‘എന്റെ മകന് കൃഷ്ണനുണ്ണി
കൃഷ്ണാട്ടത്തിനു പോകേണം
കൃഷ്ണാട്ടത്തിനു പോയാല്‍ പോരാ
കണ്ണനായിത്തീരേണം’
പി.ഭാസ്ക്കരന്‍ ഹൃദയം കൊണ്ടെഴുതിയ ഈ ഗാനത്തില്‍ കേരളത്തിന്റെ അമ്മമനസ്സാണ് പ്രതിഫലിക്കുന്നത്. എല്ലാ അമ്മമാരും മക്കളെ കണ്ണനായി കാണാന്‍ ആഗ്രഹിക്കുന്നു. കണ്ണനെന്നും ഉണ്ണിയെന്നുമൊക്കെ പേരിട്ട് മടിയിലിരുത്തി ലാളിക്കുന്നു. പൊന്നിന്‍കിരീടം ചാര്‍ത്തി, അതില്‍ വര്‍ണ്ണമയില്‍പ്പീലി ചൂടി, ഗോരോചനക്കുറിയും മഞ്ഞത്തുകിലും അണിയിച്ച് അഞ്ജനശ്രീധരവേഷത്തില് തന്റെ കുഞ്ഞിനെ കണ്ണനായൊരുക്കാന് ഉത്സാഹിക്കുന്ന ശോഭായാത്രയുടെ ചാരുദൃശ്യങ്ങള്‍ ഭാസ്ക്കരന്‍മാസ്റ്ററുടെ വരികളിലുണ്ട്.
ഭഗവാന് ശ്രീകൃഷ്ണനെ ലോകമെമ്പാടും ആരാധിക്കുന്നത് പല ഭാവങ്ങളിലും രീതിയിലുമാണ്. ഏതു രീതിയിലായാലും ജനഹൃദയങ്ങളില്‍ ഇത്രയധികം ചിരപ്രതിഷ്ഠ നേടിയ മറ്റൊരു ദൈവസങ്കല്പം ഇല്ല. മഹാകാവ്യങ്ങളിലും, കഥകളിലും, കഥകളിയിലും കവിതകളിലും ചിത്രങ്ങളിലും ഗീതങ്ങളിലും, കീര്‍ത്തനങ്ങളിലും ഇത്രയധികം നിറഞ്ഞുനില്ക്കുന്ന ഭഗവല്‍ സങ്കല്പം ലോകത്തില്‍ തന്നെയില്ല. ജയദേവകവിയുടെ ഗീതഗോവിന്ദം, സുകുമാരകവിയുടെ അഗ്നിപ്രസാദമായ ശ്രീകൃഷ്ണവിലാസം മഹാകാവ്യം, ചെറുശ്ശേരിയുടെ കൃഷ്ണഗാഥ ഉള്‍പ്പടെ ഭഗവാന്റെ വിവിധ ലീലകളും, ഭാവങ്ങളും പ്രകീര്‍ത്തിക്കുന്ന എത്രയോ കൃതികളാണ് രചിക്കപ്പെട്ടിരിക്കുന്നത്. മീരയുടെ ഗിരിധാരി, വില്വമംഗലത്തിന്റേയും, കുറൂരമ്മയുടേയും കുസൃതിക്കണ്ണന്, മേല്‍പ്പത്തൂരിന്റേയും, പൂന്താനത്തിന്റേയും ആനന്ദസ്വരൂപന്, സുഗതകുമാരിയുടെ ശ്യാമസുന്ദരന്‍ എന്നിങ്ങനെ എത്രയെത്ര ഭാവരൂപങ്ങളിലാണ് ഭഗവാന് ഹൃദയം കീഴടക്കുന്നത്!
കേരളത്തില്‍ നമുക്ക് ഭഗവാന് കൃഷ്ണന് ഉണ്ണികൃഷ്ണനാണ്, കണ്ണനാണ്, അമ്പാടി കൃഷ്ണനാണ്. പീലിത്തിരുമുടിയും, ഓടക്കുഴലും ധരിച്ച രൂപത്തിലാണ് നമ്മള് അദ്ദേഹത്തെ കാണാന്‍ ആഗ്രഹിക്കുന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഗ്രഹം ചതുര്‍ബാഹുവായ മഹാവിഷ്ണു ആണ്. തടവറയില്‍ വസുദേവര്‍ക്കും ദേവകിക്കും കാട്ടിക്കൊടുത്ത ദിവ്യരൂപം. പക്ഷേ കേരളീയരെ സംബന്ധിച്ചിടത്തോളം നമുക്കെല്ലാം അദ്ദേഹം ബാലകനായ ഉണ്ണിക്കണ്ണനാണ്. വാത്സല്യത്തോടുകൂടിയ ഭക്തിഭാവമാണ് നമുക്ക് ഭഗവാനോടുളളത്.
ഒരുകാലത്ത് ചുരുക്കം വീടുകളിലും ക്ഷേത്രങ്ങളിലും മാത്രമായി നടത്തിയിരുന്ന അഷ്ടമിരോഹിണി ആഘോഷങ്ങള്‍ ബാലഗോകുലത്തിന്റെ ശോഭായാത്രകളില്ക്കൂടി സമൂഹം മുഴുവനും ആഘോഷിക്കുന്ന ഒരുത്സവമായി മാറിയിരിക്കുന്നു. കേരളത്തിന്റെ പാരമ്പര്യോത്സവങ്ങളായ ഓണവും വിഷുവും തിരുവാതിരയും പോലെ ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളും പൊതു സമൂഹം സര്‍വ്വാത്മനാ സ്വീകരിച്ചു കഴിഞ്ഞു. ശോഭായാത്രകള്‍ നടക്കുന്ന എല്ലാ സ്ഥലങ്ങളിലും അമ്മമാരുടേയും, കുടുംബങ്ങളുടെയും വലിയ പ്രാതിനിധ്യമാണുളളത്. എല്ലായിടത്തും കുട്ടികളെ കൃഷ്ണവേഷം കെട്ടിച്ചും ഗോപികമാരാക്കിയും ശോഭായാത്രകളില്‍ ആവേശപൂര്‍വം പങ്കെടുപ്പിക്കുന്നു. ഉണ്ണിക്കണ്ണന്മാരുടെ ഉറിയടിയും ഗോപികാനൃത്തവുമൊക്കെ ശോഭായാത്രകളെ കൂടുതല്‍ വര്‍ണാഭമാക്കുന്നു. അങ്ങനെ ശ്രീകൃഷ്ണജയന്തി ഇന്ന് കേരളത്തിലെ ഏറ്റവും വലിയ സാംസ്ക്കാരിക്കോത്സവമായി പരിണമിച്ചിരിക്കുന്നു.
ശോഭായാത്രകളില്‍ കൃഷ്ണവേഷം കെട്ടുന്ന ഓരോ കുട്ടിയും കണ്ണനായിത്തീരണമെന്നാണ് അവരുടെ അമ്മമാരെപ്പോലെ ബാലഗോകുലവും ആഗ്രഹിക്കുന്നത്. ഓരോ വീടും അമ്പാടിയാവണം. കണ്ണന്മാരും, രാധമാരും ചേര്‍ന്ന ഗോകുലഗ്രാമങ്ങള്‍ കേരളത്തിലെമ്പാടുമുണ്ടാകണം. പാരമ്പര്യ കൃഷിരീതികളും ഗോപരിപാലനവും പ്രകൃതിപൂജയും അവിടെ നടക്കണം, സന്തോഷവും സമാധാനവും കളിയാടുന്ന സുന്ദരലോകം രൂപപ്പെടണം. മലിനമാകാത്ത മണ്ണും മനസ്സും വേണം. പഞ്ചഭൂതങ്ങളും പഞ്ചേന്ദ്രിയങ്ങളും പരിശുദ്ധമാവണം. വൃന്ദാവനമാതൃകയില്‍ സര്‍വ്വചരാചരങ്ങളും പരസ്പരാശ്രയത്തോടെ ഒരുമിച്ചു പുലരുന്ന ആദര്‍ശനിഷ്ഠമായ ഗ്രാമജീവിതമാണ് ബാലഗോകുലത്തിന്റെ ലക്ഷ്യം.
ബാലഗോകുലം ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ഓരോ വര്‍ഷവും കാലികപ്രസക്തമായ സന്ദേശങ്ങള്‍ മുന്നോട്ടു വയ്ക്കാറുണ്ട്. ഇപ്രാവശ്യത്തെ സന്ദേശം ‘അകലട്ടെ ലഹരി, ഉണരട്ടെ മൂല്യവും ബാല്യവും’ എന്നതാണ്. മൂന്നാം ലോക മഹായുദ്ധത്തെക്കാളും ഭയക്കേണ്ടുന്ന വിപത്താണ് ലഹരിയെന്ന് മാതാഅമൃതാനന്ദമയീദേവിയുടെ നിരീക്ഷണം എത്ര യാഥാര്‍ത്ഥ്യമാണ്! ലഹരിക്ക് അടിമപ്പെടുന്നത് പ്രധാനമായും നമ്മുടെ യുവതലമുറയാണ്. 2047ല്‍ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയാഘോഷിക്കേണ്ടുന്ന, വികസിതഭാരതത്തിന്റെ സ്രഷ്ടാക്കളാകേണ്ട കുട്ടികളെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നത്. അവരെ പലരീതിയില്‍ പ്രലോഭിപ്പിച്ച് ലഹരിയുടെ സര്പ്പലോകത്തേക്കെത്തിക്കുന്നു. വളരെ ചെറിയ പ്രായത്തില്‍ത്തന്നെ ലഹരി പദാര്‍ത്ഥങ്ങള്‍ക്ക് അടിമകളായ കുട്ടികള്‍ മൂലം എത്രയോ കുടുംബങ്ങളാണ് തകര്‍ന്നു പോയിക്കൊണ്ടിരിക്കുന്നത്! എത്രയോ ബാല്യങ്ങള്‍ അക്രമപ്രവര്‍ത്തനങ്ങളിലേക്കും ആത്മഹത്യയിലേക്കും ചെന്നെത്തിയിരിക്കുന്നു. സമൂഹത്തില്‍ ഇന്നു കാണുന്ന ഒട്ടുമിക്ക കുറ്റകൃത്യങ്ങളുടെയും പിറകില്‍ മയക്കുമരുന്നും മൊബൈല്‍ ഫോണുമാണ്.
കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ ഉപയോഗിക്കാനുളള സ്വാതന്ത്ര്യവും, സാമൂഹ്യ മാധ്യമങ്ങളിലെ നിരങ്കുശമായ ഇടപെടലുകളും, മൂല്യച്യുതികള്ക്കുളള ഒരു പ്രധാന കാരണമായി മാറിയിട്ടുണ്ട്. മൊബൈല്‍ ഫോണിന്റെ സൗകര്യങ്ങള്‍ വിസ്മരിക്കുന്നില്ല. വളരെവേഗം കുട്ടികള്‍ക്ക് അവരുടെ ബാല്യം നഷ്ടമാകുന്നു. പാകമാവാതെ അവര്‍ മുതിര്‍ന്നവരായി മാറുന്ന ദുരവസ്ഥ. പരമ്പരാഗതമൂല്യങ്ങളോ, സംസ്കാരമോ സ്വാംശീകരിക്കാന്‍ അവര്‍ക്ക് സാഹചര്യവും അവസരവും കിട്ടുന്നില്ല. നല്ലതും ചീത്തയും തിരിച്ചറിയുന്നതിനു മുന്‍പു തന്നെ അവര്‍ വിശാലവും സ്വതന്ത്രവും പ്രലോഭനച്ചുഴികളുമുള്ള വിവരങ്ങളുടെ സമുദ്രത്തിലേക്ക് എത്തപ്പെടുന്നു. അവിടെ അവര്‍ വഴിതെറ്റിപ്പോകാനുളള സാഹചര്യങ്ങള്‍ വളരെ വലുതാണ്.
ഇന്നു നിലനില്‍ക്കുന്ന അപകടകരമായ ഈ സാഹചര്യത്തില്‍ നിന്ന് നമ്മുടെ ബാലികാ ബാലന്മാരെ രക്ഷിക്കേണ്ടതാണ്. അതിനുളള പരിശീലനം അവര്‍ക്ക് ബാല്യകൗമാരകാലത്ത് ലഭിക്കണം. ബാലഗോകുലം അതിന്റെ പ്രതിവാരക്ലാസ്സുകളിലൂടെ ചെയ്യുന്നത് ഇതാണ്. അതിനായി നാം മാതൃകയാക്കുന്നത് ഭഗവാന് ശ്രീകൃഷ്ണനേയും അദ്ദേഹത്തിന്റെ ജീവിതത്തേയുമാണ്. വിഷമുലയില്നിന്ന് സ്വയം വിമോചനം നേടിയതും വിഷം കലര്‍ന്ന കാളിന്ദിയെ വീണ്ടെടുക്കാന്‍ കാളിയമര്‍ദ്ദനമാടിയതും നമുക്കു മാതൃകയാണ്. ആയിരം വിഷമുഖങ്ങളുമായി സമൂഹത്തെ നശിപ്പിക്കാന്‍ വിജൃംഭിച്ചെത്തുന്ന ആസക്തിയുടെ കാളിയസര്‍പ്പത്തെ മാനസയമുനയില്നിന്ന് പുറത്താക്കാന്‍ കുട്ടികള്‍ക്കു പ്രേരണ ഭഗവാന് ശ്രീകൃഷ്ണനും ഭഗവദ്ഗീതയുമാണ്. കൃഷ്ണാവബോധമുളള ബാല്യകൗമാരങ്ങള്‍ ഉണ്ടാകണം. അവര്‍ക്ക് നല്ല ശീലങ്ങളും, നിഷ്ഠകളും ബാല്യത്തില്‍ തന്നെയുണ്ടാകണം. ബാല്യത്തില്‍ ആര്‍ജിച്ച കാര്യങ്ങള്‍ അവരില്‍ നിന്ന് പെട്ടെന്ന് വിട്ടുപോവുകയില്ല. ‘ചെറുപ്പകാലങ്ങളിലുളള ശീലം മറക്കുമോ മാനുഷനുളള കാലം’ എന്നാണല്ലോ. തെളിഞ്ഞ ലക്ഷ്യബോധവും ഉയര്‍ന്ന ആദര്‍ശനിഷ്ഠയും സ്വായത്ത മാക്കിയ വ്യക്തികള്‍ രാഷ്ട്രത്തിന്റെ സമ്പത്താണ്. നമ്മുടെ ബാല്യം അമ്പാടിക്കഥകള്‍ കേട്ടുവളരട്ടെ. ഹരിനാമകീര്‍ത്തനവും ജ്ഞാനപ്പാനയും അവരുടെ നാവുകളില്‍ ഉണരട്ടെ. സഹപാഠികള്‍ക്കു സ്നേഹം കൊടുത്തും സഹോദരിമാരുടെ മാനം കാത്തും അവര്‍ വളരട്ടെ. ഹരിനാമലഹരി നുകര്‍ന്നവര്‍ ഒരിക്കലും കലിമലലഹരികള്ക്ക് അടിമപ്പെടുകയില്ല. നാമം ജപിച്ചു വളര്‍ന്നവര്‍ നാടു നശിപ്പിക്കുന്നവരാവില്ല.
ഇത്തവണത്തെ ശ്രീകൃഷ്ണജയന്തി സന്ദേശം കൂടുതല്‍ ഹൃദയങ്ങളിലേക്കെത്തേണ്ടതുണ്ട്. അതിനുതകുന്ന തരത്തിലുളള പ്രവര്‍ത്തനമാണ് സമൂഹത്തില്‍നിന്നു പ്രതീക്ഷിക്കുന്നത്. സുവര്‍ണ്ണജയന്തി ആഘോഷിക്കാനൊരുങ്ങുന്ന ബാലഗോകുലത്തിന്റെ സ്നേഹസ്പര്‍ശം എല്ലാ വീടുകളിലേക്കും ചെന്നെത്തണം. അതിന് ഗോകുലങ്ങളുടെ സംഖ്യയില്‍ വലിയൊരു വര്‍ദ്ധന ഉണ്ടാകണം. ഇനിയും ചെന്നെത്താന്‍ സാധിക്കാത്ത ഇടങ്ങളില്‍ ഗോകുലപ്രവര്‍ത്തനം ആരംഭിക്കണം. അതിനുകൂടിയുളള ഉപാധിയായി മാറേണ്ടതുണ്ട് ഈ വര്‍ഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍. തീര്‍ച്ചയായും ഭഗവാന് നമ്മോടൊപ്പമുണ്ടാകും. അദ്ദേഹം നമുക്കു കാണിച്ചുതന്ന ‘ധര്‍മ്മസംസ്ഥാപനം’ തന്നെയാണ് ഓരോ ബാല്യത്തിന്റെയും ലക്ഷ്യം. കണ്ണന്റെ പിറന്നാളിന് കിങ്ങിണി കെട്ടിയൊരുങ്ങുമ്പോള്‍ ഓരോ ഹൃദയത്തിലും ശുഭപ്രതീക്ഷയുടെ പുത്തന്‍ കടമ്പുകള്‍ പൂത്തുലയട്ടെ.
ശ്രീകൃഷ്ണ ജയന്തി സന്ദേശത്തോടൊപ്പം ചൊല്ലുന്ന പ്രതിജ്ഞ
”ജീവിതം ഈശ്വരന് എനിക്കു നല്കിയ സമ്മാനമാണ്. എന്റെ നാടിന്റെ മുന്നേറ്റമാണ് എന്റെ ലക്ഷ്യം. വഴിതെറ്റിക്കാന്‍ വരുന്ന ലഹരി വിപത്തുകളെ ഞാന്‍ തിരിച്ചറിയുന്നു. അതിന് ഇരയായിത്തീരാന്‍ ഞാന്‍ തയ്യാറല്ല. ഭഗവാന് ശ്രീകൃഷ്ണനെ ആദര്‍ശമായി സ്വീകരിച്ച് വീടിനും, നാടിനും ഞാന്‍ വെളിച്ചമായി മാറും. ലഹരി ഉപയോഗിക്കില്ലെന്നും, ജീവിതം നശിപ്പിക്കില്ലെന്നും മൂല്യബോധത്തോടെ ജീവിക്കുമെന്നും ജന്മാഷ്ടമി ദിനത്തെ സാക്ഷിയാക്കി ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: