Categories: NewsIndia

ജി 20: അതിഥികളെ സ്വാഗതം ചെയ്ത് 28 അടി ഉയരമുള്ള നടരാജശില്പം

Published by

ന്യൂദല്‍ഹി: ജി 20 ഉച്ചകോടിയ്‌ക്കെത്തുന്ന അതിഥികള്‍ക്ക് സ്വാഗതമോതുക 28 അടി ഉയരമുള്ള നടരാജശില്പം. ഉച്ചകോടിയുടെ വേദിയായ ഭാരതമണ്ഡപത്തിന് മുന്നിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ നടരാജശില്പം സ്ഥാപിച്ചത്. വെങ്കല ശില്‍പങ്ങള്‍ക്ക് പേരുകേട്ട തമിഴ്നാട്ടിലെ തഞ്ചാവൂര്‍ ജില്ലയിലെ സ്വാമിമലൈ പട്ടണത്തില്‍ നിന്നുള്ള അഷ്ട ധാതുക്കള്‍ കൊണ്ടാണ് ശില്പം നിര്‍മ്മിച്ചത്. റോഡുമാര്‍ഗമാണ് ശില്പം ദല്‍ഹിയിലെത്തിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഓഫ് ആര്‍ട്ടാണ് ചോള കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന രൂപത്തിലുള്ള നടരാജവിഗ്രഹം രൂപകല്പന ചെയ്തത്.
സ്വര്‍ണ്ണം, വെള്ളി, ചെമ്പ്, പിച്ചള, ഇരുമ്പ്, മെര്‍ക്കുറി, സിങ്ക് തുടങ്ങിയ അഷ്ടധാതുക്കള്‍ കൊണ്ടാണ് വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. 19 ടണ്‍ ഭാരമാണ് വിഗ്രഹത്തിനുള്ളത്. നടരാജ പ്രതിമയുടെ മാത്രം ഉയരം 22 അടിയാണ്. ആറ് അടി ഉയരമുള്ള പീഠം കൂടി കൂട്ടിച്ചേര്‍ക്കപ്പെടുമ്പോള്‍ ആകെ 28 അടി ഉയരമാവും.
തഞ്ചാവൂര്‍ ജില്ലയിലെ സ്വാമിമലയിലുള്ള ശ്രീ ദേവസേനാപതി ശില്‍പശാലയുടെ നടത്തിപ്പുകാരായ ശ്രീകണ്ഠ സ്ഥപതി, സഹോദരന്മാരായ രാധാകൃഷ്ണ സ്ഥപതി, സ്വാമിനാഥ സ്ഥപതി എന്നിവരാണ് നടരാജവിഗ്രഹം നിര്‍മ്മിച്ചത്. തമിഴ് നാട്ടിലെ പ്രശസ്ത ശില്പിയായിരുന്ന ദേവസേനാപതി സ്ഥപതിയുടെ മക്കളാണ് ഇവര്‍. ശില്‍പികളായ സദാശിവം, ഗൗരിശങ്കര്‍, സന്തോഷ് കുമാര്‍, രാഘവന്‍ എന്നിവരും നിര്‍മ്മാണത്തില്‍ പങ്കാളികളായി. ഇന്ദിരാഗാന്ധി നാഷണല്‍ സെന്റര്‍ ഓഫ് ആര്‍ട്ട് സെന്റര്‍ പ്രസിഡന്റ് ആര്‍തല്‍ പാണ്ഡ്യ, സെന്റര്‍ ഓഫീസര്‍മാരായ ജവഹര്‍ പ്രസാദ്, മനോഗന്‍ ദിക്സാദ് എന്നിവര്‍ ചേര്‍ന്ന് വിഗ്രഹം ഏറ്റുവാങ്ങി റോഡുമാര്‍ഗ്ഗം ദല്‍ഹിയിലേക്ക് എത്തിക്കുകയായിരുന്നു. വിഗ്രഹത്തിന്റെ അവസാനവട്ട മിനുക്കുപണികള്‍ ദല്‍ഹിയില്‍വെച്ച് പൂര്‍ത്തിയാക്കിയാണ് ഭാരതമണ്ഡപത്തിന് മുന്നില്‍ സ്ഥാപിച്ചത്.
ചോള കാലഘട്ടത്തിലെ ചിദംബരം, കോനേരിരാജപുരം, എന്നീ നടരാജന്മാരുടെ മാതൃകയാണ് ഈ പ്രതിമയുടെ നിര്‍മ്മാണത്തില്‍ തങ്ങള്‍ പിന്തുടരുന്നതെന്ന് ശ്രീകണ്ഠസ്ഥപതി പ്രതികരിച്ചിരുന്നു. സ്വാമിമലയില്‍ കാവേരി നദീതീരത്തെ പ്രത്യേകത നിറഞ്ഞ കളിമണ്ണ് കൊണ്ടുണ്ടാക്കിയ വാര്‍പ്പാണ് ഇതിനായി ഉപയോഗിച്ചത്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക