ഇടുക്കി: ബാങ്കിൽ നിന്ന് ലോണെടുക്കാൻ സ്വകാര്യ വ്യക്തി ഈടുവച്ചത് പോലീസ് സ്റ്റേഷനും ക്വാർട്ടേഴ്‌സുമടങ്ങുന്ന ഭൂമി. ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ സ്റ്റേ ഷനിലാണ് സംഭവം. 2.4 ഏക്കറോളം ഭൂമിയാണ് ഈടുവച്ചത്. വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി ചെയ്ത് ലേലത്തിന് വച്ച ഭൂമി ഏറ്റെടുത്തയാൾ അളന്ന് തിരിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയെ തുടർന്നാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്.
അഭിഭാഷക കമ്മീഷന്റെ സാന്നിദ്ധ്യത്തിൽ താലൂക്ക് സർവേയർ ഭൂമി അളന്ന് ഡെബിറ്റ് റിക്കവറി ട്രൈബ്യൂണലിൽ (ഡിആർടി) സമർപ്പിച്ച റിപ്പോർട്ടിൽ പോലീസ് സ്റ്റേഷനും ഭൂമിയും സംബന്ധിച്ച കാര്യം വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. വെള്ളത്തൂവൽ സ്വദേശിയായ സി.ബി രമേശൻ ഒരു സ്വകാര്യ ബാങ്കിന്റെ അടിമാലി ശാഖയിൽ നിന്ന് വായ്പയെടുക്കാൻ വർഷങ്ങൾക്ക് മുമ്പ് ഈട് നൽകിയ മൂന്നേക്കർ ഭൂമിയിലാണ് പോലീസ് സ്റ്റേഷൻ ഉൾപ്പെട്ടിരിക്കുന്നത്. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് നടപടിയെടുക്കുകയും ഡെബിറ്റ് റിക്കവറി ട്രൈബ്യൂണൽ മുഖേന ജപ്തി നടപ്പാക്കുകയും ചെയ്തു.
ലേലത്തിൽ വെച്ച ഭൂമി 2012ൽ നായരമ്പലം സ്വദേശി കെ.പി. ജോഷി വാങ്ങി. ഈ ഭൂമിയുടെ അതിർത്തി നിർണയിക്കാൻ അളന്ന് തിട്ടപ്പെടുത്താനായി ഭൂവുടമ ഡി.ആർ.ടിയെ സമീപിച്ചു. തുടർന്ന് അളന്ന് സർവേ നടപടികൾക്കായി അഭിഭാഷക കമീഷനെയും താലൂക്ക് സർവേയറെയും ചുമതലപ്പെടുത്തി. അവർ സമർപ്പിച്ച റിപ്പോർട്ടിലാണ് പോലീസ്സ്റ്റേഷനും ക്വാർട്ടേഴ്‍സുമടക്കം 2.4 ഏക്കറോളം ഭൂമികൂടി ഉൾപ്പെടുന്നതാണ് ഈട് വസ്തുവെന്ന് രേഖപ്പെടുത്തിയിട്ടുള്ളത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിശദീകരണം തേടി ഡി.ആർ.ടിയിലെ റിക്കവറി ഓഫിസറുടെ നോട്ടീസ് ലഭിച്ചപ്പോഴാണ് വെള്ളത്തൂവൽ പോലീസ് വിവരം അറിയുന്നത്.
2023 ജൂൺ 20നാണ് ഇതുസംബന്ധിച്ച നോട്ടീസ് പോലീസിന് ലഭിച്ചത്. നോട്ടീസ് ലഭിച്ചതോടെ ഭൂമി സംബന്ധിച്ച റിപ്പോർട്ട് തെറ്റാണെന്നുകാട്ടി അഭിഭാഷകൻ മുഖേന ജില്ല പോലീസ് മേധാവി ഡി.ആർ.ടിയിൽ പ്രാഥമിക വിശദീകരണം നൽകി. ദേവികുളം താലൂക്ക് വെള്ളത്തൂവൽ വില്ലേജിലെ 19/1 സർവേ നമ്പറിൽ വരുന്ന ഭൂമിയിലാണ്പോലീസ് സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഈ ഭൂമി പോലീസ് വകുപ്പിന് കൈമാറാൻ അനുമതി നൽകി 1989 ഡിസംബർ ആറിന് ജില്ലാ കലക്ടർ പുറപ്പെടുവിച്ച ഉത്തരവടക്കം പൊലീസ് ഡി.ആർ.ടിയിൽ ഹാജരാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: