തിരുവനന്തപുരം: മഞ്ഞ പട്ടുടുത്ത് മയില്‍പ്പീലി ചൂടിയ ഉണ്ണിക്കണ്ണന്മാര് ഭക്തിയും സ്നേഹവും പടര്‍ത്തി. അണിഞ്ഞൊരുങ്ങിയ ഗോപികമാര്‍ അഴകു വിടര്‍ത്തി. ദ്വാപര യുഗ സ്മരണകളുണര്‍ത്തുന്ന നിശ്ചലദൃശ്യങ്ങള്‍ കണ്ണിന് ഇമ്പം പകര്‍ന്നു. പുല്ലാങ്കുഴല്‍ നാദങ്ങള്‍ തെരുവുകളില്‍ സംഗീത മഴ ചൊരിഞ്ഞു. ഭജനസംഘങ്ങളും സാംസ്കാരിക സമ്മേളനങ്ങളും വൈവിധ്യമാര്‍ന്ന കലാപരിപാടികളും ജനപഥങ്ങളെ ഭക്തിയുടെ ലഹരിയില്‍ അറാടിച്ചു. സംസ്ഥാനത്തെമ്പാടും ശോഭായാത്ര ഉള്‍പ്പെടെയുള്ള വിവിധ ആഘോഷ പരിപാടികളൊടെയാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചത്. .
‘അകലട്ടെ ലഹരി; ഉണരട്ടെ മൂല്യവും ബാല്യവും’ എന്ന സന്ദേശമുയര്‍ത്തി ബാലദിനമായാണ് ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചത്. ലഹരി ഉപയോഗിക്കില്ലെന്നും, ജീവിതം നശിപ്പിക്കില്ലെന്നും മൂല്യബോധത്തോടെ ജീവിക്കുമെന്നും ജന്മാഷ്ടമി ദിനത്തെ സാക്ഷിയാക്കി പങ്കെടുത്തവര്‍ പ്രതിജ്ഞ എടുത്തു. സംസ്ഥാനത്ത് നഗര, ഗ്രാമ വ്യത്യാസമില്ലാതെ പതിനായിരത്തോളം ശോഭായാത്രകളാണ് നടന്നത്.
പ്രധാന ക്ഷേത്രങ്ങളിലെല്ലാം വിപുലമായ ആഘോഷങ്ങളാണ് നടന്നത്. ശ്രീകൃഷ്ണക്ഷേത്രങ്ങള്‍ ദീപാലങ്കാരത്തിലും ഭക്തിഘോഷങ്ങളിലും നിറഞ്ഞു. കണ്ണനെ സ്തുതിക്കുന്ന കീര്‍ത്തനങ്ങള്‍ മുഴങ്ങി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രത്യേക ചടങ്ങുകള്‍ നടന്നു. ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ പ്രത്യേക ആരാധനകളോടെ ശ്രീകൃഷ്ണ ജയന്തി കൊണ്ടാടി. പ്രസിദ്ധമായ അഷ്ടമിരോഹിണി ആറന്മുള വള്ളസദ്യയില്‍ 42 കരകളില്‍നിന്നുള്ള പള്ളിയോടങ്ങള്‍ പങ്കെടുത്തു.
അധര്‍മ്മങ്ങള്‍ക്കെതിരായ ധര്‍മ്മ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും പ്രതീകമായാണ് ഭക്തജനങ്ങള്‍ ശ്രീകൃഷ്ണ സങ്കല്പത്തെ നെഞ്ചേറ്റുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ശ്രീകൃഷ്ണ ജയന്തിക്ക് ആശംസനേര്‍ന്നുകൊണ്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: