‘വസുധൈവ കുടുംബകം’ ഈ വാക്കുകള്‍ ആഴത്തിലുള്ള തത്വചിന്ത ഉള്‍ക്കൊള്ളുന്നതാണ്. ‘ലോകം ഒരു കുടുംബം’ എന്നാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്. അതിരുകള്‍ക്കും ഭാഷകള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും അതീതമായി ഏവരെയും ഉള്‍ക്കൊള്ളുന്ന, സാര്‍വത്രിക കുടുംബമായി വളരാന്‍ നമ്മെ പ്രോത്സാഹിപ്പിക്കുന്ന വീക്ഷണമാണത്. ഭാരതത്തിന്റെ ജി20 അധ്യക്ഷതയുടെ കാലത്ത്, മാനവകേന്ദ്രീകൃത പുരോഗതിക്കുള്ള ആഹ്വാനമായി അത് പരിവര്‍ത്തനം ചെയ്യപ്പെട്ടു. ഒരൊറ്റഭൂമി എന്ന നിലയില്‍, നമ്മുടെ ഗ്രഹത്തെ പരിപോഷിപ്പിക്കാന്‍ നാം ഒരുമിക്കുകയാണ്. ഒരു കുടുംബമെന്ന പോലെ, വളര്‍ച്ചയിലേക്കുള്ള പാതയില്‍ നാം പരസ്പരം പിന്തുണയ്ക്കുന്നു. പരസ്പരബന്ധിതമായ ഈ കാലത്തെ നിഷേധിക്കാനാകാത്ത വസ്തുതയായ, എല്ലാവരും ഒത്തുചേര്‍ന്ന ഭാവിയിലേക്ക് നാം ഒരുമിച്ചു നീങ്ങുന്നു.
മഹാമാരിക്ക് ശേഷമുള്ള ലോകക്രമം, അതിനു മുമ്പുള്ള ലോകത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. അതില്‍ മൂന്ന് സുപ്രധാന മാറ്റങ്ങളുണ്ട്. ഒന്നാമതായി, മൊത്ത ആഭ്യന്തര ഉല്‍പ്പാദന വീക്ഷണം കേന്ദ്രീകരിച്ചു ലോകത്തെ വീക്ഷിക്കുന്നതില്‍ നിന്ന് മാറി, മനുഷ്യ കേന്ദ്രീകൃത വീക്ഷണത്തിലേക്കുള്ള മാറ്റം ആവശ്യമാണെന്ന തിരിച്ചറിവ് വളര്‍ന്നുവരികയാണ്. രണ്ടാമതായി, ആഗോള വിതരണ ശൃംഖലകളില്‍ അതിജീവനശേഷിയുടെയും വിശ്വാസ്യതയുടെയും പ്രാധാന്യം ലോകം തിരിച്ചറിയുന്നു. മൂന്നാമതായി, ആഗോള സ്ഥാപനങ്ങളുടെ പരിഷ്കരണത്തിലൂടെ ബഹുരാഷ്ട്രവാദം വര്‍ധിപ്പിക്കുന്നതിനുള്ള കൂട്ടായ ആഹ്വാനമുണ്ട്.
ഈ മാറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതില്‍ ഭാരതത്തിന്റെ ജി20 അധ്യക്ഷത സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. 2022 ഡിസംബറില്‍ ഇന്തോനേഷ്യയില്‍ നിന്ന് ഭാരതം അധ്യക്ഷസ്ഥാനം ഏറ്റെടുത്തപ്പോള്‍, ജി20 ലൂടെ ചിന്താഗതി മാറ്റത്തിന് ഉത്തേജനമേകണമെന്ന് ഞാന്‍ എഴുതിയിരുന്നു. വികസ്വര രാജ്യങ്ങളുള്‍ക്കൊള്ളുന്ന ഗ്ലോബല്‍ സൗത്ത്, ആഫ്രിക്ക എന്നിവിടങ്ങളിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വികസന സ്വപ്നങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന പശ്ചാത്തലത്തില്‍ ഇതു സവിശേഷമായും പ്രാധാന്യം അര്‍ഹിക്കുന്നു. 125 രാജ്യങ്ങളില്‍ നിന്നുള്ള പങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ച ‘വോയ്സ് ഓഫ് ഗ്ലോബല്‍ സൗത്ത് സമ്മിറ്റ്’ ഭാരതത്തിന്റെ അധ്യക്ഷതയുടെ കീഴില്‍ സംഘടിപ്പിച്ച മുന്‍നിര സംരംഭങ്ങളിലൊന്നായിരുന്നു. ഗ്ലോബല്‍ സൗത്ത് രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളും ആശയങ്ങളും ശേഖരിക്കുന്നതിനുള്ള പ്രധാന ഉദ്യമമായിരുന്നു അത്. കൂടാതെ, ഭാരതത്തിന്റെ അധ്യക്ഷതയ്ക്ക് കീഴില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള എക്കാലത്തെയും വലിയ പങ്കാളിത്തമാണ് ദൃശ്യമായതെന്ന് മാത്രമല്ല, ആഫ്രിക്കന്‍ യൂണിയനെ ജി20 സ്ഥിരാംഗമായി ഉള്‍പ്പെടുത്തുന്നതിനും അത് വഴിയൊരുക്കി.
പരസ്പരബന്ധിതമായ ലോകം എന്നതിലൂടെ അര്‍ഥമാക്കുന്നത് വിവിധ മേഖലകളിലുള്ള നമ്മുടെ വെല്ലുവിളികള്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ഇത് 2030 കാര്യപരിപാടിയുടെ മധ്യവര്‍ഷമാണ്. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതി ശരിയായ ദിശയിലല്ലെന്ന് പലരും വളരെ ആശങ്കയോടെ ഇപ്പോള്‍ ചൂണ്ടിക്കാട്ടുന്നു. സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പുരോഗതി ത്വരിതപ്പെടുത്തുന്നതിനുള്ള ജി20-2023 കര്‍മപദ്ധതി, സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ നടപ്പാക്കുന്നതിനുള്ള ജി20ന്റെ ഭാവിയെ രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കു വഹിക്കും.
ഭാരതത്തില്‍, പ്രകൃതിയുമായി ഇണങ്ങി ജീവിക്കുന്നത് പുരാതന കാലം മുതല്‍ പതിവുള്ളതാണ്. ആധുനിക കാലത്തും കാലാവസ്ഥാ വ്യതിയാനത്തിനെതിരെ സ്വീകരിച്ച നടപടികളില്‍ ഇന്ത്യ അതിന്റെ പങ്കേകുന്നുണ്ട്. ഗ്ലോബല്‍ സൗത്തിലെ പല രാജ്യങ്ങളും വികസനത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ അതിന് പരസ്പര പൂരകമായ പരിശ്രമമായിരിക്കണം. കാലാവസ്ഥാ പ്രവര്‍ത്തനത്തിനുള്ള അഭിലാഷങ്ങള്‍ കാലാവസ്ഥാ ധനവിനിയോഗത്തിലും സാങ്കേതികവിദ്യയുടെ കൈമാറ്റത്തിലുമുള്ള പ്രവര്‍ത്തനങ്ങളുമായി പൊരുത്തപ്പെടണം. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ എന്ത് ചെയ്യാന്‍ പാടില്ല എന്ന തീര്‍ത്തും നിയന്ത്രിതമായ മനോഭാവത്തില്‍ നിന്ന് മാറി, എന്തുചെയ്യാനാകും എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന, കൂടുതല്‍ ക്രിയാത്മകമായ മനോഭാവത്തിലേക്ക് മാറേണ്ടതിന്റെ ആവശ്യകതയുണ്ട്. സുസ്ഥിരവും ഊര്‍ജസ്വലവുമായ മത്സ്യ സമ്പദ്വ്യവസ്ഥയ്ക്കായുള്ള ചെന്നൈ ഉന്നതതല തത്വങ്ങള്‍, നമ്മുടെ സമുദ്രങ്ങളെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ഗ്രീന്‍ ഹൈഡ്രജന്‍ ഇന്നൊവേഷന് സെന്റര്‍ ഉള്‍പ്പടെ സംശുദ്ധവും ഹരിതവുമായ ഹൈഡ്രജനുവേണ്ടിയുള്ള ആഗോള ആവാസവ്യവസ്ഥ ഭാരതത്തിന്റെ അധ്യക്ഷതയില്‍ നിന്ന് ഉയര്‍ന്നുവരും. 2015ല്‍ നാം അന്താരാഷ്ട്ര സൗരസഖ്യത്തിനു തുടക്കമിട്ടു. ഇപ്പോള്‍, ആഗോള ജൈവ ഇന്ധന സഖ്യത്തിലൂടെ, ചാക്രിക സമ്പദ്വ്യവസ്ഥയുടെ നേട്ടങ്ങള്‍ക്ക് അനുസൃതമായി ഊര്‍ജസംക്രമണം സാധ്യമാക്കുന്നതിന് ലോകത്തിന് ഭാരതം പിന്തുണ നല്‍കും. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള നടപടികളെ ജനാധിപത്യവല്‍ക്കരിക്കുക എന്നതാണ് അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടാനുള്ള ഏറ്റവും നല്ല മാര്‍ഗം. ദീര്‍ഘകാല ആരോഗ്യത്തെ അടിസ്ഥാനമാക്കി വ്യക്തികള്‍ അവരുടെ ദൈനംദിന തീരുമാനങ്ങള്‍ എടുക്കുന്നതുപോലെ, ഭൂമിയുടെ ദീര്‍ഘകാല ആരോഗ്യത്തെ ബാധിക്കുന്നത് അടിസ്ഥാനമാക്കി ജനങ്ങള്‍ക്ക് അവരുടെ ജീവിതശൈലിയിലുള്ള തീരുമാനങ്ങളും എടുക്കാന്‍ കഴിയും. ആരോഗ്യത്തിനായുള്ള ആഗോള ബഹുജന പ്രസ്ഥാനമായി യോഗ മാറിയതുപോലെ, ‘ലൈഫ്’ (സുസ്ഥിര പരിസ്ഥിതിക്കായുള്ള ജീവിതശൈലി) പദ്ധതിയിലൂടെ ഭാരതം ലോകത്തിന് ആശ്വാസമേകി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതത്താല്‍, ഭക്ഷണവും പോഷക സുരക്ഷയും ഉറപ്പാക്കുക എന്നത് നിര്‍ണായകമാകും. ചെറുധാന്യങ്ങള്‍ക്ക്, അഥവാ ‘ശ്രീ അന്ന’യ്ക്ക്, കാലാവസ്ഥാനുസൃത കൃഷിയെ ഉത്തേജിപ്പിക്കാനും ഇതില്‍ സഹായമേകാനുമാകും. അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തില്‍, ഞങ്ങള്‍ ചെറുധാന്യങ്ങളെ ആഗോള രുചിയുടെ ഭാഗമാക്കി. ഭക്ഷ്യസുരക്ഷയും പോഷകാഹാരവും സംബന്ധിച്ച ഡെക്കാന്‍ ഉന്നതതല തത്വങ്ങളും ഈ ദിശയില്‍ സഹായകമാണ്.
സാങ്കേതികവിദ്യ പരിവര്‍ത്തനാത്മകമാണ്, എന്നാല്‍ അത് ഏവരെയും ഉള്‍ക്കൊള്ളുന്ന രീതിയിലാകണം. മുന്‍കാലങ്ങളില്‍, സാങ്കേതിക പുരോഗതിയുടെ നേട്ടങ്ങള്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഒരുപോലെ പ്രയോജനം ചെയ്തിട്ടില്ല. സാങ്കേതികവിദ്യയിലൂടെ സങ്കുചിതമായ അസമത്വങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് പകരം, അത് എങ്ങനെ പ്രയോജനപ്പെടുത്താമെന്ന് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഭാരതം തെളിയിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, ബാങ്കിങ് സൗകര്യങ്ങളുമായി ബന്ധപ്പെടാത്തതോ, ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനം ഇല്ലാത്തതോ ആയ ലോകമെമ്പാടുമുള്ള കോടിക്കണക്കിനു പേരെ ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങള്‍(ഡിപിഐ)വഴി സാമ്പത്തികമായി ഉള്‍പ്പെടുത്താനാകും. ഇത്തരത്തില്‍ നാം നിര്‍മിച്ച പരിഹാര മാര്‍ഗങ്ങള്‍ ഇപ്പോള്‍ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നു. വികസ്വര രാജ്യങ്ങളില്‍ സമഗ്ര വളര്‍ച്ചയുടെ ശക്തി കൈവരിക്കുന്നതിനു വേണ്ടി, ഡിജിറ്റല്‍ പൊതു അടിസ്ഥാനസൗകര്യങ്ങള്‍ സാങ്കേതികവിദ്യയുമായി പൊരുത്തപ്പെടുത്താനും നിര്‍മിക്കാനും മാനദണ്ഡമാക്കാനും ഇപ്പോള്‍ ജി20 ലൂടെ സാധ്യമാക്കും.
ഭാരതം അതിവേഗം വളരുന്ന വലിയ സമ്പദ്വ്യവസ്ഥയാണ് എന്നത് യാദൃച്ഛികമല്ല. നമ്മുടെ ലളിതവും കണക്കാക്കാനാകുന്നതും സുസ്ഥിരവുമായ പരിഹാരമാര്‍ഗങ്ങള്‍ ദുര്‍ബലരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും നമ്മുടെ വികസന ഗാഥയ്ക്കു നേതൃത്വം നല്കാന് പ്രാപ്തരാക്കുന്നു. ബഹിരാകാശം മുതല്‍ കായികം, സമ്പദ്വ്യവസ്ഥ, സംരംഭകത്വം തുടങ്ങി വിവിധ മേഖലകളില്‍ ഭാരതവനിതകള്‍ നേതൃത്വം നല്കി. സ്ത്രീകളുടെ വികസനം എന്നതില്‍ നിന്ന് സ്ത്രീകള്‍ നയിക്കുന്ന വികസനം എന്നതിലേക്ക് അവര്‍ ആഖ്യാനം മാറ്റി. ലിംഗപരമായ ഡിജിറ്റല്‍ അന്തരം നികത്തുന്നതിനും തൊഴില്‍ പങ്കാളിത്തത്തിലെ വിടവുകള്‍ കുറയ്ക്കുന്നതിനും സ്ത്രീകള്‍ നേതൃതലത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നതിലും ജി20 അധ്യക്ഷത വഴിയൊരുക്കുന്നു.
ഭാരതത്തെ സംബന്ധിച്ചിടത്തോളം, ജി20 അധ്യക്ഷത എന്നത് കേവലം ഉന്നതതല നയതന്ത്ര ഉദ്യമം മാത്രമല്ല. ജനാധിപത്യത്തിന്റെ മാതാവെന്ന നിലയിലും വൈവിധ്യത്തിന്റെ മാതൃകയെന്ന നിലയിലും അനുഭവങ്ങളുടെ വാതിലുകള്‍ ലോകത്തിന് മുന്നില്‍ തുറന്നുകൊടുക്കുന്നു. ഇന്ന്, വലിയ തോതില്‍ കാര്യങ്ങള്‍ കൈവരിക്കുക എന്നത് ഭാരതവുമായി ബന്ധപ്പെട്ട ഒരു ഗുണമാണ്. ജി20 അധ്യക്ഷതയും ഇതിന് അപവാദമല്ല. അതൊരു ജനകീയ പ്രസ്ഥാനമായി മാറിയിരിക്കുന്നു. നമ്മുടെ കാലാവധി അവസാനിക്കുമ്പോഴേക്കും 60 ഇന്ത്യന്‍ നഗരങ്ങളിലായി 125 രാജ്യങ്ങളില്‍ നിന്നുള്ള ഒരു ലക്ഷം പ്രതിനിധികള്‍ക്ക് ആതിഥേയത്വം വഹിക്കുന്ന 200 ലധികം യോഗങ്ങള്‍ സംഘടിപ്പിക്കും. ഇത്രയും വിശാലവും വൈവിധ്യപൂര്‍ണവുമായ ഭൂമിശാസ്ത്രപരമായ വിസ്തൃതിയെ ഒരധ്യക്ഷ രാജ്യവും ഇതുവരെ ഉള്‍പ്പെടുത്തിയിട്ടില്ല.
ഭാരതത്തിന്റെ ജനസംഖ്യ, ജനാധിപത്യം, വൈവിധ്യം, വികസനം എന്നിവയെക്കുറിച്ച് മറ്റുള്ളവരില്‍ നിന്ന് കേള്‍ക്കുന്നതിനേക്കാള്‍ അവ നേരിട്ട് അനുഭവിക്കുന്നത് തികച്ചും വ്യത്യസ്തമാണ്. നമ്മുടെ ജി20 പ്രതിനിധികള്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തുമെന്ന് എനിക്കുറപ്പുണ്ട്. ഭിന്നതകള്‍ മറികടക്കാനും തടസ്സങ്ങള്‍ ഇല്ലാതാക്കാനും സഹവര്‍ത്തിത്വത്തിന്റെ വിത്തുകള്‍ പാകാനും നമ്മുടെ ജി20 അധ്യക്ഷത ശ്രമിക്കുന്നു. അത് ഭിന്നതയ്ക്ക് മുകളില്‍ ഐക്യം നിലനിര്‍ത്തുന്നു. ഭാഗധേയം പങ്കിടുന്നത് ഒറ്റപ്പെടലിനെ മറികടക്കുന്ന ഒരു ലോകത്തെ പോഷിപ്പിക്കുന്നു. ജി20 അധ്യക്ഷന്‍ എന്ന നിലയില്‍, ഓരോ ശബ്ദവും കേള്‍ക്കുകയും ഓരോ രാജ്യവും സംഭാവന നല്‍കുകയും ചെയ്യുന്നുവെന്ന് ഉറപ്പാക്കി ആഗോള വ്യവസ്ഥിതി വലുതാക്കുമെന്ന് പ്രതിജ്ഞയെടുത്തു. പ്രവര്‍ത്തനങ്ങളും അവയുടെ ഫലങ്ങളും അവലോകനം ചെയ്യുമ്പോള്‍ ആ പ്രതിജ്ഞയുമായി നമ്മള് പൊരുത്തപ്പെട്ടു എന്നതില്‍ എനിക്ക് ശുഭാപ്തിവിശ്വാസമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: