ഭീകരസംഘടനയായ ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളം, തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ ഏകോപിപ്പിച്ച കൊടുംഭീകരനാണ് അറസ്റ്റിലായ തൃശൂര്‍ സ്വദേശി സയീദ്നബീല് അഹമ്മദെന്ന് വ്യക്തമായി. എന്‍ഐഎ ചെന്നൈയിലെ ഒളിത്താവളത്തില്‍നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്. കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചാണു നബീല്‍ ഏറെക്കാലം പ്രവര്‍ത്തിച്ചത്. ഐഎസ് തൃശൂര്‍ ഘടകത്തിന്റെ തലവനാണു നബീല്‍. കര്‍ണാടകയിലെയും തമിഴ്നാട്ടിലെയും വിവിധ സ്ഥലങ്ങളില്‍ ആഴ്ചകളായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാള്‍ നേപ്പാളിലെത്തി വ്യാജരേഖകള്‍ ചമച്ചു വിദേശത്തേക്കു രക്ഷപ്പെടാന്‍ പദ്ധതിയിട്ടിരുന്നു. കൊച്ചി എന്‍ഐഎ റജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയായ ഇയാളില്‍നിന്ന് തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ലഘുലേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. നബീലിന്റെ കൂട്ടാളി തൃശൂര്‍ മതിലകത്ത് ആസിഫ് (അഷറഫ്) ജൂലൈയില്‍ തമിഴ്നാട് സത്യമംഗലം കാട്ടില്‍ വച്ച് അറസ്റ്റിലായിരുന്നു. അതിനുശേഷം തൃശൂരിലെ നബീലിന്റെ വീട്ടിലും പാലക്കാടു സ്വദേശി റായീസിന്റെ വീട്ടിലും അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. അന്നു പിടിച്ചെടുത്ത രേഖകളും ഡിജിറ്റല്‍ ഉപകരണങ്ങളും പരിശോധിച്ചാണു നബീലിന്റെ പങ്കാളിത്തം എന്‍ഐഎ ഉറപ്പിച്ചത്. ഇവരുമായി സമൂഹമാധ്യമ അക്കൗണ്ടുകള്‍ വഴി ആശയവിനിമയം നടത്തിയ 30 പേരും എന്‍ഐഎ നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം.
തൃശ്ശൂരിലും സമീപ ജില്ലകളിലും ഭീകരാക്രമണം നടത്താനായിരുന്നു സയ്യിദിന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതിയിട്ടിരുന്നത്. ജൂലായില്‍ ആസിഫിനെ അറസ്റ്റ് ചെയ്തതോടെ സയ്യിദ് നബീല്‍ ഒളിവില്‍ പോകുകയായിരുന്നു. തുടര്‍ന്ന് ആഴ്ചകളായി ഇയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്‍ഐഎ. എന്നാല്‍ ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് നിര്‍ണായക നീക്കത്തിനൊടുവില്‍ ചെന്നൈയില്‍ വച്ച് സയ്യിദിനെ പിടികൂടിയത്. അടുത്തിടെ കേരളത്തില്‍ നടന്ന കവര്‍ച്ചയിലും സ്വര്‍ണക്കടത്തിലും സംഘത്തിന് പങ്കുണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. പെറ്റ് ലവേര്‍സ് എന്ന ഗ്രൂപ്പുണ്ടാക്കിയാണ് മോഷണ സംഘത്തിലേക്ക് ഇവര്‍ ആളുകളെ റിക്രൂട്ട് ചെയ്തത്. പാലക്കാട് നിന്ന് 30 ലക്ഷം രൂപ മോഷ്ടിച്ച ശേഷമാണ് ആഷിഫും സംഘവും സത്യമംഗലം വനമേഖലയിലെ വീട്ടില്‍ ഒളിച്ചത്. വനത്തിനുള്ളില്‍ നിന്നാണ് എന്‍ഐഎ പ്രതിയെ പിടികൂടിയത്. ആഷിഫ് മുന്‍പ് ഒരു കൊലക്കേസിലും പ്രതിയാണ്. മലപ്പുറത്തെ ഗ്രീന്‍വാലി പിടിച്ചെടുത്തതോടെയാണ് ഭീകരര്‍ക്ക് താവളമില്ലാതായത്. ഗ്രീന്‍ വാലി ഫൗണ്ടേഷന് കൈകാര്യം ചെയ്യുന്ന മഞ്ചേരിയിലെ ഗ്രീന്‍ വാലി അക്കാദമിയാണ് കണ്ടുകെട്ടിയത്. 24 ഏക്കറിലാണ് ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. ആയുധ പരിശീലനത്തോടൊപ്പം ഇവിടെ കായികാഭ്യാസ പരിശീലനവും നടന്നിരുന്നുവെന്ന് ആരോപിച്ചാണ് നടപടി. എന്‍ഐഎ കണ്ടുകെട്ടുന്ന പോപ്പുലര്‍ ഫ്രണ്ടിന്റെ കേരളത്തിലെ ആറാമത്തെ പരിശീലനകേന്ദ്രവും പോപ്പുലര്‍ ഫ്രണ്ടിന്റെ 18-ാം സ്ഥാവരസ്വത്തുമാണിത്.
ഗുരുതര ആരോപണമാണ് എന്‍ഐഎ ഈ ഘട്ടത്തില്‍ ഉയര്‍ത്തുന്നത്. കേരളാ പൊലീസ് എന്തുകൊണ്ട് ഇതെല്ലാം അറിയാതെ പോയി എന്ന ചോദ്യവും പ്രസക്തമാണ്. മതപഠന കേന്ദ്രമായാണ് ഗ്രീന്‍വാലിയെ പോപ്പുലര്‍ ഫ്രണ്ട് ഉയര്‍ത്തിക്കാട്ടിയിരുന്നത്. ആയുധപരിശീലനം, ശാരീരിക പരിശീലനം, സ്ഫോടകവസ്തുക്കളുടെ ഉപയോഗത്തെകുറിച്ചുള്ള പരിശീലനം എന്നിങ്ങനെ പല സെഷനുകള്‍ക്കായി പിഎഫ്ഐ ഗ്രീന്‍ വാലി എന്ന കെട്ടിടം ഉപയോഗിച്ചതായി എന്‍ഐഎ അന്വേഷണത്തില്‍ വ്യക്തമായി. കൊലപാതകം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതിനുശേഷം നിരവധി ഭീകരരുടെ ‘സര്‍വീസ് വിങ്’ ആയും ഒളിത്താവളമായും ഈ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നു. നേരത്തെ എന്‍ഡിഎഫ് ആണ് ഗ്രീന്‍ വാലി ഉപയോഗിച്ചിരുന്നത്. എന്‍ഡിഎഫ് നിരോധിക്കപ്പെട്ടപ്പോള്‍ പിന്നീട് പോപ്പുലര്‍ ഫ്രണ്ടിന്റെ പരിശീലന കേന്ദ്രമായി ഇത് മാറി. പോപ്പുലര്‍ ഫ്രണ്ടിന്റെ സേവന വിഭാഗത്തിന് ആയുധ സ്ഫോടനങ്ങള്‍ നടത്താന്‍വരെ ഇവിടം ഉപയോഗിക്കപ്പെടുന്നതായി കണ്ടെത്തിയിരുന്നു. കേഡര്‍മാര്‍ക്ക് ആയുധപരിശീലനം, ശാരീരിക പരിശീലനം, സ്ഫോടകവസ്തുക്കളുടെ ഉപയോഗത്തെയും പരിശോധനയെയും കുറിച്ചുള്ള പരിശീലനം എന്നിവ നല്‍കുന്നതിന് ഈ സ്വത്ത് ഉപയോഗിച്ചിരുന്നു. കൊലപാതകങ്ങള്‍ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്തതിനു ശേഷം അംഗങ്ങള്‍ക്ക് അഭയം നല്‍കാനും ഈ സൗകര്യം ഉപയോഗിച്ചു. വിദ്യാഭ്യാസവും വ്യക്തിത്വ വികസന നൈപുണ്യവും നല്‍കുന്നതിന്റെ മറവില്‍ പിഎഫ്ഐയുടെയും അതിന്റെ മുന്നണി സംഘടനകളുടെയും ഓഫീസുകള്‍ ഈ പരിസരങ്ങളില്‍ നിന്നാണ് പ്രവര്‍ത്തിച്ചിരുന്നത്. സയീദ്നബിലിന്റെ അറസ്റ്റോടെ ഭീകരരുടെ വലയ കണ്ണിയാണ് പിടിയിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: