ന്യൂദല്‍ഹി: കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായതിനാല്‍ ഇന്ത്യ ജി20 അധ്യക്ഷപദം വഹിക്കുന്നത് ലോകത്തിന് മാറ്റം കൊണ്ടുവരാന്‍ സഹായിക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. ജി20 ഉച്ചകോടിയോടനുബന്ധിച്ച് ദല്‍ഹിയില്‍ എത്തിയ അദ്ദേഹം പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് പ്രതികരിച്ചത്.
ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി എന്ന ആപ്തവാക്യത്തെ സ്വാഗതം ചെയ്യുന്നു. ഉപനിഷത്തില്‍ നിന്നുള്ള വാക്കുകള്‍ ഇപ്പോഴത്തെ സാഹചര്യത്തിലും പ്രതിഫലിക്കുകയാണ്.- ഗുട്ടറസ് പറഞ്ഞു.
വിഭജനം വര്‍ധിച്ചുവരുന്നു, പരസ്പര വിശ്വാസം ക്ഷയിച്ചുവരുന്നു, ഏറ്റുമുട്ടലുകള്‍ വ്യാപകമാവുന്നു. ഇത് വലിയ ദുരന്തമായി മാറുകയാണ്. ആഗോള സാമ്പത്തിക സ്ഥിതി കാലഹരണപ്പെട്ടിരിക്കുന്നു. അതിനാല്‍ അടിമുടി പരിവര്‍ത്തനവും പുനര്‍നിര്‍മ്മാണവും ആവശ്യമാണ്.- ഗുട്ടറസ് അഭിപ്രായപ്പെട്ടു.
ഇന്ത്യ പ്രധാനശക്തിയെന്ന് അന്റോണിയോ ഗുട്ടറസ്
യുഎന്‍ സുരക്ഷാസമിതിയലും മാറ്റം ആവശ്യമാണ്. ഇന്ത്യയെ സുരക്ഷാസമിതിയില്‍ ഉള്‍പ്പെടുത്തണമോ എന്ന കാര്യം തീരുമാനിക്കേണ്ടത് ഞാനല്ല. അംഗരാജ്യങ്ങളാണ്. ലോകത്ത് കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യയ്ക്ക് ബഹുമുഖമായ സ്ഥാനമുണ്ട്. ഇന്നത്തെ സാഹചര്യത്തിന് അനുസൃതമായി യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പുനസംഘടിപ്പിക്കേണ്ടതുണ്ട്. – ഗുട്ടറസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: