ഭാരതീയരുടെയെല്ലാം അഭിമാനം വാനോളം ഉയര്‍ത്തി ചന്ദ്രയാന്‍ ദൗത്യം വിജയിച്ചു. വിക്രം ലാന്‍ഡറില്‍നിന്ന് പ്രജ്ഞാന്‍ റോവര്‍ പുറത്തിറങ്ങി. ഭാരതം അമ്പിളിയില്‍ തൊട്ടു. അതേ സമയത്തുതന്നെ മറ്റൊരു പ്രജ്ഞാനന്റെ വിജയത്തിനായും ഭാരതീയര്‍ പ്രാര്‍ത്ഥനയോടെ ഇരുന്നു. ചെസ് ലോകകപ്പ് കിരീടപോരാട്ടത്തിന്റെ ഫൈനലില്‍ മാഗ്‌നസ് കാള്‍സന്‍ എന്ന ഒന്നാം നമ്പരുകാരനെ രമേഷ്ബാബു പ്രജ്ഞാനന്ദ എന്ന തമിഴ് ബാലന്‍ അട്ടിമറിക്കുന്നതുകാണാനാണ് അവര്‍ കാത്തിരുന്നത്. ഫൈനലിലെ നേരിട്ടുള്ള കളികളില്‍ രണ്ടിലും പതിറ്റാണ്ടിലേറെയായി ലോകചെസിലെ ഒന്നാം റാങ്ക് കൈവശം വയ്‌ക്കുന്ന മാഗ്നസ് കാള്‍സണെ സമനിലയില്‍ തളച്ചപ്പോള്‍ തന്നെ പ്രജ്ഞാനന്ദ ചെസ് ലോകത്ത് ജേതാവായി കഴിഞ്ഞിരുന്നു. ട്രൈബേക്കറില്‍ പിടിവിട്ടെങ്കിലും ആ തോല്‍വിക്ക് വിജയത്തിനൊപ്പം തിളക്കമുണ്ട്. ഒരുകാലത്ത് വിശ്വനാഥന്‍ ആനന്ദ് എന്ന തമിഴ് നാട്ടുകാരന്‍ മാത്രമായിരുന്ന ചതുരംഗക്കളത്തിലെ ഭാരതത്തിന്റെ മുഖമെങ്കില്‍ അതിലും തിളക്കമുള്ള മുഖമായി പ്രജ്ഞാനന്ദ തെളിഞ്ഞുവരുന്നു.
ലോകകപ്പ് റണ്ണര്‍ അപ്പ് ആകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി ഈ പതിനെട്ടുകാരന്‍ മാറിയപ്പോള്‍ ഫൈനലിലേക്കുള്ള വഴിയില്‍ വന്‍ കീഴടക്കിയവരും നിസ്സാരന്മാരല്ല. ലോക രണ്ടാം നമ്പര്‍ താരം യുഎസിന്റെ ഹികാരു നകാമുറയും, മൂന്നാം നമ്പര്‍ താരം യുഎസിന്റെ തന്നെ ഫാബിയാനോ കരുവാനയും അട്ടിമറിച്ചാണ് അഞ്ചുതവണ ലോകചാമ്പ്യനായ നോര്‍വീജിയന്‍ താരം കാള്‍സന്റെ മുന്നില്‍ കരുക്കള്‍ നീക്കിയത്. ഫൈനലില്‍ തോറ്റെങ്കിലും അടുത്ത ലോകചാംപ്യന്റെ എതിരാളിയെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ടൂര്‍ണമെന്റിലേക്കും പ്രജ്ഞാനന്ദ യോഗ്യത നേടി.
അവിചാരിതമായി ചതുരംഗക്കളത്തിലേക്ക് വന്ന താരമല്ല പ്രജ്ഞാനന്ദ. അതിസാധാരണ കുടുംബത്തിന്റെ സമര്‍പ്പണത്തിന്റെയും ലക്ഷ്യബോധത്തിന്റെയും ഫലം കൂടിയുണ്ട് പ്രജ്ഞാനന്ദയുടെ ചടുലവിജയങ്ങള്‍ക്കു പിന്നില്‍.
പോളിയോ ബാധിതനായ രമേശ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായ പ്രജ്ഞാനന്ദയുടെ വഴികാട്ടി സഹോാദരി വൈശാലിയാണ്. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയുള്ള വൈശാലിയുടെ ചതുരംഗക്കളത്തിലെ നീക്കങ്ങള്‍ കണ്ടുവളര്‍ന്ന പ്രജ്ഞാനന്ദ വൈകാതെ ചേച്ചിയെ മറികടന്നു.
ചെറുപ്പത്തില്‍ തന്നെ അസാമാന്യമായ കഴിവ് പ്രകടിപ്പിച്ച പ്രജ്ഞാനന്ദ പരിശീലകന്‍ ആര്‍.ബി.രമേശിനെ പലവട്ടം തോല്‍പ്പിച്ച് അത്ഭുതമായി മാറി. വൈകാതെ ദേശീയ ശ്രദ്ധയും നേടി. ഏഴ് വയസ് മാത്രം പ്രായമുള്ളപ്പോള്‍ കിരീടം നേടി പ്രജ്ഞാനന്ദ ലോകത്തെ ഞെട്ടിച്ചു. 2013-ല്‍ നടന്ന ലോക യൂത്ത് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ പ്രജ്ഞാനന്ദ കിരീടം നേടി. ഇതോടെ ഏഴാം വയസ്സില്‍ ഫിഡെ മാസ്റ്റര്‍ പദവിയും താരം സ്വന്തമാക്കി. 2015-ലും ലോക ചെസ് കിരീടം നേടി ചരിത്രം കുറിച്ച പ്രജ്ഞാനന്ദ അതേവര്‍ഷം ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയും സ്വന്തമാക്കി. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന അപൂര്‍വ റെക്കോഡ് പ്രജ്ഞാനന്ദയുടെ പേരിലാണ്. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടുമ്പോള്‍ വെറും 12 വയസ്സും 10 മാസവും 19 ദിവസവും മാത്രമാണ് പ്രജ്ഞാനന്ദയുടെ പ്രായം.
2017 നവംബറില്‍ നടന്ന ലോക ജൂനിയര്‍ ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടിയതോടെ ലോകതാരമായി മാറി. 2018-ല്‍ ഗ്രീസില്‍ നടന്ന ഹെറാക്ലിയോണ്‍ ഫിഷര്‍ മെമ്മോറിയല്‍ ടൂര്‍ണമെന്റില്‍ വിജയിച്ചതോടെ പ്രജ്ഞാനന്ദയെത്തേടി നിരവധി അവസരങ്ങള്‍ വന്നു. തന്നേക്കാള്‍ ഇരട്ടി പ്രായമുള്ള, വര്‍ഷങ്ങളുടെ പരിചയസമ്പത്തുള്ള താരങ്ങളെ അട്ടിമറിച്ചുകൊണ്ട് ഈ ബാലന്‍ തേരോട്ടം തുടര്‍ന്നു. ടെയ്മര്‍ റാഡ്യാബോവ്, യാന്‍ ക്രൈസോഫ് ഡ്യൂഡ, സെര്‍ജി കര്യാക്കിന്‍, യോഹാന്‍ സെബാസ്റ്റിയന്‍ ക്രിസ്റ്റിയന്‍സെന്‍ തുടങ്ങിയവരെയെല്ലാം അട്ടിമറിയിലൂടെ പല ടൂര്‍ണമെന്റുകളിലായി പ്രജ്ഞാനന്ദ കീഴടക്കി.
അതിവേഗ നീക്കങ്ങളിലൂടെ എതിരാളികളെ സമര്‍ഥമായി കീഴടക്കുന്ന ഈ യുവതാരത്തിന്റെ നീക്കങ്ങളുടെ ചൂട് ഒടുവില്‍ സാക്ഷാല്‍ കാള്‍സണും അറിഞ്ഞു. തന്നെ തോല്‍പ്പിക്കാന്‍ ആരുമില്ലാത്തിനാല്‍ ചെസ് മടുത്തു എന്നു പ്രഖ്യാപിച്ച കാള്‍സനെ എയര്‍തിങ്‌സ് മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ ചെസ് ടൂര്‍ണമെന്റില്‍ പ്രജ്ഞാനന്ദ അട്ടിമറിച്ച് ലോകത്തെ ഞെട്ടിച്ചു. ലോക കീരീട പോരാട്ടത്തില്‍ ഇപ്പോള്‍ വിജയത്തോളം പോന്ന തോല്‍വിയും.
പ്രജ്ഞാനന്ദയുടെ മാത്രമല്ല ഭാരത ചെസ്സിന്റെ സുവര്‍ണ്ണയുഗ പിറവക്കുകൂടി സാക്ഷ്യം വഹിച്ചാണ് ഇത്തവണത്തെ ലോകകപ്പ് കീരീട പോരാട്ടം അവസാനിച്ചത്.
ഇത്തവണ ചെസ് ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ച എട്ടില്‍ നാലുപേരും ഇന്ത്യക്കാരായിരുന്നു. പ്രജ്ഞാനന്ദ,ദൊമ്മരാജു ഗുകേഷ്, വിദിത് ഗുജറാത്തി, അര്‍ജുന്‍ എരിഗാസി. മറ്റൊരു രാജ്യത്തിനും അവകാശപ്പെടാനില്ലാത്ത നേട്ടം. അതില്‍ മൂന്നു പേര്‍ കൗമാരക്കാരും. ചെന്നൈയില്‍നിന്നുളള ദൊമ്മരാജു ഗുകേഷ് എന്ന പതിനേഴുകാരനാണ് ആദ്യം ക്വാര്‍ട്ടറില്‍ കടന്നത്. മാഗ്നസ് കാള്‍സനു മുന്നിലാണ് ക്വാര്‍ട്ടറില്‍ ഗുകേഷ് കീഴടങ്ങിയത്. വിദിത് ഗുജറാത്തി അസര്‍ബൈജാന്‍ താരം നിജാത് അബാസോവിനോടു പരാജയപ്പെട്ടു. ഇന്ത്യന്‍ താരങ്ങള്‍ തമ്മിലായിരുന്നു ഒരു ക്വാര്‍ട്ടര്‍ ഫൈനല്‍ അര്‍ജുന്‍ എരിഗാസിയെ തോല്‍പിച്ച് പ്രജ്ഞാനന്ദ സെമയിലേക്ക് കുതിച്ചു.
കുര്‍മ്മബുദ്ധിയും ഏകാഗ്രതയും ചടുല നീക്കവും ഏറെ ആവശ്യമായ ചതുരംഗക്കളിയില്‍ ഭാരതത്തിന് വലിയ പാരമ്പര്യമുണ്ട്. ചതുരംഗകളിയില്‍ തോറ്റ് രാജ്യം നഷ്ടപ്പെട്ട രാജാന്മാരുടെ കഥയുണ്ട്. ആധുനിക ചെസില്‍ റഷ്യയ്‌ക്കായിരുന്നു മേധാവിത്വം. വിശ്വനാഥന്‍ ആനന്ദിലൂടെ ഭാരതം സാന്നിധ്യം അറിയിച്ചിരുന്നു എന്നു മാത്രം. പ്രജ്ഞാനന്ദയും കൂട്ടുകാരും ലോക ചെസ്സില്‍ ഭാരതത്തിന്റെ ഭാവി ശോഭനം എന്ന് ഉറക്കെ പറയുകയാണ്.
പ്രജ്ഞാനന്ദയുടെ പേരില്‍ അഭിമാനിച്ചിരുന്ന കായിക പ്രേമികള്‍ക്ക് ഇരട്ടി ആനന്ദം നല്‍കുന്നതായിരുന്നു തൊട്ടുപിന്നാലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് വേദിയില്‍നിന്നെത്തിയത്. ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്ര സ്വര്‍ണ്ണം നേടി. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ചരിത്രത്തില്‍ രാജ്യത്തിന്റെ ആദ്യ സ്വര്‍ണ്ണ മെഡല്‍. ഒളിമ്പിക് സ്വര്‍ണത്തിനു പിന്നാലെ ഭാരതത്തതിന്റെ കായിക വേദിക്ക് മറ്റൊരു സ്വപ്‌നതുല്യ നേട്ടം കൂടിയാണ് നീരജ് ചോപ്ര സമ്മാനിച്ചത്. ഭാരതത്തിന്റെ കായിക രംഗം അടുത്ത കാലത്തു കൈവരിക്കുന്ന കുതിപ്പിനു വേഗം കുറഞ്ഞിട്ടില്ലെന്നു തെളിയിക്കുന്ന നേട്ടം. ലോകചാമ്പ്യന്‍ഷിപ്പില്‍ കഴിഞ്ഞ വര്‍ഷം നേടിയ വെള്ളിയാണ് ഇത്തവണ നീരജ് ചോപ്ര സ്വര്‍ണ്ണമാക്കിയത്.
2003ല്‍ പാരീസ് ലോകചാമ്പ്യന്‍ഷിപ്പ് ലോങ്ജമ്പില്‍ 6.70 മീറ്റര്‍ പിന്നിട്ട് വെങ്കലം നേടിയ മലയാളി താരം അഞ്ജു ബോബി ജോര്‍ജാണ് ലോക ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഇന്ത്യന്‍ മെഡല്‍ വിജയി. 19 വര്‍ഷത്തിനു ശേഷം ആദ്യമായി രാജ്യത്തിനായി മെഡല്‍ നേടിയത് നീരജ് ചോപ്ര ആണെന്നു പറയുമ്പോള്‍ പ്രാധാന്യം ഊഹിക്കാം.
2021 ആഗസ്റ്റ് ഏഴിനായിരുന്നു ടോക്കിയോ ഒളിംപിക്‌സിലെ അത്‌ലറ്റിക്‌സില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യന്‍ ദേശീയപതാക വാനി
ല്‍ പാറിപ്പറന്നത്. അന്ന് ഫൈനലില്‍ 87.58 മീറ്റര്‍ എറിഞ്ഞായിരുന്നു നീരജ് ചോപ്ര ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ ചരിത്രം തിരുത്തിക്കുറിച്ചത്. ടോക്കിയോയില്‍ സ്വര്‍ണം നേടിയ ദൂരത്തെക്കാള്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നീരജിന്റെ ജാവലിന്‍ കുതിച്ചു-88.17 മീറ്റര്‍. ഇതിഹാസതാരങ്ങളായ മില്‍ഖ സിങ്ങിനും പി.ടി. ഉഷയ്‌ക്കുമെല്ലാം ഒളിമ്പിക്‌സ് ഫൈനലില്‍ അവസാന നിമിഷം കാലിടറി മെഡല്‍ നഷ്ടപ്പെട്ടിടത്താണ് അവര്‍ക്കുള്ള ഗുരുദക്ഷിണ പോലെ നീരജ് ചോപ്ര ഒളിമ്പിക്‌സിന് പിന്നാലെ ലോക ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിയത്. ഒളിമ്പിക്‌സ് സ്വര്‍ണനേട്ടത്തിനു ശേഷം നീരജ് പറഞ്ഞത് 90 മീറ്റര്‍ പിന്നിടുകയാണ് തന്റെ ലക്ഷ്യമെന്നാണ്. സ്റ്റോക്ക്‌ഹോം ഡയമണ്ട് ലീഗില്‍ 89.94 മീറ്റര്‍ എറിഞ്ഞ് അതിനടുത്തുവരെ എത്തുകയും ചെയ്തു.
ചരിത്രമുറങ്ങുന്ന ഹരിയാനയിലെ പാനിപ്പത്തില്‍നിന്ന് കുതിച്ചു തുടങ്ങിയ നീരജ് ചോപ്രയുടെ ജാവലിന്‍, ചണ്ഡീഗഢും പട്യാലയും ഒട്ടേറെ വിദേശരാജ്യങ്ങളും പിന്നിട്ട് ഒളിമ്പിക് സ്വര്‍ണത്തിലെത്തി ഇപ്പോഴിതാ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം.
കൃത്യമായ പരിശീലനവും കഠിനാദ്ധ്വാനം ചെയ്യാനുള്ള മാനസികാവസ്ഥയും ഉണ്ടെങ്കില്‍ ഏതൊരു നേട്ടവും ആര്‍ക്കും സ്വന്തമാക്കാന്‍ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് നീരജിന്റെ ഈ നേട്ടങ്ങള്‍. വരും തലമുറകള്‍ക്ക് ഇതു പ്രചോദനമേകുമെന്നു വിശ്വസിക്കാം.
എതിരാളികളില്‍ നിന്നുള്ള കനത്ത വെല്ലുവിളി മറികടന്നാണ് പ്രജ്ഞാനന്ദയുടേയും നീരജിന്റെയും നേട്ടങ്ങളെന്നത് ഏറെ അഭിമാനത്തിനു വക നല്‍കുന്നതാണ്. പ്രതിസന്ധികളിലും തിരിച്ചടികളിലും പതറാതെ പൊരുതാനുള്ള ആത്മവിശ്വാസവും ദൃഢനിശ്ചയവും ഇന്ത്യന്‍ താരങ്ങള്‍ ആര്‍ജിക്കുന്നതിന്റെ തെളിവകൂടിയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: