ഇടുക്കി: ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ ഭാഗമായ ചെറുതോണി അണക്കെട്ടിൽ സുരക്ഷാ വീഴ്ച കണ്ടെത്തി. സന്ദർശകപാസ് എടുത്ത് അണക്കെട്ടിൽ കിടന്ന യുവാവ് ഉയരവിളക്കുകൾ താഴിട്ടുപൂട്ടുകയും ഷട്ടറുകൾ ഉയർത്തുന്ന ഇരുമ്പുവടത്തിൽ ദ്രാവകം ഒഴിക്കുകയും ചെയ്തു. ഈ കഴിഞ്ഞ ജൂലൈ 22-നാണ് സംഭവം. സെപ്റ്റംബർ നാലിന് അറ്റകുറ്റപ്പണികൾ നടക്കവെയാണ് ഇത് ശ്രദ്ധയിൽ പെടുന്നത്. ഉയരവിളക്കുകളുടെ എർത്ത് കമ്പി താഴിട്ട് പൂട്ടിയ നിലയിലായിരുന്നു. ഇത്തരത്തിൽ 11 ഇടങ്ങളിലാണ് താഴിട്ട് പൂട്ടിയിട്ടുള്ളത്.
സംഭവത്തിന് പിന്നാലെ ജീവനക്കാർ സിസിടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് യുവാവ് ഇവയ്ക്കെല്ലാം താഴിട്ട് പൂട്ടുന്നതിന്റെ ദൃശ്യങ്ങൾ ലഭിക്കുന്നത്. ഷട്ടറുകൾ ഉയർത്തുന്ന ഇരുമ്പു വടത്തിലും ഇത്തരത്തിൽ കുപ്പിയിലാക്കി കൊണ്ടുവന്ന ദ്രാവകം ഒഴിക്കുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ കെഎസ്ഇബിയുടെ പരാതിയിൽ ഇടുക്കി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അണക്കെട്ടിൽ ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും അസ്വഭാവികമായി ഒന്നും തന്നെ താഴിൽ നിന്നും കണ്ടെത്തിയിട്ടില്ല. യുവാവ് എത്തിയ വാഹനത്തിന്റെ നമ്പർ പോലീസിന് ലഭിച്ചുവെന്നാണ് സൂചന. സിസിടിവി ദൃശ്യത്തിൽ പതിഞ്ഞ യുവാവ് നിലവിൽ വിദേശത്താണ് ഉള്ളത്. ഇയാളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: