കൊച്ചി: കേന്ദ്രതപാല്‍ വകുപ്പ് ഗുരുവായൂരിലെ അഷ്ടമിരോഹിണി സുദിനത്തില്‍ ഭഗവദ്ഗീതാ സ്റ്റാമ്പ് പുറത്തിറക്കിയിട്ട് 45 വര്‍ഷം! 1978 ആഗസ്റ്റ് 25 നായിരുന്നു അത്. ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി നാളില്‍ ഗുരുവായൂരപ്പന്റെ ജന്മദിനമാഘോഷിക്കാന് ആയിരക്കണത്തിന് ഭക്തജനങ്ങള്‍ ഗുരുപവനപുരിയില്‍ തിങ്ങിനിറഞ്ഞിരിക്കെയായിരുന്നു സ്റ്റാമ്പിന്റെ പ്രകാശനകര്‍മം. കേന്ദ്ര തപാല്‍ വകുപ്പ് ഭഗവദ്ഗീത ആലേഖനം ചെയ്ത സ്റ്റാമ്പ് പുറത്തിറക്കിയത് അഷ്ടമിരോഹിണി ആഘോഷത്തിന് മാറ്റുകൂട്ടി.
സത്രം ഹാളില്‍ അന്നത്തെ ദേവസ്വം മന്ത്രി കെ.കെ. ബാലകൃഷ്ണന് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ കേന്ദ്ര തപാല്‍വകുപ്പ് ഡയറക്ടര്‍ വി. രാധാകൃഷ്ണന് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി കെ. നാരായണക്കുറുപ്പിന് നല്‍കിയാണ് സ്റ്റാമ്പ് പ്രകാശനം നടത്തിയത്. ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ ടി.സി. ബാലകൃഷ്ണന് നായര്‍, ഭരണസമിതി അംഗം കെ. കുട്ടികൃഷ്ണന്, ഗുരുവായൂര്‍ പൗരാവലിയെ പ്രതിധീകരിച്ച് സി.ജി. നായര്‍ എന്നിവരും ആശംസകള്‍ അര്‍പ്പിച്ചു.
അഷ്ടമിരോഹിണി നാളില്‍ ക്ഷേത്രത്തില്‍ പതിവ് ചടങ്ങുകള്‍ വിശേഷമായി നടക്കാറുണ്ടെങ്കിലും ഭക്തജനസാന്നിദ്ധ്യത്തില് ഇത്തരമൊരു സമ്മേളനം ആദ്യമായിട്ടായിരുന്നു. അതിമനോഹരമായി സ്വര്‍ണലിപികളില്‍ ആലേഖനം ചെയ്ത ഭഗവദ്ഗീത സ്റ്റാമ്പാണ് അന്ന് പ്രകാശനം ചെയ്തത്്. ഗുരുവായൂര്‍ ക്ഷേത്രം മാനേജരായിരുന്ന രാമയ്യര് പരമേശ്വരന്റെ ശേഖരത്തില്‍ ഭഗവദ്ഗീതാ സ്റ്റാമ്പിന്റെ ചിത്രം ഇന്നും ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: