കൊച്ചി: മലപ്പുറം മൂഴിക്കല്‍ സ്വദേശി താമിര്‍ ജിഫ്രി താനൂര്‍ പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട കേസില്‍ സിബിഐ ഉടന്‍ അന്വേഷണം ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കേസിന്റെ രേഖകള്‍ ഒരാഴ്ചയ്ക്കകം സിബിഐ ഉദ്യോഗസ്ഥനു കൈമാറാന്‍ പോലീസിനും നിര്‍ദ്ദേശം നല്കി. കേസില്‍ സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടും അന്വേഷണം ഏറ്റെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജിഫ്രിയുടെ സഹോദരന് പി.എം. ഹാരിസ് നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണനാണ് ഉത്തരവു നല്‍കിയത്. മലപ്പുറത്ത് സിബിഐ ഉദ്യോഗസ്ഥര്‍ക്ക് താമസ സൗകര്യവും അന്വേഷണം നടത്താനാവശ്യമായ സഹായവും പോലീസ് ഒരുക്കണമെന്നും സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
മലപ്പുറത്തു ചേളാരിയില്‍ നിന്ന് ജൂലൈ 31 നു രാത്രിയിലാണ് താമിര്‍ ഉള്‍പ്പെടെ ഒരു സംഘത്തെ പോലീസ് പിടികൂടിയത്. ലഹരിമരുന്നു കൈവശമുണ്ടെന്ന് സംശയിച്ചു പിടികൂടിയ താമിറിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്നും ആഗസ്ത് ഒന്നിന് രാവിലെ ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടെന്നുമാണ് കേസ്.
താമിര്‍ മരിച്ചതോടെ കസ്റ്റഡി മരണത്തിനുള്ള തെളിവുകള്‍ നശിപ്പിക്കാന്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിയടക്കമുള്ളവര്‍ നീക്കം തുടങ്ങിയെന്നും ആഗസ്ത് രണ്ടിന് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചെങ്കിലും കേസിലെ പ്രതികളെ കണ്ടെത്തുകയോ പോലീസുകാരെ പ്രതി ചേര്‍ക്കുകയോ ചെയ്തില്ലെന്ന് ഹര്ജിക്കാരന് ആരോപിച്ചിരുന്നു. ആഗസ്ത് പത്തിന് കേസ് സര്‍ക്കാര്‍ കേസന്വേഷണം സിബിഐയ്ക്കു വിട്ടു. എന്നാല്‍ ഇതുവരെ സിബിഐ അന്വേഷണം ഏറ്റെടുത്തിട്ടില്ലെന്നാണ് ഹര്‍ജിക്കാരന്റെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: