതിനെയാണ് ബ്രഹ്മാവ് എന്ന് വിശേഷിപ്പിക്കുന്നത്. അതിനുള്ള പ്രധാന ഘടകമായാണ് നാരം അല്ലെങ്കില്‍ ജലം. അതാണ് നാരായണന്റെ നാഭിയില്‍ നിന്ന് ബ്രഹ്മാവ് ഉത്ഭവിക്കുന്നതായി ചിത്രീകരിച്ചിരിക്കുന്നത്. അങ്ങനെ ഭാരതീയര്‍ വിശ്വസിക്കുന്നു.
പ്രപഞ്ചശക്തി കേന്ദ്രമായ ഓംകാരം. ഇത് സത്തയെന്നല്ലാതെ മിത്തെന്നോ മിഥ്യയെന്നോ പറയാനൊക്കുമോ? ഇതല്ലേ യഥാര്‍ത്ഥ സത്യം? ഈ ഓംകാര പൊരുളിനെയാണ് ഗണപതിയായി വിശേഷിപ്പിക്കുന്നത്. ഭാരതീയന്റെ ഭാവനാ വിലാസത്തില്‍, അവന്റെ പ്രാര്‍ത്ഥനാ മണ്ഡലത്തില്‍ ഒരു പ്രത്യേക സ്ഥാനവും കൊടുത്തു. അങ്ങനെ അഗ്രപൂജനീയനായ പ്രധാന ദേവതയായി.
ഹിന്ദുക്കളെ പലവിധത്തിലും ആക്രമിക്കുന്നവരോട് ഒരു ചോദ്യമുണ്ട്. ഭാരതത്തില്‍ 10000 വര്‍ഷങ്ങള്‍ക്ക് മുന്‍പുമുതല്‍ ഉത്ഭവിച്ചിരിക്കുന്ന വേദങ്ങളുടെയും പു
രാണങ്ങളുടെയും ശാസ്ത്രങ്ങളുടെയും മുമ്പില്‍ മറ്റു മതസ്ഥരുടെ വേദപുസ്തകങ്ങളില്‍ ഉള്ളതുമായി സന്തുലനം ചെയ്യാന്‍ എന്തുണ്ട്?
അല്‍പ്പബുദ്ധികളുടെ അന്യമത നിന്ദയോ അവരുടെ ഉത്‌ഘോഷണങ്ങളോ മറുപടി അര്‍ഹിക്കുന്നില്ല. കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഈ ലേഖകന്റെ ‘ഭാരതീയം’ എന്ന പുസ്തകത്തിന്റെ രണ്ടാം പതിപ്പ് വായിച്ചുനോക്കിയാല്‍ ക്രിസ്തുമതമെന്താണെന്നും, ഇസ്ലാം മതമെന്താണെന്നും വ്യക്തത ലഭിക്കും. ഒപ്പം ഹിന്ദു ആരാണെന്നും മനസ്സിലാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: