ന്യൂദല്‍ഹി: ഇന്ന് രാജ്യത്ത് ഹിന്ദു വിശ്വാസത്തിന് നേരെയുള്ള ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നത്. കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വരയുടെ ഹിന്ദു വിരുദ്ധ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
ജി. പരമേശ്വരയുടെ പ്രസ്താവന ഞെട്ടിക്കുന്നതാണ്. ഇത് ഹിന്ദു വിശ്വാസത്തിന് നേരെയുള്ള ആസൂത്രിത ആക്രമണത്തിന്റെ പ്രതീകമാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കര്‍ണാടക മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജി. പരമേശ്വര കഴിഞ്ഞ ദിവസമാണ് ഹിന്ദുമതത്തെ അവഹേളിച്ച് പ്രസംഗം നടത്തിയത്.
ഹിന്ദുമതം എപ്പോഴാണ് ഉണ്ടായതെന്നും ആരാണ് മതത്തെ സൃഷ്ടിച്ചതെന്നുമാണ് പൊതുപരിപാടിയില്‍ കര്‍ണാടക ആഭ്യന്തരമന്ത്രി ചോദിച്ചത്. ലോക ചരിത്രത്തില്‍ നിരവധി മതങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ജൈനമതവും ബുദ്ധമതവും ഇവിടെയാണ് ജനിച്ചത്. ഹിന്ദുമതം എപ്പോഴാണ് പിറന്നതെന്നും, ആരാണ് തുടക്കം കുറിച്ചതെന്നത് ഇപ്പോഴും ചോദ്യമാണെന്നും ജി. പരമേശ്വര പറഞ്ഞു.
സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന് നടത്തിയ പ്രസ്താവനയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കണമെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന് പറയുന്നത് സനാതന ധര്‍മ്മവും ഹിന്ദുമതവും ഉന്മൂലനം ചെയ്യുമെന്നാണ്.
ആര്‍ട്ടിക്കിള്‍ 25 ഓരോ ഇന്ത്യന്‍ പൗരനും മതം ആചരിക്കാനുള്ള അവകാശവും ഉറപ്പ് നല്‍കുന്നുണ്ട്. ഉദയനിധി സ്റ്റാലിന്റെ ഈ പ്രസ്താവനയില്‍ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും നിലപാട് വ്യക്തമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഭരണഘടന അവര്‍ക്ക് സൗകര്യപ്രദമായി ഉപയോഗിക്കാനുള്ളതാണ് എന്നാണോ കുടുബാധിപത്യ പാര്‍ട്ടികള്‍ വിശ്വസിക്കുന്നതെന്ന് രാജീവ് ചന്ദ്രശേഖര്‍ ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: