ന്യൂദല്‍ഹി: ജി 20 ഉച്ചകോടിയ്ക്ക് മുമ്പായി അണിഞ്ഞൊരുങ്ങി ദല്‍ഹി. വ്യത്യസ്തങ്ങളായ ചെടികളാണ് രാജ്യതലസ്ഥാനത്തെ മനോഹരമാക്കുന്നത്. പ്രധാനറോഡുകളുടെ വശങ്ങള്, ജങ്ഷനുകള്‍, പ്രധാന കേന്ദ്രങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളാണ് ചെടികള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നത്. പലനിറത്തിലുള്ള പൂക്കള്‍ വിരിഞ്ഞുനില്ക്കുന്നതിനാല് ചൂടുകാലമാണെങ്കിലും ദല്‍ഹിയിലിപ്പോള്‍ വസന്തകാലത്തിന്റെ കാഴ്ചയാണ്.
ന്യൂദല്‍ഹി മുനിസിപ്പല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഹോള്‍ട്ടികള്‍ച്ചറല്‍ വകുപ്പാണ് ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഒരുക്കിയത്. 33 ഭാഗങ്ങളിലായി 42 ലക്ഷം ചെടികളാണ് നട്ടത്. ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷം ചട്ടികളില്‍ ചെടികള്‍ നട്ട് പരിപാലിക്കുകയും സ്ഥാപിക്കുകയും ചെയ്തു. മനോഹരമായ പൂക്കള്‍ ഉള്ള ചെടികള്‍ക്കൊപ്പം ഇലച്ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. വിവിധ ഇനത്തില്‍പെട്ട 83 തരം ചെടികളാണ് നഗരത്തെ മനോഹരമാക്കാനായി നട്ടുപിടിപ്പിച്ചത്.
റോഡിന്റെ വശങ്ങളില് വച്ചിരിക്കുന്ന കൂടുതല്‍ കാലം നിലനില്‍ക്കുന്ന ചട്ടിയിലുള്ള ചെടികള്‍ ജി 20യ്ക്കുശേഷം സ്കൂളുകള്‍, ആശുപത്രികള്‍, മറ്റുസ്ഥാപനങ്ങള്‍, നഴ്സറികള്‍ എന്നിവിടങ്ങളിലേക്ക് മാറ്റാനാണ് ഇപ്പോഴാത്തെ തീരുമാനം. ചെടികള്‍ നനയ്ക്കുന്നതിനും പരിപാലിക്കുന്നതിനുമായി പ്രത്യേക ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിരുന്നു. ന്യൂദല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 20 പ്രതിമകളും 11 ജലധാരകളും സ്ഥാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: