പത്തനംതിട്ട: അഷ്ടമിരോഹിണി നാളിലെ ചരിത്രപ്രസിദ്ധമായ ആറന്മുള വള്ളസദ്യ ഇന്ന്. രാവിലെ 11 മണിയോടെയാണ് സദ്യയ്‌ക്ക് തുടക്കം. സദ്യയിൽ പള്ളിയോട കരക്കാരും ഭക്തരും ഉൾപ്പെടെ നിരവധി ആളുകൾ സന്നിഹിതരായിരിക്കും. ക്ഷേത്ര മുറ്റത്തും ഊട്ടുപുരയിലുമായാണ് സദ്യ വിളമ്പുക. സദ്യയ്‌ക്കൊപ്പം വിളമ്പുന്നതിനായി ചേനപ്പാടിക്കാരുടെ പാളത്തൈരുമായി ഇന്നലെ ഘോഷയാത്ര നടന്നിരുന്നു. 300-ഓളം പാചക വിദഗ്ധ ജീവനക്കാരുടെ നേതൃത്വത്തിലാണ് സദ്യ സജ്ജമാക്കിയിരിക്കുന്നത്.
ആറന്മുള വള്ളസദ്യയ്‌ക്ക് പിന്നിൽ നിരവധി ആചാരാനുഷ്ടങ്ങളാണ് പാലിക്കപ്പെടേണ്ടതായി ഉള്ളത്. വഴിപാട് നടത്തുന്നതിനായി പള്ളിയോട കരയിൽ നിന്നും അനുവാദം വാങ്ങുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിന് ശേഷം സദ്യക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കാവുന്നതാണ്. സദ്യയുടെ അന്നേദിവസം വഴിപാട് നടത്തുന്ന ആൾ രാവിലെ ക്ഷേത്രത്തിലെത്തി നിറപറ സമർപ്പിക്കേണ്ടതുണ്ട്. രണ്ട് പറകളിലായാണ് നിറപറ സമർപ്പിക്കേണ്ടത്. ഇതിൽ ഒന്ന് ഭഗവാനും മറ്റൊന്ന് പള്ളിയോടത്തിനുമാണ്.
പള്ളിയോട കടവിൽ നിന്നും പള്ളിയോടത്തെ ആചാരാനുഷ്ടാനമായാണ് യാത്രയാക്കുന്നത്. എന്നാൽ ആരാണോ വഴിപാട് നടത്തുന്നത് അവർ കരമാർഗമാണ് ക്ഷേത്രത്തിലേക്ക് എത്തേണ്ടത്. വഞ്ചിപ്പാട്ടുകളുടെ ഓളങ്ങളിൽ അല തല്ലിയാണ് പമ്പാനദിയിലൂടെ പള്ളിയോടങ്ങൾ ക്ഷേത്രസന്നിധിയിൽ എത്തിച്ചേരുന്നത്. ക്ഷേത്രത്തിന് സമീപമെത്തുന്ന വള്ളത്തെ വിളക്ക്, താലപ്പൊലി, മുത്തുക്കുട എന്നിവയുടെ അകമ്പടിയോടെയാണ് വഴിപാടുകാർ സ്വീകരിക്കുന്നത്.
ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ചതിന് ശേഷം കൊടിമരച്ചുവട്ടിലെത്തും. പറ അർപ്പിച്ചിരിക്കുന്ന സ്ഥലത്തെത്തിയതിന് ശേഷം മുത്തുക്കുടയും ഒരു തുഴയും ആറന്മുള തേവർക്ക് സമർപ്പിക്കും. ഇതിന് ശേഷമാണ് ഊട്ടുപുരയിലേക്ക് നീങ്ങുന്നത്. ഊട്ടുപുരയിലെത്തിയ ശേഷം ഓരോ പാട്ട് പാടിയാണ് വിഭവങ്ങൾ ചോദിക്കുന്നത്. പിന്നാലെ അവയെല്ലാം വഴിപാടുകാരൻ വിളമ്പുന്നതാണ് രീതി. 63 വിഭവങ്ങളടങ്ങിയ സദ്യയാണ് ഇവിടെ വിളമ്പുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: