(വീതഹവ്യോപാഖ്യാനം തുടര്‍ച്ച)
നിത്യവും ആത്മാരാമനായി, പ്രശാന്തനായി, ശുദ്ധചിത്തനായി, പരിപൂര്‍ണനായി, നിഷ്കാമനായി, നിസ്സന്ദേഹനായി, ദ്വന്ദ്വദോഷമറ്റവനായി ആത്മാവില്‍ വിശ്രാന്തിയെ പ്രാപിച്ചുള്ളവനായ സന്മാന്യന് ഒന്നിനെയും അല്പംപോലും ആഗ്രഹിക്കയില്ല. അനര്‍ത്ഥമായ കൊടുങ്കാടിനുള്ള കോടാലിയായും ആനന്ദത്തിനുള്ള നല്ല പദമായും ശമമാകുന്ന വൃക്ഷത്തിന്റെ പൂങ്കുലയായും അമരുന്ന നിരാശത നീ കൈക്കൊണ്ടാലും. നൈരാശ്യത്തെ നന്നായി കൈക്കൊണ്ട മാന്യന് ഭൂമിമുഴുവനും ഗോഷ്പദമായീടുന്നു. മൂന്നു ലോകവും ശുദ്ധപ്പുല്ലാകുന്നു, പൊന്നിന്കുന്നൊരു കുറ്റിയാകും, ദിക്ക് പെട്ടിയാകും. ശ്രീരാമ! ശരീരത്തില്‍നിന്ന് വ്യതിരിക്തനാകുന്ന ആത്മാവിനെ മങ്ങാതെ കാണുവാനായീടും വിവേകിയുടെ അംഗങ്ങള്‍ അരിഞ്ഞെടുത്തീടുന്നതാകിലും, ഗുരുമാഹാത്മ്യമേന്തീടുന്ന ആ മഹാശയന് അരിഞ്ഞീടുന്നതായിട്ട് അറിയില്ല. ഭക്ഷിച്ച ശര്‍ക്കരയുടെ സ്വാദ് ദേഹത്തിങ്കല്‍ തീകൊണ്ടെരിക്കിലും, ഒന്നൊന്നായി അംഗങ്ങളെ ഛേദിച്ചുകളകിലും അന്യഥാകരിക്കുവാന്‍ സാധിക്കാത്തതുപോലെ ആത്മതത്ത്വാവലോകം അന്യഥാകരിക്കുവാന്‍ നിശ്ചയമായും സാധിക്കയില്ല.
ശുദ്ധവും പരമവുമായ തത്ത്വംതന്നില് വിശ്രാന്തിയാര്ന്ന ധീരനായുള്ളന് പുറമേ വ്യവഹാരയുക്തനായി ഭാവിക്കിലും എപ്പോഴും പരമായുള്ള തത്ത്വത്തെ ഉള്ളില്‍ ആസ്വദിച്ചീടും. പദാര്ത്ഥസംസര്ഗമില്ലായ്കയാലുണ്ടാകുന്ന മനോമയമാകുന്നു വിമുക്തത എന്നു നീ ഓര്‍ക്കുക. ദേഹം ഉണ്ടെന്നാകിലും ഇല്ലെന്നാകിലും അത് നിഷ്പാപന്ന് സംഭവിക്കുന്നുവെന്നു മായമില്ലാതെ പറയാം. സ്നേഹമറ്റവനായി ജീവിക്കുന്നവന് ജീവന്മുക്തന്, ഭൂമിയില്‍ സസ്നേഹനായി ജീവിക്കുന്നവന് ബദ്ധന്. ഈ രണ്ടുവിധത്തിലും അല്ലാതെയുള്ളവന് ശ്രീരാമ! മുക്തനെന്നു പറയപ്പെടുന്നു. മേലില്‍ വന്നീടുന്നതും കീഴ്ക്കട കഴിഞ്ഞതും ആലോചിക്കാതെ വര്‍ത്തമാനത്തില്‍ വര്‍ത്തിക്കും. നിത്യവും അസക്തമാനസനായി ജീവന്മുക്തനായവന് ചെയ്യുന്ന സകലവും ഭക്തനില്‍ ഭക്തി, ശഠന്‍ ശഠനില്, വൃദ്ധരില്‍ വൃദ്ധന്, ബാലരില് ബാലന്, തരുണരില്‍ തരുണന്‍, ധൈര്യവാന് ധീരന്മാരില്, ദുഃഖധീ ദുഃഖിതരില്‍, ധീരധീപ്രാജ്ഞന്, പുണ്യകീര്ത്തനന്, ദൈന്യഹീനന്, സദാകാലം പേശലന് ഇവര്‍ ജീവന്മുക്തര്.
ആദിത്യബിംബം ശീതളമായീടിലും ചന്ദ്രബിംബം ഏറ്റവും ചൂടുള്ളതായീടിലും യാഗാഗ്നിയുടെ നാളം കീഴ്പ്പോട്ടേയ്ക്കായീടിലും മഹാശയന് ഏതും വിസ്മയിക്കാതിരിക്കും. ഇക്കണ്ടീടുന്നതെല്ലാം ചിദാത്മാവില്‍ ശക്തികള്‍ വിളങ്ങുന്നതാണെന്ന് നിത്യം ചേതസ്സി ചിന്തിക്കയാല്‍ ആശ്ചര്യജാലങ്ങളില് കൗതുകമൊട്ടുമുണ്ടായീടാത്തതാകുന്നു. വെള്ളത്തില്‍ പരിസ്പന്ദംകൊണ്ടുണ്ടാകുന്ന ചുഴി വെള്ളത്തില്‍നിന്നു വേറെയാണെന്നു തോന്നുംവണ്ണം രാഘവ! ലോകം ചിത്തസ്പന്ദത്തില്നിന്നു വേറെയാകുന്നുവെന്നു തോന്നീടുന്നുവെന്ന് നീ അറിയുക. ആകാശത്തില്‍ പെട്ടെന്ന് പീലിയെ ചലിപ്പിച്ചാല്‍ മുത്തു(രത്നം)കളുടെ മണ്ഡലത്തെ കാണുന്നതുപോലെ ഇല്ലാത്ത ജഗത്തിനെ ചിത്തസ്പന്ദത്തിനാല് ഉള്ളതായിട്ടു കണ്ടുകൊണ്ടീടുന്നു.
പാഥോജായതനേത്രന് ശ്രീരാമചന്ദ്രന് മുനിനാഥനോട് അപ്പോള്‍ ഇപ്രകാരം ചേദിച്ചു, ‘ചിത്തം സ്പന്ദിച്ചുകൊണ്ടീടുവാന് ബന്ധമെന്താണ്? അതിനാല്‍ ചിത്തസ്പന്ദമില്ലാതെയായീടുന്നതെന്ത്? ചിത്തത്തില്‍ സ്പന്ദമില്ലാതെയാക്കീടുന്നതിനുള്ള മാര്‍ഗം വിസ്തരിച്ച് അമ്പോടരുള്ചെയ്യണം. ഗുണാംബുധേ! കേട്ടാലും നീ,’ എന്നിങ്ങനെ മുനിശ്രേഷ്ഠന് അന്നേരം രാമചന്ദ്രനോട് പറഞ്ഞു, ‘ശ്രീരാമചന്ദ്ര! മഞ്ഞില്‍ വെളുപ്പെങ്ങനെയാണ്, എള്ളില്‍ അല്പം തൈലംചേര്ത്താല് എപ്രകാരമെന്നു നന്നായി ധരിക്കുക. ആയതുപോലെ ചിത്തസ്പന്ദങ്ങള്ക്ക് അല്പംപോലും ഭേദം കാണുകയില്ല. ചിത്തത്തെ നാശമാക്കീടുന്നതിന്ന് ഉപായങ്ങള്‍ രണ്ടുണ്ടെന്നറിക നീ. യോഗമെന്നതും ജ്ഞാനമെന്നതുമാണവ. യോഗമെന്നത് ചിത്തവൃത്തിക്കു നിരോധമാകുന്നുവെന്നു മാനസ്സേ ധരിച്ചുകൊണ്ടീടുക. ജ്ഞാനം ആനന്ദമായിട്ട് ഒക്കെക്കണ്ടുകൊള്ളുന്നതത്രെ. രാഘവ! പ്രാണസ്പന്ദമാകുന്നു മാനസമെന്നു ആഗമഭൂഷണന്മാരൊക്കെ പറയുന്നു. പ്രാണനെ തടയുന്നതുകൊണ്ട് മാനസം ഉപശാന്തമായി ഭവിച്ചീടും. ചിത്തചാഞ്ചല്യമൊട്ടുമില്ലാതെയായി വന്നാല്‍ സംസാരം നശിച്ചീടും. സൂര്യനസ്തമിച്ചാല്‍ ഭൂമിയില്‍ വ്യവഹാരമുണ്ടാകുമോ എന്ന് ഓര്‍ത്താലും.’
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: