ന്യൂദല്‍ഹി: സെപ്റ്റംബര്‍ 9 മുതല്‍ 10 വരെ നടക്കുന്ന ഉച്ചകോടിയില്‍ പങ്കെടുക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കായി ലോകോത്തര സൗകര്യങ്ങളോടെ മീഡിയ സെന്റര്‍. ഉച്ചകോടി നടക്കുന്ന ഭാരത് മണ്ഡപത്തോട് ചേര്‍ന്നാണ് മീഡിയ സെന്റര്‍. എല്ലാവിധ സൗകര്യങ്ങളോടും കൂടി 2000ത്തിലധികം മാധ്യമ പ്രതിനിധികള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള ശേഷിയുണ്ട്. ഔദ്യോഗിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ എല്ലാ ആഭ്യന്തര, വിദേശ മാധ്യമങ്ങള്‍ക്കും ഇവിടെ സൗകര്യം ഉണ്ടാകും. അംഗീകൃത മാധ്യമ പ്രവര്‍ത്തകര്‍ക്ക് മാത്രമേ മീഡിയ സെന്ററില്‍ പ്രവേശനം അനുവദിക്കൂ..പ്രധാന മാധ്യമ കേന്ദ്രമായ വാര്‍ത്താ സമ്മേളന വേദിക്ക് ഹിമാലയ എന്നാണ് പേരിട്ടിരിക്കുന്നത്.
ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയും പ്രിന്ററും ഉള്ള 1300ലധികം വര്‍ക്ക് സ്റ്റേഷനുകള്‍, ഹൈ സ്പീഡ് വൈഫൈ, ഇന്റര്‍നാഷണല്‍ ബ്രോഡ്കാസ്റ്റിംഗ് സെന്റര്‍ , ചെറിയ മീഡിയ ബൂത്തുകള്‍, അഭിമുഖ സംഭാഷണം നടത്താനുള്ള സൗകര്യം, മീഡിയ ബ്രീഫിംഗ് റൂമുകള്‍,തത്സമയ റിപ്പോര്‍ട്ടിംഗിനായി സ്റ്റാന്‍ഡ്അപ്പ് പൊസിഷന്‍ സംവിധാനം,മീഡിയ വിശ്രമമുറികള്‍, വിവര കിയോസ്കുകള്‍,ഹെല്‍പ്പ് ഡെസ്ക്,മെഡിക്കല്‍ റൂം,വൈവിധ്യമാര്‍ന്ന ഭക്ഷണം, 1400 പാര്‍ക്കിംഗ് സൗകര്യങ്ങള്‍,തുടങ്ങി വിപുലമായ സൗകര്യങ്ങളാണ് മാധ്യമപ്രവര്‍ത്തകര്‍ക്കായി ഒരുക്കിയിട്ടുള്ളത്.
ആര്‍ബിഐയുടെ ഡിജിറ്റല്‍ ഇന്നൊവേഷന് പവലിയന്, ‘ജനാധിപത്യത്തിന്റെ മാതാവ് (വീഡിയോ) പ്രദര്‍ശനം,കേന്ദ്ര ഇലക്ട്രോണിക്സ് ഐടി മന്ത്രാലയത്തിന്റെ ഡിജിറ്റല്‍ ഇന്ത്യ ഇമ്മേഴ്സീവ് എക്സ്പീരിയന്‍സ് പ്രദര്‍ശനം , ഒരു ജില്ല ഒരു ഉല്‍പ്പന്നം പ്രദര്‍ശന വിപണനമേള എന്നിവയിലും മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രവേശനമുണ്ട്.
ലോകമെമ്പാടുമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ഏറ്റവും വലിയ സമ്മേളനമാണ് ജി 20 കാണാന്‍ പോകുന്നതെന്ന് മീഡിയ സെന്ററിലെ ക്രമീകരണങ്ങള്‍ അവലോകനം ചെയ്ത മന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ക്രമീകരണങ്ങള്‍ക്ക് ലോകോത്തര സൗകര്യങ്ങളുണ്ടെന്നും ഇത് നവ ഇന്ത്യയുടെ ശക്തിയെ കാണിക്കുന്നുവെന്നും പറഞ്ഞ ഠാക്കൂര്‍ ലോകമെമ്പാടുമുള്ള മാധ്യമ സാഹോദരങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്യുന്നതായും അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: