കൊളംബൊ: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഭാരതം ഇന്ന് സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെ നേരിടും. വൈകീട്ട് മൂന്ന് മുതല്‍ കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. മഴ ഭീഷണി കാരണം കാന്‍ഡിയില്‍ നിന്നും കൊളംബോയിലേക്ക് മാറ്റിവച്ചെങ്കിലും മഴ സാധ്യത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇന്നത്തെ കളി മഴ പെയ്ത് മുടങ്ങുന്ന സാഹചര്യം ഉണ്ടായാല്‍ നാളെ റിസര്‍വ് ഡേ ആയി നിശ്ചയിച്ചിട്ടുണ്ട്.
ടൂര്‍ണമെന്റില്‍ ഫൈനല്‍ ഒഴികെയുള്ളവയില്‍ ഈ ഒരു മത്സരത്തിന് മാത്രമാണ് റിസര്‍വ് ഡേ ഉള്ളത്. ഇന്ന് കളി മുടങ്ങിയാല്‍ നാളെ വീണ്ടും ഇതേ സ്റ്റേഡിയത്തില്‍ തന്നെ കളിക്കും. ടൂര്‍ണമെന്റില്‍ ഇതേവെര ഒരു കളി പോലും പൂര്‍ത്തിയാക്കാന്‍ ഭാരതത്തിന് സാധിച്ചിട്ടില്ല. ഭാരതം ജയച്ചത് ഗ്രൂപ്പ് ഘട്ടത്തിലെ ഒരേയൊരു മത്സരമാണ്. നേപ്പാളിനെതിരെ നടന്ന ആ കളിക്കിടെയും മഴ പെയ്തു. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഭാരതം അന്ന് ജയിച്ചത്.
കൃത്യമായി കളിക്കാനവസരം ലഭിക്കാത്തതിനാല്‍ ഏറെ നാളത്തെ വിശ്രമത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ ജസ്പ്രീത് സിങ് ബുംറയെയും കെ.എല്‍. രാഹുലിനെയും ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ല. ഇന്നത്തെ കളിയില്‍ ഇഷാന്‍ കിഷന് വിശ്രമം അനുവദിച്ച് രാഹുലിനെ ഇറക്കാനാണ് ഭാരത പദ്ധതി. കഴിഞ്ഞ ഐപിഎലിനിടെ പരിക്കേറ്റ രാഹുല്‍ മാര്‍ച്ച് മുതല്‍ ഒരു മത്സരത്തില്‍ പോലും കളിച്ചിട്ടില്ല. ജസ്പ്രീത് സിങ് ബുംറ അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ കളിച്ചെങ്കിലും പിന്നീട് തുടര്‍ മത്സരങ്ങള്‍ക്കുള്ള അവസരം കിട്ടിയിട്ടില്ല. ഏഷ്യാകപ്പിന് പുറപ്പെട്ട ടീമിന് ശ്രീലങ്കയില്‍ പലയിടത്തുമുള്ള കനത്ത മഴ വെല്ലുവിളിയാകുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: