കോഴിക്കോട്: നിലമ്പൂർ എംഎൽഎ പി.വി. അൻവറിനെതിരെ താലൂക്ക് ലാൻഡ് ബോർഡിന്റെ ഗുരുതര കണ്ടെത്തൽ. ഭൂപരിധി നിയമം മറികടക്കാനായി പി.വി. അൻവർ ക്രമക്കേട് കാട്ടിയെന്ന് ഓതറൈസഡ് ഓഫീസറുടെ റിപ്പോർട്ട്. പിവിആർ എന്‍റർടെയിൻമെന്‍റ് എന്ന പേരിൽ പാർട്ണർഷിപ്പ് സ്ഥാപനം തുടങ്ങിയത് ഭൂപരിധി ചട്ടം മറികടക്കാൻ വേണ്ടിയാണെന്നാണ് കണ്ടെത്തല്‍. അൻവറിനെതിരായ മിച്ചഭൂമി കേസിൽ താമരശേരി ലാൻഡ് ബോർഡ് ഇന്ന് നടത്തിയ സിറ്റിംഗിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
അൻവറിന്റെ ഭാര്യയുടെ പേരിൽ സ്ഥാപനം രൂപീകരിച്ചതിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നും കണ്ടെത്തലുണ്ട്. പാർട്ണർഷിപ്പ് ആക്ടിലെയും സ്റ്റാമ്പ് ആക്റ്റിലെയും വ്യവസ്ഥകൾക്ക് വിരുദ്ധമായാണ് അൻവറിന്റെയും ഭാര്യയുടെയും പേരിൽ സ്ഥാപനം രൂപീകരിച്ചത്. ഭൂ ഉടമ്പടി രേഖ വാങ്ങേണ്ടത് പങ്കാളികളിൽ ഒരാളുടെ പേരിലാണ്. എന്നാൽ സ്റ്റാമ്പ് പേപ്പർ വാങ്ങിയത് മൂന്നാം കക്ഷിയുടെ പേരിലാണെന്നാണ് കണ്ടെത്തിയത്.
അൻവറിന്റെ പക്കലുള്ള 15 ഏക്കർ ഭൂമി മിച്ചഭൂമിയായി ഏറ്റെടുക്കാമെന്നും ഓതറൈസ്ഡ് ഓഫീസറുടെ റിപ്പോർട്ടില്‍ പറയുന്നു. റിപ്പോർട്ടിന്മേൽ ആക്ഷേപം ഉണ്ടെങ്കിൽ അറിയിക്കാൻ കക്ഷികൾക്ക് 7 ദിവസത്തെ സാവകാശവും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: