ബെംഗളൂരു: ബെംഗളൂരുവിൽ നിന്നും ചെന്നൈയിലേക്ക് യാത്രസമയം രണ്ട് മണിക്കൂർ മാത്രമായി കുറയും.
ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ 2023 അവസാനത്തോടെയോ അടുത്ത വര്‍ഷം ജനുവരിയോടെയോ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയാണ് അറിയിച്ചത്. ചെന്നൈയില്‍ അശോക് ലെയ്ലാന്‍ഡിന്റെ 75-ാം വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
17,000 കോടി രൂപ ചെലവിലാണ് ബെംഗളൂരു – ചെന്നൈ ഗ്രീന്‍ഫീല്‍ഡ് പദ്ധതി നിര്‍മ്മിക്കുന്നത്. 2024 മാര്‍ച്ചോടെ ഇത് പൂര്‍ത്തിയാക്കാനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. രണ്ട് മെട്രോ നഗരങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം വെറും രണ്ട് മണിക്കൂറായി ചുരുക്കുന്നതിനാണ് എക്‌സ്പ്രസ് വേ സജ്ജീകരിച്ചിരിക്കുന്നത്.
285.3 കിലോമീറ്റര്‍ നീളമുള്ള നാലുവരി പദ്ധതിയാണിത്. ചെന്നൈയില്‍ ദേശീയപാത പദ്ധതികളുടെ പുരോഗതിയും കേന്ദ്രമന്ത്രി അവലോകനം ചെയ്തു. ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ ഈ വര്‍ഷം അവസാനമോ 2024 ജനുവരിയിലോ ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയപാത പദ്ധതികളുടെ വേഗതയില്‍ താന്‍ തൃപ്തനാണെന്നും ചെന്നൈ തുറമുഖ-മധുരവോയല്‍ എലിവേറ്റഡ് എക്സ്പ്രസ് വേ പദ്ധതിയുടെ പ്രവൃത്തിയും ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സൂറത്ത്, നാസിക്, അഹമ്മദ്നഗര്‍, കര്‍ണൂല്‍ ഒപ്പം കന്യാകുമാരി, തിരുവനന്തപുരം, കൊച്ചി, ബെംഗളൂരു, ഹൈദരാബാദ് എന്നിവ വഴി ഡല്‍ഹിയെ ചെന്നൈയിലേക്ക് ബന്ധിപ്പിക്കുന്നത് പ്രവേശന നിയന്ത്രിത ഹൈവേ പദ്ധതിയിലൂടെയാണെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മേഖല ലോകത്തിലെ മൂന്നാമത്തെ വലിയ മേഖലയാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരമാവധി ജിഎസ്ടി സംഭാവന ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: