കേരളത്തിലെ നെല്‍ക്കര്‍ഷകര്‍ക്ക് സമയത്ത് പണം നല്കുന്നതില് പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ച നടന് ജയസൂര്യക്കും, ഈ പ്രശ്നം പൊതുജന സമക്ഷം കൊണ്ടുവന്ന നടനും കൃഷിക്കാരനുമായ കൃഷ്ണപ്രസാദിനും എതിരെ സംസ്ഥാന മന്ത്രിമാരും സിപിഎം ഇടതുമുന്നണി പ്രവര്‍ത്തകരും പടവാളോങ്ങുകയാണ്. പതിവുപോലെ സഖാക്കളുടെ വിവരമില്ലായ്മ ഇതിലും പ്രകടമാണ്. ജയസൂര്യക്കെതിരായ സൈബര്‍ ആക്രമണം ഏറ്റവും കൂടുതല്‍ പോയത് ശ്രീലങ്ക ക്രിക്കറ്റ് താരം ജയസൂര്യയുടെ അക്കൗണ്ടിലേക്കാണ്. കാര്യമെന്തെന്നറിയാതെ അദ്ദേഹം മലയാളം തെറിയഭിഷേകം മനസ്സിലായപ്പോള്‍ പൊട്ടിച്ചിരിച്ചു എന്നാണ് വാര്‍ത്ത. ആ ചിരി കേരളത്തിലെ സിപിഎമ്മിന്റെയും ഭരണമുന്നണിയുടെയും നേതാക്കളുടെ കവിളത്തേറ്റ തലോടലായി കണ്ടാല്‍ മതി.
നടന് ജയസൂര്യ ഉയര്‍ത്തിയ പ്രശ്നം കേരളത്തിലെ നെല്‍ക്കര്‍ഷകര്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അനുഭവിക്കുന്നതാണ്. ഇക്കാര്യത്തില്‍ ജയസൂര്യ പറഞ്ഞതില്‍ എന്താണ് തെറ്റെന്ന് ബഹുമാനപ്പെട്ട മന്ത്രിമാരോ മുഖ്യമന്ത്രിയോ സാധാരണ ജനങ്ങളെയും കര്‍ഷകരെയും ഒന്ന് ബോധ്യപ്പെടുത്തിയാല്‍ മാത്രം മതി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കൃഷിവകുപ്പ് കൈകാര്യം ചെയ്യുന്നത് സിപിഐ മന്ത്രിമാരാണ്. ഇടതുമുന്നണി അധികാരത്തില്‍ എത്തിയപ്പോഴൊക്കെ മിക്കപ്പോഴും കൃഷി, പൊതുവിതരണം എന്നിവ സിപിഐ മന്ത്രിമാരാണ് കൈകാര്യം ചെയ്തിരുന്നത്. കേരളത്തിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുകയും സാധാരണക്കാരുടെ അത്താണിയായി മാറുകയും ചെയ്ത മാവേലി സ്റ്റോറുകളും കേരള സ്റ്റോറുകളും വിഭാവന ചെയ്തത് സിപിഐ മന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരന് നായര്‍ ആയിരുന്നു. എവിടെയും ഒരു പരാതിക്കും ഇടവരാതെ, അഴിമതിക്കാര്‍ക്ക് അവസരം നല്‍കാതെ, സാധനങ്ങള്‍ വാങ്ങുന്നതിലും സംഭരിക്കുന്നതിലും ഒക്കെ തന്നെ തന്റെ ജന്മസിദ്ധമായ കുലീനത പുലര്‍ത്തിയ ചന്ദ്രശേഖരന് നായര്‍ കേരളരാഷ്ട്രീയത്തില്‍ തന്നെ വേറിട്ട വ്യക്തിത്വമായിരുന്നു. ചന്ദ്രശേഖരന് നായര്‍ക്ക് ശേഷം വന്ന മന്ത്രിമാരുടെ ഭരണത്തിന്റെ വിശേഷങ്ങളിലേക്ക് കടക്കുന്നില്ല. പാര്‍ട്ടിയില്‍ കാനം പിടിമുറുക്കി. വിവരവും ബുദ്ധിയുമുള്ള, ജനങ്ങളോട് ബന്ധമുള്ള, മുഴുവന്‍ നേതാക്കളെയും ചവിട്ടിയൊതുക്കിയതോടെ കുറച്ച് അപ്രസക്തരും മന്ത്രിപ്പണി പോലെ കാര്യക്ഷമമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്തവരുമായ ആളുകളെയാണ് ഈ പണികളില്‍ നിയോഗിച്ചിട്ടുള്ളത്. അതിന്റെ പ്രതിസന്ധിയാണ് ഇന്ന് കേരളം അഭിമുഖീകരിക്കുന്നത്.
കളമശ്ശേരി കാര്‍ഷികോത്സവത്തില്‍ മന്ത്രിമാരായ പി. രാജീവും പി. പ്രസാദും പങ്കെടുത്തിരുന്ന വേദിയില്‍ ഗ്ലാമറും കൊഴുപ്പും കൂട്ടാനാണ് നടന് ജയസൂര്യയെ ക്ഷണിച്ചുവരുത്തിയത്. മന്ത്രിമാരുടെ പ്രസംഗത്തില്‍ ചെറുപ്പക്കാര്‍ക്ക് ഷര്‍ട്ടില്‍ ചെളി പുരളാന്‍ താല്പര്യമില്ല, അതുകൊണ്ടുതന്നെ കാര്‍ഷിക മേഖലയിലേക്ക് യുവാക്കള്‍ വരുന്നില്ല എന്ന പരാതിയാണ് മന്ത്രി പി. പ്രസാദ് ഉയര്‍ത്തിയത്. പ്രസാദിന്റെ ഈ വിമര്‍ശനമാണ് ജയസൂര്യ ഏറ്റെടുത്തത്. നടനായിട്ടല്ല, സാധാരണക്കാരനായിട്ടാണ് പറയുന്നത് എന്ന് സൂചിപ്പിച്ച് കേരളത്തിലെ കാര്‍ഷിക മേഖല നേരിടുന്ന പ്രശ്നങ്ങള്‍ ജയസൂര്യ അവതരിപ്പിച്ചു. ചങ്ങനാശ്ശേരിയിലെ കര്ഷകന് കൂടിയായ നടന് കൃഷ്ണപ്രസാദ് സപ്ലൈകോയില്‍ നല്കിയ നെല്ലിന് ആറുമാസമായിട്ടും പണം കിട്ടാതെ കാത്തിരിക്കുന്നതും തിരുവോണദിവസം ഉണ്ണാവ്രതം അനുഷ്ഠിക്കുന്നതുമാണ് ജയസൂര്യ ചൂണ്ടിക്കാട്ടിയത്. പട്ടിണി കിടക്കുന്ന അച്ഛനെ കാണുന്ന മകന് എങ്ങനെ കൃഷിക്കാരനാകും എന്ന് ജയസൂര്യ മന്ത്രിമാരോട് ചോദിച്ചതിന് മറുപടി പറയാന്‍ മന്ത്രിമാര്‍ക്കായില്ല.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സപ്ലൈകോയ്ക്ക് നെല്ല് കൊടുത്തിട്ട് മാസങ്ങളോളം കാത്തിരിക്കുകയും ബാങ്കില്‍ നിന്ന് സപ്ലൈകോയുടെ രസീത് അടിസ്ഥാനത്തില്‍ വായ്പ എടുക്കേണ്ടിയും വരുന്ന സാഹചര്യം കൂടി കൃഷ്ണപ്രസാദ് തുറന്നടിച്ചതോടെ സപ്ലൈകോയുടെ ചുമതലയുള്ള മന്ത്രി ജി.ആര്. അനില്‍ പ്രതിരോധത്തിലായി. കേന്ദ്രസര്‍ക്കാര്‍ സമയത്ത് പണം നല്‍കാത്തതാണ് നെല്‍ക്കര്‍ഷകര്‍ക്ക് സമയത്തിന് പണം നല്കാതിരിക്കാന് കാരണമെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. പക്ഷേ, സത്യം എന്താണ്? സമയത്ത് കണക്കുകൊടുത്താല്‍ മാത്രമേ കേന്ദ്രസര്‍ക്കാര്‍ പണം അനുവദിക്കുകയുള്ളൂ. കഴിഞ്ഞ നാലുവര്‍ഷത്തെ കണക്കുകള്‍ സമര്‍പ്പിക്കാന്‍ കേരളം വീഴ്ച വരുത്തിയതാണ് സമയത്ത് പണം ലഭിക്കാതിരിക്കാന്‍ കാരണമെന്ന് കേന്ദ്രസര്‍ക്കാരും ചൂണ്ടിക്കാട്ടി. കഴിഞ്ഞ നാലുവര്‍ഷവും കേരളം ഭരിച്ചിരുന്നത് ഇടതുമുന്നണിയാണ്. കഴിഞ്ഞ നാല് വര്‍ഷവും കൃഷിയും സിവില്‍ സപ്ലൈസ് വകുപ്പുകളും സിപിഐയുടെ ചുമതലയില്‍ ആയിരുന്നു. അപ്പോള്‍ വീഴ്ച ആരുടെ പക്കലാണ്? 637.7 കോടി രൂപയാണ് കേന്ദ്രസര്‍ക്കാരില്‍ നിന്ന് മുന്‍ വര്‍ഷങ്ങളിലെ തുകയായി കിട്ടാനുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടും അവധാനതയുമാണ് ഈ പ്രതിസന്ധിക്ക് കാരണം.
ഓണത്തിന് മുമ്പ് മുഴുവന്‍ കര്‍ഷകര്‍ക്കും പണം കൊടുക്കും എന്നാണ് പറഞ്ഞിരുന്നത്. ഇതിനായി ബാങ്കുകളുടെ കണ്‍സോര്‍ഷ്യവുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിടുകയും ചെയ്തിരുന്നു. ഒപ്പിട്ട ധാരണാപത്രം അനുസരിച്ച് ബാങ്കുകള്‍ പണം കൊടുത്തില്ലെങ്കില്‍ ആരാണ് അതിന് ഉത്തരവാദി? സപ്ലൈകോയുടെ കണക്കനുസരിച്ച് ആഗസ്റ്റ് 24 നാണ് നെല്‍ക്കര്‍ഷകര്‍ക്ക് പണം നല്കി തുടങ്ങിയത്. 4,100 കര്‍ഷകര്‍ക്ക് 38 കോടി രൂപയാണ് നല്‍കിയത്. ഇനി 23,691 കര്‍ഷകര്‍ക്ക് പണം നല്കാന് ബാക്കിയുണ്ട്. കേരളത്തിലെ റേഷന്‍കടകളിലൂടെ വിതരണം ചെയ്യാനാണ് സപ്ലൈകോ സംഭരിക്കുന്ന നെല്ല് ഉപയോഗിക്കുന്നത്. ആ നെല്ല് കൃഷി ചെയ്ത കര്ഷകന് ഓണക്കോടി വാങ്ങാന്‍ പോലും പണമില്ലാതെ പട്ടിണിസമരം നയിക്കേണ്ട സാഹചര്യത്തിലേക്ക് എത്തിച്ചതിന്റെ ഉത്തരവാദി സംസ്ഥാന സര്‍ക്കാരും കൃഷി പൊതുവിതരണ വകുപ്പുകളും മാത്രമല്ലേ? നാഴികയ്ക്ക് നാല്പതുവട്ടം കേന്ദ്രസര്‍ക്കാരിനെ കുറ്റം പറയുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങള്‍ മര്യാദയ്ക്ക് ചെയ്യാന്‍ കൂടി പഠിക്കണ്ടേ.
കേരളത്തിലെ കൃഷി അഭിവൃദ്ധിപ്പെടുത്താനും വികസിപ്പിക്കാനും എത്ര വകുപ്പുകളാണുള്ളത്, എത്രമാത്രം ഉദ്യോഗസ്ഥരാണ് ഉള്ളത്. ഇതുകൂടാതെ എത്രയെത്ര കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍. ഇവരൊക്കെ പ്രവര്‍ത്തിച്ചിട്ടും നമ്മുടെ കൃഷിയുടെ അവസ്ഥ എന്താണ് എന്നകാര്യം കൂടി മനസ്സിലാക്കണം. ഈ കണക്ക് സംഘപരിവാര്‍ പ്രസ്ഥാനങ്ങളോ നരേന്ദ്രമോദിയുടെ കേന്ദ്രസര്‍ക്കാരോ തയ്യാറാക്കിയതല്ല. പിണറായി വിജയന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന സാമ്പത്തിക സ്ഥിതിവിവര ഡയറക്ടറേറ്റിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് കഴിഞ്ഞ 20 വര്‍ഷത്തിനിടെ 3,16,585 ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷി ഇല്ലാതായി. അരിയുല്പാദനം 1,41,407 ടണ്ണും കുറഞ്ഞു. നെല്‍പ്പാടത്തിന്റെ വിസ്തൃതിയില്‍ 2001-2002 നും 2021-22 നും ഇടയില്‍ കുറഞ്ഞത് 39 ശതമാനവും അരിയുല്പാദനത്തില് 20 ശതമാനവുമാണ്. 1975-76 ല്‍ 21.50 ലക്ഷം ഏക്കര്‍ പാടം ഉണ്ടായിരുന്ന സ്ഥലത്തു നിന്നാണ് ഇപ്പോഴത്തെ നിലയിലേക്ക് ഇത് കൂപ്പു കുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് കാര്‍ഷിക മേഖലയിലുടനീളം ഈ തകര്‍ച്ച കാണാം. പച്ചക്കറി കൃഷിയുടെ വിസ്തൃതിയും കുറഞ്ഞു. വാഴപ്പഴം, നാളികേരം, മരച്ചീനി, കാപ്പി, അടയ്ക്ക എന്നിവയുടെ ഉത്പാദനത്തില്‍ നേരിയ വര്‍ദ്ധന ഉണ്ടായപ്പോള്‍ കശുവണ്ടി, കുരുമുളക്, റബ്ബര്‍ പയറുവര്‍ഗങ്ങള്‍, ഇഞ്ചി, മഞ്ഞള്‍ എന്നിവയുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞു. സംസ്ഥാനത്തിന്റെ മൊത്തത്തിലുള്ള കൃഷിയില്‍ 4.54 ശതമാനവും കാര്ഷികോല്പാദനത്തില് 10.34 ശതമാനവും ഇടിവാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ കുറേവര്‍ഷങ്ങളായി, ഏറ്റവും കുറഞ്ഞത് ഏഴ് വര്‍ഷങ്ങളായിട്ടെങ്കിലും കൃഷിവകുപ്പും പൊതുവിതരണ വകുപ്പും നിയന്ത്രിക്കുന്ന സിപിഐക്കും ഇടതുമുന്നണിക്കും ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളത്?
കേരളത്തിലെ കാര്‍ഷിക മേഖലയുടെ തകര്‍ച്ചയ്ക്ക് സമഗ്രമായ പുനരുജ്ജീവന നയം ഉണ്ടാകേണ്ടിയിരിക്കുന്നു. പണിയില്ലാത്തവരും പണിയെടുക്കാത്തവരുമായ ഉദ്യോഗസ്ഥരെ നിര്‍ബന്ധിത പെന്ഷന് കൊടുത്തു പിരിച്ചുവിട്ട് ഒരേ സ്വഭാവത്തിലുള്ള കോര്‍പ്പറേഷനുകള്‍ ലയിപ്പിച്ച് ധൂര്‍ത്തും ദുര്‍ഭരണവും അവസാനിപ്പിക്കാനുള്ള ഇച്ഛാശക്തി കാട്ടാന്‍ സര്‍ക്കാരിന് കഴിഞ്ഞാല്‍ മാത്രമേ ഇത് നടപ്പാക്കാനാകൂ. പാവപ്പെട്ടവരില്‍ പാവപ്പെട്ടവന് വീടുപണിയാന്‍ എടുക്കുന്ന മൂന്ന് സെന്റ് ഒഴികെ വന്‍തോതില്‍ പാടങ്ങള്‍ നികത്തുന്നത് ഒഴിവാക്കണ്ടേ? കൃഷി ആദായകരമാക്കണ്ടേ? എങ്കിലേ പുതിയ തലമുറ കാര്‍ഷിക മേഖലയിലേക്ക് വരൂ. അതിന് മുല്ലക്കരയുടെ കഥാപ്രസംഗമോ, ചിഞ്ചുറാണിയുടെ ഓട്ടമോ, ജി.ആര്. അനിലിന്റെ അഴകൊഴമ്പന്‍ നയമോ അല്ല വേണ്ടത്. അതിന് ഇച്ഛാശക്തി വേണം. മറ്റാരുടെയും കാര്യം പറയുന്നില്ല. ഇ. ചന്ദ്രശേഖരന്‍നായരുടെ, സി.കെ. ചന്ദ്രപ്പന്റെ, വെളിയം ഭാര്‍ഗവന്റെ കാര്‍ക്കശ്യ മെങ്കിലും വേണം. അതിന് അഴിമതിയുടെ കറപുരളാത്ത വ്യക്തിശുദ്ധി വേണം. ഇല്ലെങ്കില്‍ ചന്ദ്രശേഖരന്‍നായരുടെ ചെരിപ്പിന്റെ വാറഴിക്കാനുള്ള യോഗ്യത പോലും സിപിഐ മന്ത്രിമാര്‍ക്ക് അല്ല പിണറായിക്ക് പോലും ഉണ്ടാവില്ല എന്ന കാര്യം വിനയപൂര്‍വ്വം സൂചിപ്പിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: