കോട്ടയം: നെഞ്ചിടിപ്പോടെ സംസ്ഥാനം ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യ ഘട്ടത്തിൽ പോസ്റ്റൽ വോട്ടുകളാണ് എണ്ണുന്നത്. രാവിലെ എട്ട് മണിയോടെയാണ് വോട്ടെണ്ണൽ ആരംഭിക്കുമെന്ന് അറിയിച്ചിരുന്നത്. എന്നാൽ താക്കോലുകൾ തമ്മിൽ മാറി പോയതിനാൽ സ്‌ട്രോംഗ് റൂം വൈകിയാണ് തുറന്നത്. ഇതിനാൽ തന്നെ വോട്ടെണ്ണൽ ആരംഭിക്കുന്നതിലും താമസം നേരിട്ടിട്ടുണ്ട്.
ആകെ 20 മേശകളാണ് വോട്ടെണ്ണലിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ 14 മേശകളിൽ വോട്ടിംഗ് യന്ത്രങ്ങളും അഞ്ച് മേശകളിൽ അസന്നഹിത വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടുകളുമാണ് എണ്ണുക. 13 റൗണ്ടുകളിലായാണ് വോട്ടിംഗ് യന്ത്രങ്ങൾ എണ്ണുന്നത്. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകൾ എണ്ണി കഴിയുമ്പോഴേക്കും കൃത്യമായ ഫല സൂചന ലഭിക്കുമെന്നാണ് വിലയിരുത്തൽ. ഇതിന് ശേഷം അകലക്കുന്നം, കൂരോപ്പട, മണർകാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം എന്നീ പഞ്ചായത്തുകളിലെയും എണ്ണും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: