ജക്കാര്‍ത്ത: ഇന്ത്യ- ആസിയാന്‍ ബന്ധം ശക്തിപ്പെടുത്തുന്നതിനുളള 12 നിര്‍ദ്ദേശങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിയില്‍ അവതരിപ്പിച്ചത്.കണക്റ്റിവിറ്റി, ഡിജിറ്റല്‍ പരിവര്‍ത്തനം, വ്യാപാരം, സാമ്പത്തിക ഇടപെടല്‍, സമകാലിക വെല്ലുവിളികള്‍ അഭിമുഖീകരിക്കല്‍, ജനങ്ങളുമായുള്ള ബന്ധങ്ങള്‍, തന്ത്രപരമായ ഇടപെടലുകള്‍ എന്നിവ ഉള്‍പ്പെടുന്ന നിര്‍ദ്ദേശങ്ങളാണ് മോദി അവതരിപ്പിച്ചത്.
തെക്ക്-കിഴക്കന്‍ ഏഷ്യ-ഇന്ത്യ-പടിഞ്ഞാറന്‍ ഏഷ്യ-യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന ബഹുവിധ കണക്റ്റിവിറ്റിയും സാമ്പത്തിക ഇടനാഴിയും സ്ഥാപിക്കണമെന്ന് മോദി നിര്‍ദ്ദേശിച്ചു. ഇന്ത്യയുടെ ഡിജിറ്റല്‍ പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍ ആസിയാന്‍ പങ്കാളികളുമായി പങ്കിടാമെന്നും വാഗ്ദാനം ചെയ്തു. ഡിജിറ്റല്‍ പരിവര്‍ത്തനത്തിലും സാമ്പത്തിക ഇടപാടുകള്‍ക്കുമായി സഹകരണത്തിന് ആസിയാന്‍-ഇന്ത്യ ഫണ്ട് ഡിജിറ്റല്‍ ഭാവിക്കായി അദ്ദേഹം പ്രഖ്യാപിച്ചു.
ഗ്ലോബല്‍ സൗത്ത് നേരിടുന്ന പ്രശ്നങ്ങള്‍ ബഹുമുഖ വേദികളില്‍ കൂട്ടായി ഉന്നയിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ഇന്ത്യയില്‍ ലോകാരോഗ്യ സംഘടന സ്ഥാപിക്കുന്ന പാരമ്പര്യ വൈദ്യ ചികിത്സയ്ക്കായുളള കേന്ദ്രത്തില്‍ ചേരാനും അദ്ദേഹം ആസിയാന്‍ രാജ്യങ്ങളെ ക്ഷണിച്ചു.
ജന്‍-ഔഷധി കേന്ദ്രങ്ങള്‍ വഴി ജനങ്ങള്‍ക്ക് താങ്ങാനാവുന്നതും ഗുണമേന്മയുള്ളതുമായ മരുന്നുകള്‍ ലഭ്യമാക്കുന്നതില്‍ ഇന്ത്യയുടെ അനുഭവം പങ്കുവയ്ക്കാന്‍ തയാറാണെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. ഭീകരതയ്ക്കെതിരെയും ഭീകരവാദത്തിന് ധനസഹായം നല്‍കുന്നതിനും ഇന്റര്‍നെറ്റിലൂടെ വ്യാജ വിവരങ്ങള്‍ നല്‍കുന്നതിനും എതിരെ കൂട്ടായ പോരാട്ടത്തിന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. ദുരന്ത ലഘൂകരണ അടിസ്ഥാന സൗകര്യത്തിനായുളള സഖ്യത്തില്‍ ചേരാന്‍ നരേന്ദ്രമോദി ആസിയാന്‍ രാജ്യങ്ങളെ ക്ഷണിച്ചു. ദുരന്തനിവാരണത്തില്‍ സഹകരിക്കാനും സമുദ്ര സുരക്ഷ, സുരക്ഷ പോലുളളവയില്‍ സഹകരണം വര്‍ദ്ധിപ്പിക്കാനും മോദി ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: